Advertisment

എയ്‌ഡ്‌പോസ്റ്റ്‌ ഉണ്ട്‌. പക്ഷെ പ്രയോജനമില്ല ?

New Update

കുറവിലങ്ങാട്‌:  യു.ഡി.എഫ്‌. ഭരണകാലത്ത്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉഴവൂരില്‍ ഉദ്‌ഘാടനം ചെയ്‌ത പോലീസ്‌ എയ്‌ഡ്‌പോസ്റ്റ്‌ നോക്കുകുത്തിയായി. പ്രവര്‍ത്തനം ആരംഭിച്ച ഘട്ടത്തില്‍ കുറവിലങ്ങാട്‌ പോലീസ്‌ സ്റ്റേഷനില്‍ നിന്ന്‌ ഒരു എസ്‌.ഐ., ഒരു എ.എസ്‌.ഐ. രണ്ട്‌ സിവില്‍ പോലീസ്‌ ഓഫീസര്‍, ഒരു വനിത സിവില്‍ പോലീസ്‌ എന്നിവരുടെ സേവനം എയ്‌ഡ്‌പോസ്റ്റില്‍ ഉണ്ടായിരുന്നു.

Advertisment

എയ്‌ഡ്‌പോസ്റ്റ്‌ ആരംഭിക്കാന്‍ മുറി കണ്ടെത്തി വാടകയ്‌ക്ക്‌ കൊടുത്തിരിക്കുന്നത്‌ ഉഴവൂര്‍ ഗ്രാമപഞ്ചായത്ത്‌ അധികൃതരാണ്‌. പിന്നീട്‌ ആറ്‌മാസങ്ങള്‍ക്ക്‌ ശേഷം ഒരു എ.എസ്‌.ഐ.യുടെ സേവനം മാത്രമായി ചുരുങ്ങി അപ്പോഴെല്ലാം ഉന്നതപോലീസ്‌ അധികാരികളുടെ മറുപടി സ്റ്റേഷനില്‍ ആവശ്യത്തിന്‌ പോലസ്‌ ഉദ്യോഗസ്ഥരുടെ സേവനം കിട്ടുന്നില്ലായെന്നും, ഒഴിവുകള്‍ സര്‍ക്കാര്‍ നികത്തിയിട്ടില്ലായെന്നുള്ളതായിരുന്നു ഭാഷ്യം.

പിന്നെ ആഴ്‌ചകള്‍ക്കുള്ളില്‍ ഹോം ഗാര്‍ഡിന്റെ സേവനം മാത്രമായി മാറി. ഇപ്പോള്‍ ഹോംഗാര്‍ഡ്‌ ഉഴവൂരിലെ എയ്‌ഡ്‌പോസ്റ്റില്‍ എത്താറില്ലാത്ത അവസ്ഥയാണ്‌.

എം.സി.റോഡിന്‌ സമാന്തരമായി ഡോ.കെ.ആര്‍.നാരായണന്‍ സ്‌മാരക റോഡായ കിടങ്ങൂര്‍-ഉഴവൂര്‍-കൂത്താട്ടുകുളം റോഡിലൂടെയുള്ള വാഹനഗതാഗതത്തിന്റെ തിരക്ക്‌ വര്‍ദ്ധിച്ചതിനാല്‍ ഉഴവൂര്‍ പള്ളിക്കല മുതല്‍ ഫെഡറല്‍ബാങ്ക്‌ ജംഗ്‌ഷന്‍ വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും അധികൃതവാഹനപാര്‍ക്കിംഗ്‌ മൂലം ഗതാഗതതടസ്സവും, അപകടങ്ങളും സ്ഥിരമായിട്ടുള്ളതായി വ്യാപാരികളും, കാല്‍നടയാത്രക്കാരും ആരോപിച്ചു.

റോഡില്‍ വാഹനങ്ങള്‍ പാര്‍ക്കിംഗ്‌ ചെയ്യുന്നതിനായി പഞ്ചായത്ത്‌തല ട്രാഫിക്‌ റഗുലേറ്ററി കമ്മറ്റിയുടെ തീരുമാനപ്രകാരം പൊതുമരാമത്ത്‌ വകുപ്പ്‌ പാര്‍ക്കിങ്ങിനായി സ്ഥലം നിശ്ചയിച്ച്‌ അടയാളപ്പെടുത്തിക്കൊടുത്തിട്ടുണ്ടെങ്കിലും വാഹന ഉടമകള്‍ നിയമം പാലിക്കുന്നില്ല. റോഡിന്റെ ഇരുവശങ്ങളിലും അനധികൃത പാര്‍ക്കിംഗ്‌ ചെയ്യുന്ന വാഹനങ്ങള്‍ക്ക്‌ എതിരെ കേസ്‌ എടുക്കുവാന്‍ എയ്‌ഡ്‌പോസ്റ്റില്‍ പോലീസിന്റെ സേവനം ഉറപ്പുവരുത്തണമെന്ന്‌ ആവശ്യം ഉയര്‍ന്നുകഴിഞ്ഞു.

ടൗണില്‍ത്തന്നെ ജോയിന്റ്‌ ആര്‍.ടി.ഓഫീസ്‌ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ടൗണിലെ അനധികൃത പാര്‍ക്കിങ്ങിനെതിരെ മുഖം തിരിച്ചാണ്‌ ഉഴവൂരില്‍ സേവനം ചെയ്യുന്ന മോട്ടോര്‍വാഹന ഉദ്യോഗസ്ഥരുടെ നിലപാട്‌.

അധികൃത പാര്‍ക്കിങ്ങിനെതിരെയും ഗതാഗതക്കുരുക്കിനെതിരെയും പോലീസും മോട്ടോര്‍വാഹന വകുപ്പും ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുവാന്‍ തയ്യാറാകണമെന്നാണ്‌ ഉഴവൂരിലെ പൗരസമൂഹം സര്‍ക്കാരിനോട്‌ ആവശ്യപ്പെടുന്നത്‌.

Advertisment