Advertisment

വൈറൽ ചിത്രത്തിൽ വാക്‌സീൻ സ്വീകരിക്കുന്നത് കേന്ദ്രമന്ത്രി നിര്‍മല സീതാരാമനല്ല; അജ്‌മീറിലെ ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളേജിൽ ജോലിചെയ്യുന്ന ഒരു ഹെൽത്ത്‌ വർക്കർ ആണ് !

New Update

കോവിഡ് -19 വാക്സിനേഷന്റെ രണ്ടാം ഘട്ടം ഇന്ത്യയിൽ മാർച്ച്‌ ഒന്നിന് ആരംഭിച്ചിരുന്നു. ഇതിനെത്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ തുടങ്ങി ഒട്ടേറെ നേതാക്കൾ ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ചു.

Advertisment

publive-image

എന്നാൽ കെ.കെ ശൈലജ, ധരിച്ചിരിക്കുന്ന ബ്ലൗസിന്‌‌ മുകളിലൂടെ വാക്സീന്‍ സ്വീകരിക്കുന്നു എന്ന മട്ടില്‍ ഒരു ചിത്രം ഇതിനിടെ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകയുണ്ടായി. മന്ത്രി വാക്സീന്‍ സ്വീകരിക്കുന്നതിന് മുമ്പോ ശേഷമോ മാധ്യമങ്ങൾക്ക് വേണ്ടി എടുത്ത ചിത്രമാകാം ഇത്. എന്നാൽ, ഈ ചിത്രം വിവാദമായതോടെ ചിത്രത്തിനെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി ആരോഗ്യമന്ത്രി ഒരു ഫേസ്ബുക് പോസ്റ്റ്‌ കുറിച്ചിരുന്നു.

"ഇഞ്ചക്ഷന്‍ എടുക്കുമ്പോള്‍ സാരി കൊണ്ട് മറയും എന്ന് അറിയായ്കയല്ല. കിട്ടിയത് ആയുധമാക്കാമോ എന്ന് നോക്കിയതാണ്. വാക്‌സീന്‍ എടുക്കാന്‍ ആര്‍ക്കെങ്കിലും മടിയുണ്ടെങ്കില്‍ അവരെ പ്രേരിപ്പിക്കുന്നതിനാണ് മന്ത്രിമാരും മറ്റും വാക്‌സീന്‍ എടുക്കുന്ന വാര്‍ത്ത കൊടുക്കുന്നത്. ഏതു നല്ലകാര്യത്തെയും പരിഹസിക്കാന്‍ ചുമതലയെടുത്തവരോട് സഹതാപമേയുള്ളു.” മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

എന്നാൽ ഇപ്പോൾ മന്ത്രിക്ക് മറുപടിയുമായി സാരി ധരിച്ച ഒരു സ്ത്രീ വാക്‌സിനേഷൻ എടുക്കുന്നതിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ ഒട്ടേറെ പേർ പങ്കുവെക്കുന്നുണ്ട്. ചിത്രത്തിൽ കാണുന്ന സത്രീ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനാണെന്നും അവർക്ക് സാരി ധരിച്ചു വാക്‌സീൻ എടുക്കാമെങ്കിൽ ശൈലജ ടീച്ചർക്ക്‌ എന്തുകൊണ്ട് കഴിയില്ല എന്നുമാണ് പ്രചരിക്കുന്ന പോസ്റ്റുകളിലെ വാദം.

അത്തരം ഒരു ചിത്രത്തിനൊപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ, "ഇത് ഇന്ത്യയുടെ ഫിനാൻസ് മിനിസ്റ്റർ... ഇവരും സ്ത്രീയാണ്, അമ്മയാണ് ... സാരിയാണ് ഉടുത്തിരിക്കുന്നതും ഇവർക്കുള്ളത് തന്നെ അല്ലെ സീച്ചർക്കും ഉള്ളത്. ഇനിപ്പോ എക്സ്രാ ഫിറ്റിങ്സ് വല്ലോം കാണുവോ!? ആരൊക്കെ ന്യായികരിച്ചാലും ഇന്നലെ ഉറങ്ങാത്തമ്മ കാണിച്ചത് വെറും ഷോ മാത്രം ആണ്."

എന്നാൽ ചിത്രത്തോടൊപ്പമുള്ള വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. ചിത്രത്തിലുള്ളത് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനല്ല, മറിച്ച് അജ്‌മീറിലെ ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളേജിൽ ജോലിചെയ്യുന്ന ഒരു ഹെൽത്ത്‌ വർക്കർ ആണ്.

ജനുവരി 16ന് വാക്‌സീൻ സ്വീകരിച്ച ഇന്ത്യയിലെ ആരോഗ്യ പ്രവർത്തകരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി Gulf News പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ ഇപ്പോൾ പ്രചാരത്തിലുള്ള ചിത്രം കാണാം. റിപ്പോർട്ട്‌ പ്രകാരം ചിത്രത്തിൽ കാണുന്ന സ്ത്രീ അജ്‌മീറിലെ ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളേജിൽ ജോലിചെയ്യുന്ന ഒരു ഹെൽത്ത്‌ വർക്കർ ആണ്. ചിത്രം പകർത്തിയത് ഇന്ത്യൻ വാർത്ത ഏജൻസി പ്രെസ്സ് ട്രസ്റ്റ്‌ ഓഫ് ഇന്ത്യയാണ് (PTI).

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ വാക്‌സീൻ സ്വീകരിച്ചത് മാർച്ച്‌ 4നാണ്. മന്ത്രി വാക്‌സീൻ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങൾ നിരവധി ദേശീയ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. അതിനാൽ, പ്രചാരത്തിലുള്ള ചിത്രത്തിലെ സ്ത്രീ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അല്ല എന്ന കാര്യം ഉറപ്പാണ്.

NIRMALA SEETHARAMAN covid 19 vaccination
Advertisment