Advertisment

മാന്‍ഡോസ് ചുഴലിക്കാറ്റ്: അഞ്ച് മരണം, 181 വീടുകള്‍ തകര്‍ന്നു, ചെന്നൈയില്‍ മാത്രം 600 കോടിയുടെ നാശനഷ്ടം

author-image
Charlie
New Update

publive-image

Advertisment

ചെന്നൈ; തമിഴ്നാടിന്റെയും ആന്ധ്രാപ്രദേശിന്റെയും വിവിധ മേഖലകളില്‍ നാശവിതച്ച് മാന്‍ഡോസ് ചുഴലിക്കാറ്റ്. ചുഴലിക്കാറ്റിന്റെ ഭാഗമായുണ്ടായ ശക്തമായ കാറ്റിലും മഴയിലും തമിഴ്നാട്ടില്‍ അഞ്ചു പേര്‍ മരിച്ചു. 181 വീടുകള്‍ തകര്‍ന്നു. ചെന്നൈ കോര്‍പറേഷനില്‍ മാത്രം 600 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്കുകള്‍. സംസ്ഥാനത്ത് 205 ദുരിതാശ്വാസ ക്യാംപുകളിലായി ഒന്‍പതിനായിരത്തോളം പേരാണ് കഴിയുന്നത്.

തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. റാണിപ്പേട്ട്, വെല്ലൂര്‍, തിരുവണ്ണാമലൈ, തിരുപത്തൂര്‍, കൃഷ്ണഗിരി, ധര്‍മപുരി ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് നാളെ കൂടി മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

യാത്രക്കാരുടെ സഹായത്തിനായി പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ പ്രത്യേക കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. ബീച്ചുകളിലേക്കുള്ള പ്രവേശനം വിലക്കി പൊലീസ് കാവലേര്‍പ്പെടുത്തി. ഈസ്റ്റ് കോസ്റ്റ് റോഡ് വഴി ചെന്നൈയിലേക്കുള്ള ബസ് ഗതാഗതം പുതുച്ചേരി നിര്‍ത്തി. ചെന്നൈയില്‍ നിന്നുള്ള രാത്രി ബസുകളും ഈ വഴി സര്‍വീസ് നടത്തില്ല. ചെന്നൈ മെട്രോ, സബേര്‍ബന്‍ സര്‍വീസ് തുടരും.

കേരളത്തില്‍ ഇന്നു മുതല്‍ 13 വരെ മിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്കു സാദ്ധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. മുന്‍കരുതല്‍ സ്വീകരിക്കണമെന്നു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

Advertisment