Advertisment

ആറു തവണ സമയം നീട്ടിയിട്ടും നിയമസഭ ഇ- സഭയാവുന്ന പണി ഇഴയുന്നു. എതിർപ്പുമായി സ്പീക്കർ എ.എൻ.ഷംസീർ. ഇഴച്ചിലിന്റെ കാരണം പഠിക്കാൻ ഐ.ടി സെക്രട്ടറിയുടെ സമിതിയെ നിയോഗിച്ച് സർക്കാർ. കരാർ ഊരാളുങ്കലിനായതിനാൽ കടുത്ത നടപടിയെടുക്കാതെ സർക്കാർ. നിയമസഭ കടലാസ് രഹിതമാവുന്നത് ഇനിയും വൈകും.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സ്പീക്കർ പി.ശ്രീരാമകൃഷ്ണനാണ് പദ്ധതി നടത്തിപ്പിന് തുടക്കമിട്ടത്.

New Update
niyamasbha

തിരുവനന്തപുരം: രാജ്യത്തിന് മാതൃകയായി സമ്പൂർണമായി കടലാസ് രഹിത സഭയായി കേരള നിയമസഭ മാറുന്നത് ഇഴയുന്നു.  ഇ-നിയമസഭ പദ്ധതി പ്രവർത്തനങ്ങൾ നീണ്ടുപോകാനുള്ള കാരണങ്ങൾ പരിശോധിക്കാൻ സമിതിയെ നിയോഗിച്ചിരിക്കുകയാണ് സർക്കാർ. ഇ-സഭ ഇഴഞ്ഞുനീങ്ങുന്നതിൽ സ്പീക്കർ എ.എൻ.ഷംസീർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഐ.ടി ആൻഡ് ഇലക്ട്രോണിക്സ് വിഭാഗം പ്രിൻസിപ്പൽ സെക്രട്ടറി രത്തൻഖേൽക്കറുടെ നേതൃത്വത്തിൽ ആറംഗ സമിതിയാണ് ഇ-സഭ ലക്ഷ്യം കാണാത്തത് പഠിക്കുക.

Advertisment

നിയമസഭയെ ഇ-സഭയാക്കാനുള്ള കരാറെടുത്തത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്രിയാണ്. അതിനാൽ സർക്കാരിന് അവർക്കെതിരേ കടുത്ത നടപടിയെടുക്കാനും കഴിയുന്നില്ല. പദ്ധതി നീണ്ടുപോകുന്നതിനെക്കുറിച്ച് സ്പീക്കർ എ.എൻ.ഷംസീർ സർക്കാരിന് കത്ത് നൽകിയിരുന്നു.  രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന രത്തൻഖേൽക്കർ രണ്ടുദിവസം മുമ്പാണ് മടങ്ങിയെത്തിയത്. അടുത്ത ദിവസം തന്നെ കമ്മിറ്റി അംഗങ്ങളെ നിശ്ചയിച്ച് പഠനം തുടങ്ങും.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സ്പീക്കർ പി.ശ്രീരാമകൃഷ്ണനാണ് പദ്ധതി നടത്തിപ്പിന് തുടക്കമിട്ടത്. നിയമസഭയുടെ എല്ലാ പ്രവർത്തനങ്ങളും ഓൺലൈനാക്കുകയായിരുന്നു ലക്ഷ്യം. 52 കോടിയാണ് പദ്ധതിക്ക് വകയിരുത്തിയത്. 2019 ഏപ്രിലിൽ തുടങ്ങി 2020 ജൂണിൽ തീർക്കാനായിരുന്നു കരാർ. 15 മാസത്തിൽ തീരേണ്ട ജോലിയാണ് നാലുവർഷമായിട്ടും നീണ്ടുപോകുന്നത്. സമയബന്ധിതമായി കരാർ ജോലികൾ തീർക്കുന്നതിൽ മികവ് കാട്ടുന്ന സ്ഥാപനമാണ് ഊരാളുങ്കൽ.

ആറു തവണ സർക്കാർ ഇനിയമസഭ പദ്ധതിക്ക് സമയം നീട്ടി നൽകി. നിശ്ചിത സമയത്ത് തീർത്തില്ലെങ്കിൽ നഷ്ടപരിഹാരം ഈടാക്കാൻ കരാറിലൊട്ടു വ്യവസ്ഥയുമില്ല. സെപ്തംബറിൽ ജോലികൾ തീർക്കാമെന്ന് നൽകിയ ഉറപ്പ് പാലിക്കാതിരിക്കുകയും വീണ്ടും കാലാവധി നീട്ടി ചോദിക്കുകയും ചെയ്തതോടെയാണ് സ്പീക്കർ അതൃപ്തി പ്രകടിപ്പിച്ചതും സർക്കാരിന് കത്തു നൽകിയതും. 13 കോടി രൂപ കരാർ കമ്പനിക്ക് മുൻകൂറായി അനുവദിച്ചിരുന്നു. ഇതിൽ 11 കോടി ചെലവിട്ട് കമ്പ്യൂട്ടറും ഹാർഡ് വെയറും വാങ്ങുകയും ചെയ്തു. ഇതിൽ പല ഉകരണങ്ങളുടെയും വാറന്റി കാലാവധി കഴിഞ്ഞു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പിഹാൾ നവീകരിക്കാനും ഗ്രൗണ്ട് ഫ്ളോറിലെ ഒഴിഞ്ഞു കിടന്ന സ്ഥലങ്ങൾ ഡൈനിംഗ് ഹാളാക്കി മാറ്റാനുമുൾപ്പെടെയുള്ള നിർമാണ ജോലികളുടെ കരാറും ടെണ്ടറില്ലാതെ തന്നെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്രീവ് സൊസൈറ്രിക്കാണ് നൽകിയത്.

niyamasabha thiruvananthapuam
Advertisment