Advertisment

കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ എഴുതിതള്ളി - ജനാധിപത്യ കേരളാ കോണ്‍ഗ്രസ്‌

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം:  സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ നടപ്പിലാക്കി കര്‍ഷകര്‍ക്ക്‌ ഉല്‌പാദന ചിലവിന്റെ 50% ലാഭം കൊടുക്കുമെന്ന്‌ പറഞ്ഞ്‌ അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ കര്‍ഷകരെ മറന്നുവെന്ന്‌ മാത്രമല്ല നോട്ടു നിരോധനം, ജി.എസ്‌.റ്റി, അനിയന്ത്രിത ഇറക്കുമതി നയങ്ങളും കര്‍ഷക വിരുദ്ധ നയങ്ങളാലും കാര്‍ഷിക മേഖലയെ തകര്‍ത്തെറിഞ്ഞതായി ജനാധിപത്യ കേരളാ കോണ്‍ഗ്രസ്‌ സംസ്ഥാന സെക്രട്ടറിയേറ്റ്‌ വിലയിരുത്തി.

Advertisment

മണ്ണില്‍ പണി ചെയ്യുന്ന കര്‍ഷകന്‌ രാജ്യത്ത്‌ ജീവിക്കുവാനുള്ള അവസരം കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചു. കര്‍ഷകരോട്‌ കാണിച്ച വഞ്ചനയുടെ പ്രതിഷേധമാണ്‌ തെരഞ്ഞെടുപ്പിലെ ബി.ജെ.പി യുടെ പരാജയ കാരണം. കാര്‍ഷിക കരാറുകള്‍ രാജ്യത്തെ കര്‍ഷകന്റെ നിലനില്‍പ്‌ പോലും അവതാളത്തിലാക്കി.

കാര്‍ഷികോത്‌പന്നങ്ങളുടെ വില കുത്തനെ ഇടിയുമ്പോഴും ഉദാര ഇറക്കുമതി നയം നടപ്പാക്കുന്ന കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ കര്‍ഷകരെ പൂര്‍ണ്ണമായും അവഗണിക്കുകയാണ്‌. 1961 ല്‍ കേന്ദ്രബജറ്റ്‌ വിഹിതം 30% കാര്‍ഷിക മേഖലയായിരുന്നെങ്കില്‍ മോദി സര്‍ക്കാര്‍ കേന്ദ്രബജറ്റില്‍ കാര്‍ഷിക മേഖലയ്‌ക്ക്‌ മാറ്റിവച്ചത്‌ വെറും 5% മാത്രമാണ്‌.

2014-17 വരെ രാജ്യത്ത്‌ 26,000 കര്‍ഷകരാണ്‌ കടക്കെണി നിമിത്തം ആത്മഹത്യ ചെയ്‌തത്‌. കാര്‍ഷിക വായ്‌പകള്‍ എഴുതി തള്ളാനോ, സബ്‌സിഡി അനുവദിക്കാനോ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. എന്നാല്‍ വന്‍കിട കോര്‍പ്പറേറ്റുകളുടെ കടം ഒഴിവാക്കുവാന്‍ യാതൊരു മടിയും കാണിച്ചില്ല.

സംസ്ഥാനത്ത്‌ മലയോര മേഖലയില്‍ തുടച്ചയായി വ്യാപകമായി നടക്കുന്ന വന്യമൃഗാക്രമണത്തില്‍ നിന്ന്‌ കര്‍ഷകരുടെ ജീവനും കാര്‍ഷിക വിളകള്‍ക്കും സംരക്ഷണം കൊടുക്കുവാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണം. സര്‍ഫാസി നിയമത്തിന്റെ മറവില്‍ കാര്‍ഷിക കടം എടുത്ത കര്‍ഷകരുടെ വീടും സ്ഥലവും ജപ്‌തി ചെയ്യുവാനുള്ള ബാങ്കുകളുടെ നടപടി തടയാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം.

വയനാട്‌, പാലക്കാട്‌, ഇടുക്കി ജില്ലകളിലെ 14,000 ഓളം ചെറുകിട കര്‍ഷകര്‍ക്കാണ്‌ ജപ്‌തി നോട്ടീസ്‌ കൊടുത്തിട്ടുള്ളത്‌. ഞഇഋജ കരാറിന്റെ വിശദാംശങ്ങള്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്‌ത്‌ യോജിച്ച അഭിപ്രായത്തിലെത്തുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം.

റബ്ബറിന്റെ ഇറക്കുമതി നിയന്ത്രിച്ച്‌ റബ്ബര്‍ വില കിലോയ്‌ക്ക്‌ 200 രൂപയില്‍ എത്തിക്കുവാനുള്ള നടപടി സ്വീകരിക്കണം. നിലവില്‍ ഇറക്കുമതി ചുങ്കത്തില്‍ നിന്നും ലഭിച്ചിട്ടുള്ള വരുമാനം ഉപയോഗിച്ച്‌ റബ്ബര്‍ കര്‍ഷകര്‍ക്ക്‌ സാമ്പത്തിക ആനുകൂല്യം നല്‍കാനുള്ള പദ്ധതി ആവിഷ്‌കരിക്കണം.

സിയാല്‍ മാതൃകയിലുള്ള കമ്പനി രൂപീകരിച്ച്‌ സ്വാഭാവിക റബ്ബറുകൊണ്ട്‌ ഉല്‌പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനി ഉണ്ടാക്കാനുള്ള കേരള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ റബ്ബര്‍ കര്‍ഷകര്‍ക്ക്‌ സ്ഥിരവരുമാനം സംബന്ധിച്ച്‌ വലിയ പ്രതീക്ഷ നല്‌കുന്നതോടൊപ്പം കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സംസ്ഥാനത്ത്‌ സൃഷ്‌ടിക്കുമെന്നും യോഗം വിലയിരുത്തി.

ചെയര്‍മാന്‍ കെ.ഫ്രാന്‍സീസ്‌ ജോര്‍ജ്‌ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഡോ. കെ.സി. ജോസഫ്‌, പി.സി ജോസഫ്‌, വക്കച്ചന്‍ മറ്റത്തില്‍, എം.പി. പോളി, എ.ജെ ജോസഫ്‌, ഏലിയാസ്‌ സഖറിയ, ജോര്‍ജ്‌ കുന്നപ്പുഴ, ജോസ്‌ വള്ളമറ്റം, അജിതാ സാബു, അഡ്വ. ഫ്രാന്‍സീസ്‌ തോമസ്‌, ജോസ്‌ പാറേക്കാട്ട്‌, ജോര്‍ജ്‌ അഗസ്റ്റിന്‍, കെ.സി ജോസഫ്‌, ജോസ്‌ പൊട്ടംപ്ലാക്കല്‍, പ്രൊഫ. ജേക്കബ്‌ എബ്രഹാം, ബേബി പതിപ്പള്ളി, മാത്യൂസ്‌ ജോര്‍ജ്‌, മൈക്കിള്‍ ജെയിംസ്‌, ജാന്‍സി ബേബി, വര്‍ഗ്ഗീസ്‌ വെട്ടിയാങ്കല്‍, കൊച്ചറ മോഹനന്‍ നായര്‍, ജെയിംസ്‌ കുര്യന്‍, സാബു കൂവക്കാട്ട്‌ എന്നിവര്‍ പ്രസംഗിച്ചു.

Advertisment