Advertisment

'മമത അവസരവാദി, സഹായം വേണ്ട'; തുറന്നടിച്ച് അധീര്‍ രഞ്ജന്‍ ചൗധരി

കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാണ്. പശ്ചിമ ബംഗാളില്‍ 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും തമ്മിലുള്ള സീറ്റ് പങ്കിടല്‍ പ്രതീക്ഷിച്ചിരുന്നു.

New Update
arc mamatha.jpg

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ അവസരവാദിയെന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. മമതയുടെ സഹായമില്ലാതെ പാര്‍ട്ടി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പശ്ചിമ ബംഗാളിലെ 42 ലോക്‌സഭാ സീറ്റുകളിലും തൃണമൂല്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന.  'മമതയുടെ സഹായത്തോടെ ഞങ്ങള്‍ തിരഞ്ഞെടുപ്പിനെ നേരിടില്ല. കോണ്‍ഗ്രസിന് സ്വന്തം ശക്തിയില്‍ എങ്ങനെ പോരാടണമെന്ന് അറിയാം. കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് ബംഗാളില്‍ അധികാരത്തിലെത്തിയത് എന്ന് മമത ബാനര്‍ജി ഓര്‍ക്കണം,' അദ്ദേഹം പറഞ്ഞു.

Advertisment

ശനിയാഴ്ചയും പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ചൗധരി ഇന്ത്യാ മുന്നണി പങ്കാളിയായ തൃണമൂല്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ചിരുന്നു. തൃണമൂലിനെ താന്‍ മുമ്പ് പരാജയപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ സീറ്റ് പങ്കിടല്‍ സംബന്ധിച്ച് ഇരു പക്ഷവും തമ്മില്‍ വാക്പോര് ഇതാദ്യമായല്ല. ബംഗാളില്‍ കോണ്‍ഗ്രസിന് തൃണമൂല്‍ രണ്ട് സീറ്റ് വാഗ്ദാനം ചെയ്തെന്ന വാര്‍ത്തയ്ക്ക് പിന്നാലെയായിരുന്നു ഇത്. സീറ്റിനായി കോണ്‍ഗ്രസ് യാചിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാണ്. പശ്ചിമ ബംഗാളില്‍ 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും തമ്മിലുള്ള സീറ്റ് പങ്കിടല്‍ പ്രതീക്ഷിച്ചിരുന്നു. ഇതിനിടെയാണ് പാര്‍ട്ടിയുടെ മുന്‍നിര നേതാക്കള്‍ തമ്മില്‍ വാക്പോര് കടുക്കുന്നത്. സീറ്റ് വിഭജനത്തെച്ചൊല്ലി ഇന്ത്യാ മുന്നണിയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനിടെയാണ്  മമതാ ബാനര്‍ജിക്കെതിരെ അധിര്‍ രഞ്ജന്‍ ചൗധരി രംഗത്തെത്തിയത്. മമത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സേവിക്കുന്ന തിരക്കിലാണ്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ മമത ആഗ്രഹിക്കുന്നില്ലെന്നും പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക്  മത്സരിക്കുമെന്നും ചൗധരി പറഞ്ഞു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ ടിഎംസി വാഗ്ദാനം ചെയ്തതിനെ കുറിച്ച് ചോദിച്ചതിനായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം. 

'ഞങ്ങള്‍ ഭിക്ഷ ചോദിച്ചില്ല. മമത ബാനര്‍ജി തന്നെ പറഞ്ഞു, അവര്‍ക്ക് സഖ്യം വേണമെന്ന്. ഞങ്ങള്‍ക്ക് മമത ബാനര്‍ജിയുടെ കാരുണ്യം ആവശ്യമില്ല. ഞങ്ങള്‍ക്ക് സ്വന്തമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കാം. പ്രധാനമന്ത്രി മോദിയെ സേവിക്കുന്ന തിരക്കിലായതിനാല്‍ മമത ബാനര്‍ജി യഥാര്‍ത്ഥത്തില്‍ ഒരു സഖ്യം ആഗ്രഹിക്കുന്നില്ല', ചൗധരി പറഞ്ഞു. സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാന്‍ സംസ്ഥാനത്തെ പ്രബല പാര്‍ട്ടിയെ അനുവദിക്കണമെന്നാണ് ടിഎംസി വിശ്വസിക്കുന്നത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പും സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പും ഉള്‍പ്പെടുന്ന വ്യക്തമായ ഫോര്‍മുലയുടെ അടിസ്ഥാനത്തിലാണ് സീറ്റ് പങ്കിടല്‍ സംഖ്യയെന്നും വൃത്തങ്ങള്‍ പറയുന്നു. 

 

mamata banerjee adhir ranjan choudhary
Advertisment