Advertisment

നിയമപരമായി സ്ഥാപിക്കപ്പെട്ട സംവിധാനമായ സെബിയെ സംശയിക്കുന്നതെങ്ങനെ? അദാനി ഗ്രൂപ്പിനെതിരെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉന്നയിച്ച ആരോപണള്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ വിധി പറയുന്നത് മാറ്റിവച്ചു, സെബി അന്വേഷണത്തില്‍ സംശയിക്കേണ്ടതില്ല: സുപ്രീം കോടതി

നിലവിലെ വിദഗ്ധ സമിതിയെയും സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അന്വേഷണത്തെയും സംശയിച്ച ഹര്‍ജിക്കാരുടെ നിലപാടിനെയും കോടതി ചോദ്യം ചെയ്തു.

New Update
supreme court sebi.jpg

അദാനി ഗ്രൂപ്പിനെതിരെ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉന്നയിച്ച ആരോപണള്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ വിധി പറയുന്നത് സുപ്രീം കോടതി മാറ്റിവച്ചു. സംശയകരമായ ഇടപാടുകള്‍ ഉണ്ടെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെക്കുറിച്ച് അന്വേഷിക്കാന്‍ പുതിയ സമിതി വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച്. അദാനി-ഹിന്‍ഡന്‍ബര്‍ഗ് അന്വേഷണത്തില്‍ സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്കെതിരെ (സെബി) ഉന്നയിച്ച ആരോപണങ്ങളില്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അതൃപ്തി രേഖപ്പെടുത്തി.

Advertisment

'സ്റ്റോക്ക് മാര്‍ക്കറ്റ് കൃത്രിമത്വം അന്വേഷിക്കാന്‍ മാത്രം ചുമതലപ്പെടുത്തിയിട്ടുള്ള ഒരു നിയമപരമായ സ്ഥാപനമാണ് സെബി. ശരിയായ വസ്തുക്കളൊന്നുമില്ലാത്ത കോടതി സെബിയെ ഞങ്ങള്‍ക്ക് വിശ്വാസമില്ലെന്നും ഞങ്ങള്‍ സ്വന്തമായി എസ്‌ഐടി രൂപീകരിക്കുമെന്നും പറയുന്നത് ശരിയാണോ?,'' ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിനോട് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഹര്‍ജിക്കാരിയായ അനാമിക ജയ്‌സ്വാളിനു വേണ്ടി പ്രശാന്ത് ഭൂഷണാണ് ഹാജരായത്. 

നിലവിലെ വിദഗ്ധ സമിതിയെയും സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അന്വേഷണത്തെയും സംശയിച്ച ഹര്‍ജിക്കാരുടെ നിലപാടിനെയും കോടതി ചോദ്യം ചെയ്തു. നിയമപരമായി സ്ഥാപിക്കപ്പെട്ട സംവിധാനമായ സെബിയെ സംശയിക്കുന്നതെങ്ങനെയെന്നു ചീഫ് ജസ്റ്റിസ് ചോദിച്ചു. വിദഗ്ധ സമിതിയിലെ നിഷ്പക്ഷത ചോദ്യം ചെയ്തതിനോടും കോടതി വിയോജിച്ചു. തെളിവുകള്‍ ഇല്ലാതെയുള്ള ആരോപണം ഉന്നയിക്കരുതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

'ഞങ്ങള്‍ അവരെ സംശയിക്കുന്നില്ല. പക്ഷേ ഇത് സെബിയെ അപകീര്‍ത്തിപ്പെടുത്തുന്നതിന് മതിയായ തെളിവാണെന്ന് ഞങ്ങള്‍ക്ക് പറയാനാവില്ല. സെബി എന്താണ് ചെയ്യേണ്ടത്? അവരുടെ അധികാരപരിധിക്ക് വിധേയമല്ലാത്ത മാധ്യമപ്രവര്‍ത്തകരുടെ അടുത്തേക്ക് പോയി അവര്‍ സ്രോതസ്സുകളായി ഉപയോഗിച്ച കാര്യങ്ങള്‍ അടിവരയിടണോ?'' ചീഫ് ജസ്റ്റിസ് ചോദിച്ചു. ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിദഗ്ധ സമിതിക്കെതിരെ ഹര്‍ജിക്കാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളിയത്.

കമ്മറ്റിയിലെ ചില അംഗങ്ങള്‍ക്ക് താല്‍പ്പര്യ വൈരുദ്ധ്യമുണ്ടെന്നും അദാനി ഗ്രൂപ്പുമായി ബന്ധമുണ്ടെന്നും അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചിരുന്നു. ഗ്രീന്‍കോയുമായി അടുത്ത ബന്ധമുള്ള ഒപി ഭട്ടാണ് ഇതിന്റെ ചെയര്‍മാനെന്നും ഭൂഷണ്‍ ചൂണ്ടിക്കാട്ടി. അഡ്വ. സോമശേഖരന്‍ സുന്ദരേശന്‍ ചില കേസുകളില്‍ അദാനി ഗ്രൂപ്പിന്റെ അഭിഭാഷകനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഷോര്‍ട്ട് സെല്ലിങ് പോലുള്ള സംഭവങ്ങള്‍ മൂലമുണ്ടാകുന്ന സ്ഥിരതയില്ലായ്മയില്‍നിന്ന് ഓഹരി വിപണിയെ സംരക്ഷിക്കാന്‍ സെബി നടപടിയെടുക്കണമെന്നു കോടതി വാക്കാല്‍ നിര്‍ദേശിച്ചു. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിനും നിക്ഷേപക സുരക്ഷയ്ക്കും സ്വീകരിക്കുന്ന നടപടികളില്‍ വിശദീകരണവും തേടി. ഇതിനിടെ, അന്വേഷണത്തിനുള്ള സമയപരിധി ഇനിയും നീട്ടി നല്‍കണമെന്ന് സെബി ആവശ്യപ്പെടുന്നില്ലെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 

 

sebi
Advertisment