Advertisment

ചികിത്സപ്പെരുമ കേട്ടറിഞ്ഞ് ദേശീയ അന്തര്‍ദേശീയ കായികതാരങ്ങള്‍ ഇടുക്കി ജില്ലാ ആയൂര്‍വേദ ആശുപത്രിയിലേയ്‌ക്ക്‌

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

തൊടുപുഴ: പരുക്കിന്റെ പിടിയില്‍ നിന്നും കഴിവിന്റെ സ്വര്‍ണത്തിളക്കം വീണ്ടെടുക്കാന്‍ ദേശീയ അന്തര്‍ദേശീയ കായികതാരങ്ങള്‍ ജില്ലാ ആയൂര്‍വേദ ആശുപത്രിയിലേയ്‌ക്ക്‌. ചികിത്സപ്പെരുമ കേട്ടറിഞ്ഞെത്തിയ ഒന്‍പത്‌ ദേശിയ, അന്തര്‍ദേശീയ താരങ്ങളാണ്‌ കഴിഞ്ഞ ഒരാഴ്‌ചയായി കാരിക്കോടുള്ള ജില്ലാ ആയൂര്‍വേദ ആശുപത്രിയില്‍ ചികിത്സ തുടരുന്നത്‌.

Advertisment

മുഴുവന്‍ താരങ്ങളും ദേശീയ, അന്തര്‍ദേശിയ തലത്തില്‍ സ്വര്‍ണതിളക്കം സ്വന്തമാക്കിയവര്‍. 5,000, 10, 000 മീറ്ററില്‍ അന്തര്‍ദേശീയ തലത്തില്‍ സില്‍വര്‍ മെഡല്‍ ജേതാവ്‌ ഗുര്‍പ്രീത്‌, എയ്‌ഞ്ചല്‍, ജെറില്‍ ജോസ്‌ എന്നി അന്തര്‍ദേശീയ താരങ്ങളും.

publive-image

800 മീറ്റര്‍ അത്‌ലറ്റില്‍ ദേശീയ സ്വര്‍ണ മെഡല്‍ ജേതാവ്‌, ദേശീയ ബാസ്‌ക്കറ്റ്‌ ബോള്‍ സ്വര്‍ണ മെഡല്‍ ജേതാക്കളായ ഡൊമനിക്ക്‌ ഡി, അലന്‍ പയാസ്‌, ഹഡ്‌ഡില്‍സ്‌ 110 മീറ്റര്‍ സ്വര്‍ണമെഡല്‍ ജേതാവ്‌ ആകാശ്‌ വി, ബോളിബോള്‍ സ്വര്‍ണമെഡല്‍ ജേതാവ്‌ എം.ആര്‍ ജയകൃഷ്‌ണന്‍ എന്നീ ദേശിയ താരങ്ങളുമാണ്‌ ഇവിടെ ചികിത്സയില്‍ കഴിയുന്നത്‌. ഇതില്‍ ഗുര്‍പ്രീതിന്റെ സഹോദരനായ ദേശീയതാരം കുറച്ചുകാലം മുമ്പ്‌ ഇവിടെ ചികിത്സയ്‌ക്കായി എത്തിയിരുന്നു.

തുടര്‍ന്ന്‌ ഗുര്‍പ്രീതിനെയും ഇവിടേയ്‌ക്ക്‌ പറഞ്ഞയക്കുകയായിരുന്നു. ഇത്തരത്തില്‍ ഇവിടെയെത്തി ആരോഗ്യം വീണ്ടെടുത്ത്‌ പോയ മറ്റ്‌ താരങ്ങളുടെ അഭിപ്രായം കേട്ടറിഞ്ഞാണ്‌ മറ്റു കായികതാരങ്ങളും ഇവിടേയ്‌ക്ക്‌ എത്തുന്നത്‌.

കൈനസോളജി, ടേപ്പിംങ്‌, അക്യുപഞ്ചിംങ്‌, ഡ്രൈ നീഡിലിംഗ്‌, കപ്പിംഗ്‌, ഫിസിയോ തെറാപ്പി, അള്‍ട്രാ സൗണ്ട്‌, അത്യാധുനിക ജിംനേഷ്യം, മൈനര്‍ ഓപ്പറേഷന്‍ തിയറ്റര്‍, കൂടാതെ സ്‌പോര്‍ട്‌സ്‌ താരങ്ങള്‍ക്കായുള്ള സ്‌പെഷ്യല്‍ സ്‌പ്രേ, സ്‌പേഷ്യല്‍ ലേപം തുടങ്ങിയ നിരവധി ചികിത്സാസൗകര്യങ്ങളാണ്‌ സാര്‍ക്ക്‌ തൊടുപുഴ ജില്ലാ ആയൂര്‍വേദ ആശുപത്രിയില്‍ കായികതാരങ്ങള്‍ക്കായുള്ളത്‌.

സ്‌്പോര്‍ട്‌സ്‌ ആയൂര്‍വേദ റിസേര്‍ച്ച്‌ സെല്‍ കണ്‍വീനറും മര്‍മ സ്‌പെഷ്യലിസ്‌റ്റുമായ ഡോ. രോഹിത്ത്‌ ജോണ്‍, പഞ്ചകര്‍മ സ്‌പെഷ്യലിസ്‌റ്റ്‌ ഡോ. സതീഷ്‌ വാര്യര്‍, സ്‌പോര്‍ട്‌സ്‌ ഫിസിയോളജിസ്‌റ്റ്‌ ഡോ. അനുപ്രിയ മാണി, സ്‌പോര്‍ട്‌സ്‌ സ്‌പെഷ്യലിസ്‌റ്റ്‌ ഡോ. നീതാ പോള്‍ എന്നിവരുടെ മേല്‍നോട്ടവും പരിഗണനയുമാണ്‌ ജില്ലാ ആയൂര്‍വേദ ആശുപത്രിയുടെ വിജയക്കുതിപ്പിന്‌ പിന്നില്‍.

ആശുപത്രി വികസനത്തിനായി പി.ജെ. ജോസഫ്‌ എം.എല്‍.എ രണ്ടു കോടി രൂപ അനുവദിച്ചിരുന്നു. ഈ പദ്ധതിയുടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

Advertisment