Advertisment

ഐസക്കിനും സുധാകരനും മൂന്നു ടേം നിബന്ധനയില്‍ ഇളവ് നല്‍കണമെന്ന് സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വം ! ഇരുവരും മത്സരിക്കേണ്ടത് വിജയ സാധ്യത മുന്‍നിര്‍ത്തിയെന്ന് ജില്ലാ സെക്രട്ടറിയേറ്റ്. സംസ്ഥാന നേതൃത്വം സമ്മതിച്ചാല്‍ സുധാകരന്‍ ഏഴാം തവണയും ഐസക് അഞ്ചാം തവണയും മത്സരിക്കും. അരൂരില്‍ മനു സി പുളിക്കന്‍, ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ എന്നിവര്‍ മത്സരിച്ചേക്കും. കായംകുളത്ത് പ്രതിഭയുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു

New Update

publive-image

Advertisment

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മന്ത്രിമാരായ തോമസ് ഐസക്കിനും ജി സുധാകരനും ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വം. മൂന്ന് ടേം നിബന്ധന തോമസ് ഐസക്കിന്റെയും സുധാകരന്റെയും കാര്യത്തില്‍ വേണ്ടെന്നും ഇരുവരുടെയും വിജയസാധ്യത പരിഗണിക്കണമെന്നുമാണ് ജില്ലാ നേതൃത്വത്തിന്റെ ആവശ്യം.

സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ജില്ലാ നേതൃത്വം ഇക്കാര്യം ആവശ്യപ്പെട്ടത്. ആറു സീറ്റുകളിലെ സ്ഥാനാര്‍ഥി ചര്‍ച്ചകളാണ് നടന്നത്. അതില്‍ തോമസ് ഐസക്കിന്റെയും സുധാകരന്റെയും കാര്യം തന്നെയാണ് പ്രധാന ചര്‍ച്ചാവിഷയം.

ഇരുവര്‍ക്കും അവസരം നല്‍കണമെന്ന ആവശ്യത്തില്‍ ജില്ലാ നേതൃത്വം ഒറ്റക്കെട്ടാണ്. ഇളവ് നല്‍കണമെന്ന ആവശ്യം സംസ്ഥാന നേതൃത്വം അംഗീകരിച്ചാല്‍ ജി സുധാകരന്‍ ഏഴാം തവണയും തോമസ് ഐസക്ക് അഞ്ചാം തവണയും മത്സരരംഗത്തുണ്ടാകും.

കായംകുളം, മാവേലിക്കര, അരൂര്‍ മണ്ഡലങ്ങള്‍ ആര് എന്നത് സംബന്ധിച്ച ചര്‍ച്ചകളും തുടരുകയാണ്. ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ തന്നെ മത്സരിക്കുമെന്നാണ് ധാരണയായിട്ടുള്ളത്. മാവേലിക്കരയില്‍ ആര്‍ രാജേഷിനെ മത്സരിപ്പിക്കാന്‍ സാധ്യതയുണ്ട്.

പക്ഷേ കായംകുളത്ത് യു പ്രതിഭ വേണ്ടെന്ന് ഒരു വിഭാഗം വാദിക്കുന്നുണ്ട്. അതല്ല പ്രതിഭയ്ക്ക് ഒരവസരം കൂടി വേണമെന്നും ചിലര്‍ ആവശ്യപ്പെട്ടു. ഇക്കാര്യവും സംസ്ഥാന നേതൃത്വത്തിന് വിട്ടേക്കും. അരൂരില്‍ മനു സി പുളിക്കനെ മത്സരിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്നാണ് സൂചന.

alappuzha news
Advertisment