Advertisment

ക്ഷയരോഗത്തിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ ദൃശ്യാവിഷ്‌കാരം: ഷോര്‍ട്ട് ഫിലിം പുറത്തിറക്കി

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

ക്ഷയരോഗത്തിനെതിരേ പ്രതിരോധം തീര്‍ക്കാന്‍ ചെങ്കള പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ചെങ്കള ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ ദൃശ്യാവിഷ്‌കാരമൊരുങ്ങി. ഇറ്റ്‌സ് ടൈം (സമയമായി) എന്ന പേരിലിറക്കിയ ഹ്രസ്വ ചിത്രത്തിന്റെ ഉദ്ഘടനം റവന്യു-ഭവന നിര്‍മാണ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു.

Advertisment

publive-image

ചെര്‍ക്കള മാര്‍ത്തോമാ ബധിര വിദ്യാലയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം അധ്യക്ഷത വഹിച്ചു.

ഒരു കാലത്ത് ചികിത്സയില്ലാത്ത വിധം വളരെ ഗുരുതരമായിരുന്ന ക്ഷയരോഗത്തെ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അതിനെ നിര്‍മാര്‍ജനം ചെയ്യാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്നും മന്ത്രി പറഞ്ഞു. ക്ഷയരോഗത്തെ ഇല്ലാതാക്കാന്‍ പൊതുസമൂഹത്തിന്റെ പിന്തുണ ആവശ്യമാണ്.

പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള അജ്ഞത രോഗം പകരുന്നതിന് കാരണമാവുന്നുണ്ട്. വായുവിലൂടെ പകര്‍ന്ന് മനുഷ്യ ശരീരത്തെ ക്ഷയിപ്പിക്കുന്ന ഈ രോഗത്തെ കുറിച്ച് ജനങ്ങള്‍ക്ക് സന്ദേശം നല്‍കി ബോധവല്‍ക്കരണം നല്‍കാന്‍ ഷോര്‍ട്ട് ഫിലിമുമായി മുന്നോട്ട് വന്ന അണിയറപ്രവര്‍ത്തകര്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.

publive-image

സന്ദേശവുമായി പി ടി ഉഷയും

ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി പി.ടി. ഉഷയും ചിത്രത്തിലെത്തുന്നുണ്ട്. ക്ഷയരോഗത്തിനെതിരേ പൊതുജനങ്ങള്‍ക്ക് സ്വീകരിക്കാവുന്ന ലളിതമായ പ്രായോഗിക മാര്‍ഗങ്ങളാണ് ദൃശ്യാവിഷ്‌കാരത്തിലൂടെ വിശദമാക്കുന്നത്.

2022ഓടു കൂടി ലോകത്ത് 40 മില്ല്യന്‍ ജനങ്ങളെ ക്ഷയരോഗത്തിന് ചികില്‍സികേണ്ടിവരുമെന്നാണ് ലോകാരോഗ്യ സംഘടനപറയുന്നത്.

വായുവിലൂടെ പകരുന്ന രോഗങ്ങളെ ജനങ്ങള്‍ നിസ്സാരമായി കാണുന്ന ചെറിയ പ്രവര്‍ത്തനങ്ങളിലൂടെ പ്രതിരോധിക്കാന്‍ കഴിയുമെന്ന സന്ദേശം വ്യാപകമായി പ്രചരിപ്പിക്കുകയാണ് എട്ട് മിനുട്ട് ദൈര്‍ഘ്യമുള്ള ഈ ഹ്രസ്വ ചിത്രം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതില്‍ ഹാന്റ് വാഷിങിന്റെ വിവിധ രീതികള്‍ ലളിതമായി അവതരിപ്പിക്കുന്നുണ്ട്.

പൊതുസ്ഥലത്ത് തുപ്പുന്നത് അനാരേഗ്യകരമായശീലവും പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതുമാണ്. പുകവലിയും, പാസീവ് സ്‌മോക്കിങും സമൂഹത്തില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ട്രിക്കുന്നു. ഇത് തടയാന്‍ യുവ ജനങ്ങളെ പ്രാപ്തരാക്കുന്ന സന്ദേശങ്ങള്‍ചിത്രത്തിലുണ്ട്.

