Advertisment

ലാവലിൻ കേസ് വീണ്ടും സുപ്രീംകോടതിയിൽ; ഇത് വരെ മാറ്റിവെച്ചത് 35 തവണ

ജസ്റ്റിസ് സിടി രവികുമാര്‍ പിന്മാറിയതോടെയാണ് കേസ് പുതിയ ബെഞ്ചിലേക്ക് മാറ്റിയത്. ഹൈക്കോടതിയില്‍ ഇതേ കേസില്‍ വാദം കേട്ടിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സിടി രവികുമാര്‍ പിന്മാറിയത്.

New Update
supreme court pinarayi

എസ്.എന്‍.സി ലാവലിന്‍ കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നു. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് കേസ് ചൊവ്വാഴ്ച പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെയാണ് ഹര്‍ജി. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ നാല് ബെഞ്ചുകളിലായി 35 തവണയാണ് കേസ് ലിസ്റ്റ് ചെയ്യപ്പെടുന്നത്. 

Advertisment

ജസ്റ്റിസ് സിടി രവികുമാര്‍ പിന്മാറിയതോടെയാണ് കേസ് പുതിയ ബെഞ്ചിലേക്ക് മാറ്റിയത്. ഹൈക്കോടതിയില്‍ ഇതേ കേസില്‍ വാദം കേട്ടിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സിടി രവികുമാര്‍ പിന്മാറിയത്. ജസ്റ്റിസ് സൂര്യകാന്തിന് പുറമെ, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് ഉജ്ജല്‍ ഭുവിയാന്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. കഴിഞ്ഞ സെപ്റ്റംബറിലും കേസ് പരിഗണനയ്ക്ക് എത്തിയെങ്കിലും സിബിഐക്ക് വേണ്ടി ഹാജരാകുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു മറ്റൊരു കേസിന്റെ തിരക്കിലായതിനാല്‍ കേസ് മാറ്റുകയായിരുന്നു. 

പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എന്‍.സി. ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്. കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ നടപടിക്ക് എതിരെയുള്ള  സിബിഐയുടെ അപ്പീലും, ഹൈക്കോടതി വിചാരണ നേരിടണമെന്ന് പറഞ്ഞ മൂന്ന് പ്രതികളുടെ ഹര്‍ജിയുമാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. നേരത്തെ പലതവണയായി സിബിഐ ഉള്‍പ്പടെ ആവശ്യപ്പെട്ടതിന്റെ ഫലമായാണ് കേസ് നീട്ടിവച്ചത്. 

2017 ഓഗസ്റ്റ് 23നാണ് ലാവ്ലിന്‍ കേസില്‍ പിണറായി വിജയന്‍, മുന്‍ ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി കെ. മോഹന ചന്ദ്രന്‍, ഊര്‍ജ്ജ വകുപ്പ് ജോയിന്റെ സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കി വിധി പുറപ്പെടുവിച്ചത്. 2017 ഡിസംബറിലാണ് മൂന്ന് പേരെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയതിനെതിരെ സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്. 

 

supreme court cm pinarayi vijayan snc lavalin case
Advertisment