Advertisment

കാറിൽ വരികയായിരുന്ന സ്പൈസ്ജെറ്റിന്റെ പൈലറ്റിനെ തോക്കിൻമുനയിൽ കൊള്ളയടിച്ചു; സംഭവം ഡല്‍ഹിയില്‍

New Update

ഡൽഹി: സ്വകാര്യ വിമാനക്കമ്പനിയായ സ്പൈസ്ജെറ്റിന്റെ പൈലറ്റിനെ തോക്കിൻമുനയിൽ കൊള്ളയടിച്ചു. കാറിൽ വരികയായിരുന്ന പൈലറ്റ് യുവ്‌രാജ് തേവാതി(30)യയെ 10 അംഗ സംഘം തടയുകയായിരുന്നു. 34,000 രൂപയോളം കവർച്ച ചെയ്തെന്നാണ് വിവരം. രക്ഷപ്പെടുന്നതിനു മുൻപ് സംഘത്തിലൊരാൾ പൈലറ്റിനെ കത്തികൊണ്ട് ആക്രമിക്കുകയും ചെയ്തു. തെക്കൻ ഡൽഹയിലെ ഐഐടിയോടു ചേർന്നുള്ള ഫ്ലൈഓവറിൽ വച്ചായിരുന്നു സംഭവം.

Advertisment

publive-image

ഫരീദാബാദിലെ തന്റെ വസതിയിൽനിന്ന് പുലർച്ചെ ഒന്നിന് കാറിൽ വിമാനത്താവളത്തിലേക്കു പോകുകയായിരുന്നു ഫ്ലൈറ്റ് ക്യാപ്റ്റൻ കൂടിയായ യുവ്‌രാജ് തേവാതിയ. പുലർച്ചെ മൂന്നിനു പുറപ്പെടേണ്ടിയിരുന്ന ഡൽഹി – മുംബൈ വിമാനത്തിലായിരുന്നു യുവ്‌രാജ് കയറേണ്ടിയിരുന്നത്. കാറിൽ യുവ്‌രാജിന്റെ ഡ്രൈവറുമുണ്ടായിരുന്നു.

ഐഐടി ഡൽഹിക്കു സമീപമുള്ള ഫ്ലൈഓവറിലെത്തിയപ്പോൾ 5 ബൈക്കുകളിലായെത്തിയ പത്തോളം പേരടങ്ങുന്ന സംഘം വഴിയിൽ കാർ തടഞ്ഞുനിർത്തുകയായിരുന്നു. കാർ വളഞ്ഞ സംഘം ജനാല തകർത്തു. തുടർന്ന് തോക്കിന്റെ ഭാഗം കൊണ്ട് യുവ്‍രാജിന്റെ തലയ്ക്ക് അടിച്ചു. തുടർന്ന് കൊള്ളയടിക്കുകയായിരുന്നു.

സംഘം പോയതിനുപിന്നാലെ പൊലീസിനെ വിളിച്ചുവരുത്തി. യുവ്‌രാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടയ്ക്കാണ് കത്തികൊണ്ട് മുറിവേറ്റിരിക്കുന്നത്. പരുക്ക് ഗുരുതര സ്വഭാവമുള്ളതല്ലെന്നാണ് റിപ്പോർട്ട്. ‍ഡ്രൈവർക്കു പരുക്കേറ്റിട്ടില്ല. പൈലറ്റിന്റെ രക്തം വീണ കാറിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അടുത്തിടെയായി ഇതേ സ്ഥലത്ത് ഇതേപോലെ നിരവധിപ്പേർക്ക് സമാന ആക്രമണം നേരിടേണ്ടിവന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, 10,000 രൂപയും 24,000 രൂപയുടെ വസ്തുവകകളുമാണ് കൊള്ളയടിക്കപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കൊള്ളക്കാർ മുഖംമൂടി ധരിച്ചിരുന്നെന്നും തിരിച്ചറിയാനായില്ലെന്നും യുവ്‌രാജിന്റെ പരാതിയിൽ പറയുന്നു.

 

robbery case spice jet piolet
Advertisment