ക്ഷയരോഗികള്‍ക്ക് പിന്തുണയുമായി സമൂഹം ഇറങ്ങേണ്ടതിന്റെ ആവശ്യകത ചിത്രത്തില്‍ വ്യക്തമാക്കുന്നു. തുവാല ഉപയോഗിക്കുകയെന്നത് വ്യക്തി ശുചിത്വപാലനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശീലമാണ്. ഇത് പാലിക്കുന്നതില്‍ നമ്മള്‍ ഉദാസീനത കാണിക്കാറുണ്ട്.

വായുജന്യ രോഗങ്ങള്‍ പ്രധാനമായും രോഗികള്‍ തുമ്പുമ്പോഴും, ചുമയ്ക്കുമ്പോഴും പകരുന്നു. ക്ഷയരോഗ ചികിത്സയുടെ പ്രാധാന്യം സമൂഹത്തിന് മുന്നില്‍ ചിത്രം വരച്ചു കാട്ടുന്നു.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി അഷ്‌റഫാണ് ആശയം, സ്‌ക്രിപ്റ്റ് എന്നിവ തയ്യാറാക്കിയത്.ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആര്‍ വിനുരാജാണ് സംവിധാനം ചെയ്തത്.

അസോസിയേറ്റ് ഡയറക്ടര്‍ ജെഎച്ച്‌ഐ രാജേഷ്, ഛായാഗ്രഹണം ഷിനോജ് ചാത്തങ്കൈ, എഡിറ്റിങ്-മ്യൂസിക് അജിത് കുമാറുമാണ് നിര്‍വഹിച്ചത്. ചിത്രത്തില്‍ മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലായി ക്ഷയരോഗ വിരുദ്ധ സന്ദേശവുമായി ആരോഗ്യ രംഗത്തെ വിദഗ്ധരും ജനപ്രതിനിധികളും എത്തുന്നുണ്ട്.

മന്ത്രിയില്‍ നിന്നും ഡെപ്യുട്ടി ഡി എം ഒ ഡോ. എ ടി മനോജ് ഷോര്‍ട് ഫിലിം സി ഡി ഏറ്റു വാങ്ങി. ഷോര്‍ട്ട് ഫിലിമിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് മന്ത്രി ഉപഹാരം നല്‍കി. മെഡിക്കല്‍ ഓഫിസര്‍ ഡോ. ഷമീമ തന്‍വീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ ശാന്തകുമാരി ടീച്ചര്‍, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ ഹാജിറ മുഹമ്മദ് കുഞ്ഞി, എ അഹമ്മദ് ഹാജി, ഷാഹിദ മുഹമ്മദ് കുഞ്ഞി, പഞ്ചായത്ത് അംഗം സുഫൈജ മുനീര്‍, ഡെപ്യുട്ടി ഡി എം ഒ ഡോ. എ വി രാംദാസ്, ജില്ലാ ടി ബി ഓഫീസര്‍ ഡോ. ആമിന മുണ്ടോള്‍,

ഹെല്‍ത്ത ഇന്‍സ്‌പെക്ടര്‍ ബി അഷ്‌റഫ്, പഞ്ചായത്ത് സെക്രട്ടറി എം സുരേന്ദ്രന്‍, ജെ എച്ച ഐ കെ എസ് രാജേഷ്, ഹെല്‍ത് സൂപ്പര്‍ വൈസര്‍ എ കെ ഹരിദാസ്, മാര്‍ത്തോമ വിദ്യാലയം അഡ്മിനിസ്‌ട്രേറ്റര്‍ ഫാദര്‍ എ ജി മാത്യു സംബന്ധിച്ചു.

ജനപ്രതിനിധികള്‍, ആശ വര്‍ക്കര്‍മാര്‍, അങ്കണവാടി ടീച്ചര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, നാട്ടുകാര്‍ പങ്കെടുത്തു.

Advertisment