Advertisment

സ്ത്രീധനം ക്രൂരമായ നടപടി, ഷഹനയുടെ മരണത്തിൽ അതിയായ ദുഃഖമുണ്ടെന്ന് ഗവര്‍ണര്‍

സ്ത്രീധനത്തിനെതിരെ ശക്തമായ നടപടി വേണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

New Update
arif muhammed khan



തിരുവനന്തപുരം: സ്ത്രീധനം ക്രൂരമായ നടപടിയെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഷഹനയുടെ മരണത്തില്‍ അതിയായ ദുഃഖമുണ്ട്. സമൂഹത്തിലെ ഏറ്റവും വലിയ തിന്മയാണ് സ്ത്രീധനം. സ്ത്രീധനത്തിനെതിരെ ശക്തമായ നടപടി വേണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. അതേസമയം കേരളത്തില്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന ആവശ്യം സംബന്ധിച്ച് പരിശോധിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

Advertisment

സ്ത്രീധന പ്രശ്നത്തെ തുടര്‍ന്ന് വിവാഹം മുടങ്ങിയതിലുള്ള മനോവിഷമത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ പിജി വിദ്യാര്‍ഥിനി ഡോ.ഷഹാന ആത്മഹത്യ ചെയ്തത്. എല്ലാവര്‍ക്കും പണമാണ് വലുതെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ ഷഹന എഴുതിയത്. ജൂനിയര്‍ ഡോക്ടര്‍ റുവൈസുമായി ഷഹന പ്രണയത്തിലായിരുന്നു. വിവാഹക്കാര്യം വന്നപ്പോള്‍ റുവൈസിന്റെ പിതാവ് സ്ത്രീധനം ആവശ്യപ്പെടുകയും റുവൈസ് പിതാവിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കുകയും ചെയ്തതോടെ വിവാഹം മുടങ്ങി. ഇതില്‍ മനംനൊന്താണ് ഷഹന ആത്മഹത്യ ചെയ്തതെന്നാണ് ഇതുവരെ ലഭിച്ച വിവരം. സംഭവത്തില്‍ റുവൈസിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ശുപാര്‍ശ ചെയ്യണമെന്ന് ആവശ്യത്തില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ് ഗവര്‍ണര്‍. അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കണമെന്ന് ചീഫ് സെക്രട്ടറിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആര്‍ എസ് ശശികുമാറിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചീഫ് സെക്രട്ടറി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യണമെന്നാണ് ആവശ്യം.

 

arif muhammed khan shahana death ruvais
Advertisment