ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങൾക്ക് ക്രിസ്തുമസ് – പുതുവത്സരാശംസകളുമായി മുളന്തുരുത്തിയിലെ ജനമൈത്രി പോലീസും റസിഡന്റ് അസോസിയേഷനുകളും

സുഭാഷ് ടി ആര്‍
Saturday, December 22, 2018

മുളന്തുരുത്തി:  സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശം ഉണർത്തുന്ന ക്രിസ്തുമസ് ആഹ്ലാദവും പ്രതീക്ഷയും പ്രത്യാശയും നൽകുന്നു. ലോകൈകരക്ഷകനായ യേശുദേവന്റെ തിരുപ്പിറവിയുടെ ആഘോഷത്തിലാണ് ലോകജനത.

ഈ ആഘോഷങ്ങളിലൊന്നും പല കാരണങ്ങളാലും പങ്കെടുക്കാനാവാതെ ആയിരക്കണക്കിന് ആളുകളും കേരളത്തിലുണ്ട്. ഒറ്റപ്പെടലിന്റെ വൽമീകത്തിൽ കഴിയേണ്ടി വരുന്ന മനുഷ്യജൻമങ്ങൾ സങ്കടകാഴ്ചയാണ്.

എറണാകുളം ജില്ലയിലെ ഏറ്റവും നല്ല ജനമൈത്രി പോലീസ് സ്റ്റേഷൻ ആയ മുളന്തുരുത്തി പോലീസ് സ്റ്റേഷനും ഈ സ്റ്റേഷന്റെ പരിധിയിൽ വരുന്ന റസിഡന്റ് അസോസിയേഷനുകളും മുളന്തുരുത്തി മർച്ചന്റ് അസോസിയേഷനും ചേർന്ന് സ്റ്റേഷൻ പരിധിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങളെ കണ്ടെത്തി ക്രിസ്തുമസ് കേക്കും പുതുവത്സര ആശംസകളും കൈമാറി.

തുരുത്തിക്കര ജംഗ്ഷനിൽ ചേർന്ന ” വയോജനങ്ങൾക്ക് ഒരു ക്രിസ്തുമസ് ന്യൂ ഇയർ സമ്മാനം ” എന്ന പരിപാടി മുളന്തുരുത്തി എസ് ഐ.അരുൺദേവ് നിർവഹിച്ചു.ജനമൈത്രി സമിതി കൺവീനർ സികെ റെജി അദ്ധ്യക്ഷനായിരുന്നു.

മുളന്തുരുത്തി മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് കെസി ജോഷി, പത്താം വാർഡ് മെമ്പർ നിജി ബിജു, വിജയന്, ബിജു, ജോസ്, ജയകുമാർ തുടങ്ങിയവർ ആശംസകൾ നേർന്നു. സ്റ്റേഷൻ സിആർഒ വിജയൻ നന്ദി രേഖപ്പെടുത്തി.

രണ്ടു വർഷമായി മുളന്തുരുത്തിയിലുള്ള ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങൾക്ക് ക്രിസ്തുമസ് ന്യൂ ഇയർ സമ്മാനം കൊടുത്തു വരുന്നു എന്ന് കെസി ജോഷി സത്യം ഓൺലൈനോട് പറഞ്ഞു. പോലീസും ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കാൻ ജനമൈത്രി മൂലം കഴിഞ്ഞു.ജനോപകാരപ്രദമായ നൂറ്റമ്പതോളം പൊതു പരിപാടികൾ ജനമൈത്രി പോലീസും ജനങ്ങളും ചേർന്ന് ഇവിടെ നടത്തിക്കഴിഞ്ഞു എന്നും ജോഷി കൂട്ടിച്ചേർത്തു.

×