Advertisment

ബി.ജെ.പി വോട്ട്‌ ചെയ്‌തത്‌ മാര്‍ക്‌സിസ്റ്റുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കും ഭരണകൂട ഭീകരയതയ്‌ക്കും എതിരെ

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

തൊടുപുഴ:  തൊടുപുഴ നഗരസഭയില്‍ ചെയര്‍പേസ്‌ണെതിരെ നടന്ന അവിശ്വാസ പ്രമേയത്തിന്‌ അനുകൂലമായി ബി.ജെ.പി വോട്ട്‌ ചെയ്‌തത്‌ സി പി എമ്മിനെതിരെ ബി.ജെ.പി. സ്വീകരിച്ചിട്ടുള്ള രാഷ്‌ട്രീയ നിലപാടിനെ തുടര്‍ന്നാണന്നും മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണന്നും ബി.ജെ. പി. ഇടുക്കി ജില്ലാ പ്രസിഡന്റ്‌ ബിനു ജെ. കൈമള്‍, ജനറല്‍ സെക്രട്ടറി കെ. എസ്‌. അജി എന്നിവര്‍ പറഞ്ഞു. സ്ഥാനത്ത്‌ ഇരിക്കുന്ന വ്യക്തികളെയല്ല അവരുടെ നയങ്ങളാണ്‌ വിലയിരുത്തപ്പെടുന്നത്‌.

Advertisment

വിശ്വാസങ്ങളേയും ആചാരങ്ങളേയും നിക്ഷേധിക്കുകയും, അടിയന്തിരാവസ്ഥയെ പോലും വെല്ലുന്ന രീതിയില്‍ കേരളത്തില്‍ പോലീസ്‌ രാജ്‌ നടപ്പിലാക്കി എഴുപതിനായിരത്തിലധികം ആളുകള്‍ക്ക്‌ എതിരെ കള്ളക്കേസുകള്‍ എടുക്കുകയും, പതിനായിരക്കണക്കിന്‌ അയ്യപ്പ ഭക്തരേയും വിശ്വാസികളേയും ജയിലറക്കുള്ളിലടക്കുകയും ചെയ്‌ത മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിക്ക്‌ എതിരെ നടത്തുന്ന രാഷ്‌ട്രീയ സമരത്തിന്റെ ഭാഗമാണ്‌ പാര്‍ട്ടി സ്വീകരിച്ച നടപടി.

കഴിഞ്ഞ ആറുമാസമായി തൊടുപുഴ നഗരസഭയില്‍ നടന്നിരുന്നത്‌ സി പി എം ന്റെ സെല്‍ ഭരണമായിരുന്നു. ചെയര്‍പേഴ്‌സണെ ചില ബാഹ്യ ശക്തികളും ഇടതുപക്ഷ ഉദ്യോഗസ്ഥന്‍മാരുമായിരുന്നു നിയന്ത്രിച്ചിരുന്നത്‌. ഇത്തരം ആളുകളുടെ ഇടപെടല്‍ മൂലം പല വാര്‍ഡുകള്‍ക്കും ലഭിക്കേണ്ട അര്‍ഹമായ പല ആനുകൂല്യങ്ങളും നഷ്‌ടപ്പെടുകയും ചെയ്‌തിട്ടുണ്ട്‌.

ഇടതുപക്ഷത്തിലെ കൗണ്‍സിലര്‍മാര്‍ക്കുപോലും ഇതില്‍ പ്രതിക്ഷേധമുണ്ട്‌. അതിന്റെ ഭാഗമായാണ്‌ ഇടുതു പക്ഷത്തിന്‌ മുഴുവന്‍ അംഗങ്ങളേയും അവിശ്വാസ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കാന്‍ സാധിക്കാതെ വന്നത്‌. ഇടതുപക്ഷത്തിലെ പടലപ്പിണക്കം മൂലമാണ്‌ ഒരു കൗണ്‍സിലര്‍ വിട്ടു നിന്നത്‌. ഇടതുപക്ഷത്തിലെ തമ്മിലടി പുറത്തറിയാതെയിരിക്കാനാണ്‌ അവര്‍ വോട്ടിംഗില്‍ നിന്നും വിട്ടു നിന്നതും.

യു. ഡി എഫും ഇതില്‍ നിന്നും ഒട്ടും വ്യത്യസ്ഥരല്ല. ഇടതുപക്ഷവും വലതുപക്ഷവും ഒരേ കള്ള നാണയത്തിന്റെ രണ്ടു വശങ്ങളാണ്‌. അതുകൊണ്ട്‌ തന്നെ ഇനി നടക്കുന്ന ചെയര്‍പേഴ്‌സണ്‍ തെരെഞ്ഞെടുപ്പില്‍ ആര്‍ക്കും അനുകൂലമായ യാതൊരു നിലപാടും പാര്‍ട്ടി സ്വീകരിക്കുകയും ഇല്ല. എല്‍ ഡി എഫിനേയും യു ഡി എഫിനേയും ഒരു പോലെ എതിര്‍ക്കുക എന്ന രാഷ്‌ട്രീയ നിലപാടായിരിക്കും തുടര്‍ന്നും ബി ജെ പി പിന്‍തുടരുക. എന്തെങ്കിലും സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയോ സ്വാര്‍ത്ഥ ലാഭങ്ങള്‍ക്കു വേണ്ടിയോ നയങ്ങളില്‍ വെള്ളം ചേര്‍ക്കുന്ന നിലപാടുകള്‍ പാര്‍ട്ടി സ്വീകരിക്കുകയില്ല.

ബി.ജെ.പി. യുഡി എഫിനെ സഹായിക്കുന്ന നിലപാടാണ്‌ സ്വീകരിക്കുന്നത്‌ എന്ന എല്‍ ഡി എഫ്‌ ആരോപണം അടിസ്ഥാന രഹിതമാണ്‌. കണ്ണ്‌ അടച്ചാല്‍ ഇരുട്ടാവില്ല എന്ന വസ്‌തുത എല്‍ ഡി എഫ്‌ തിരിച്ചറിയണം. തൊടുപുഴ നഗരസഭയില്‍ ഇന്ന്‌ ഇടതു പക്ഷത്തിനുള്ള മുഴുവന്‍ സ്റ്റാന്റിംഗ്‌ കമ്മറ്റി സ്ഥാനങ്ങളും ബി.ജെ. പി വോട്ടുകൊണ്ട്‌ നേടിയതാണ്‌ എന്ന കാര്യം സി പി എം മറക്കരുത്‌.

13 അംഗങ്ങളുള്ള ഇടതുപക്ഷത്തിന്‌ സ്റ്റാന്റിംഗ്‌ കമ്മറ്റി തെരെഞ്ഞെടുപ്പില്‍ 21 വോട്ട്‌ കിട്ടിയത്‌ ബി.ജെ.പി യുടെ 8 വോട്ടുകള്‍ കൂടി നേടിയാണ്‌. ഇടതു പക്ഷത്തിന്‌ നട്ടെല്ലുണ്ടങ്കില്‍ ബിജെപി സഹായത്തോടെ നേടിയ സ്ഥാനങ്ങള്‍ രാജിവയ്‌ക്കുകയാണ്‌ വേണ്ടത്‌.

ഏതാനും ദിവസം മുമ്പ്‌്‌ ബിജെപി ഭരിക്കുന്ന പാലക്കാട്‌ നഗരസഭയ്‌ക്ക്‌ എതിരെ സിപിഎമ്മും കോണ്‍ഗ്രസ്സും മുസ്ലീം ലീഗും ചേര്‍ന്ന്‌ അവിശ്വസ പ്രമേയം കൊണ്ടുവന്ന്‌ പരാജയപ്പെട്ടതിന്റെ ജാള്യത മറയ്‌ക്കാനാണ്‌ ഇപ്പോള്‍ ബി.ജെ.പിക്ക്‌ എതിരെ ആരോപണങ്ങളുമായി സി പി എം രംഗത്തു വന്നിരിക്കുന്നത്‌. സ്വന്തം തെറ്റ്‌ മറച്ചു വച്ച്‌ മറ്റുള്ളവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്ന സി പി എം നയം ജനം തിരിച്ചറിയുക തന്നെ ചെയ്യുമെന്ന്‌ നേതാക്കള്‍ പറഞ്ഞു.

Advertisment