Advertisment

പൂനൂരിലെ അനധികൃത ഗോഡൗണിൽ റെയ്ഡ്: കണ്ടെടുത്തത് 1600 ലധികം ചാക്ക് ഭക്ഷ്യവസ്തുക്കൾ

New Update

പൂനൂർ:  പൂനൂരിലെ സ്വകാര്യ സൂപ്പർമാർക്കറ്റിന്റെ അനധികൃത ഗോഡൗണിൽ സൂക്ഷിച്ച 1600-ലധികം ചാക്ക് ഭക്ഷ്യവസ്തുക്കൾ വിജിലൻസും സിവിൽസപ്ലൈസും ചേർന്ന് പിടികൂടി.

Advertisment

പൂനൂർ അങ്ങാടിയിൽ പ്രവർത്തിക്കുന്ന മദീന സൂപ്പർമാർക്കറ്റിലെ ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ച കെട്ടിടത്തിൽ വെള്ളിയാഴ്ച നടത്തിയ പരിശോധനയിലാണ് ഇത്രയുംവലിയ അളവിൽ സാധനങ്ങൾ കണ്ടെടുത്തത്. കടയുടെ താത്‌കാലിക ഗോഡൗൺ ആയി പ്രവർത്തിച്ച പൂനൂർ ടൗണിലെ നാല് ഷട്ടർ മുറികളിലാണ് റെയ്ഡ് നടന്നത്.

കൊറോണ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള നിയന്ത്രണത്തിന്റെ മറവിൽ അവശ്യവസ്തുക്കൾ പൂഴ്ത്തിവെക്കുന്നതായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ കോഴിക്കോട് യൂണിറ്റ് ഡി.വൈ.എസ്.പി. ഷാജി വർഗീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

1047 ചാക്ക് അരി, 487 ചാക്ക് പഞ്ചസാര, 20 ചാക്ക് ചെറുപയർ, 240 പെട്ടി ഡാൽഡ, 24 പെട്ടി ആർ. കെ. ജി. തുടങ്ങി 1600 ചാക്കിലധികംവരുന്ന 48 ഇനം ഭക്ഷ്യവസ്തുക്കളാണ് പരിശോധകസംഘം കണ്ടെടുത്തത്.

സാധനങ്ങൾ വാങ്ങിയതിനും എത്തിച്ചതിനും മതിയായ രേഖകളുണ്ടെങ്കിലും അവ സംഭരിക്കാനാവശ്യമായ രേഖകൾ ഗോഡൗണിനുണ്ടായിരുന്നില്ല.

സംഭരണത്തിന് അനുമതിയില്ലാത്ത കടമുറിയിൽ അനധികൃതമായി സാധനങ്ങൾ സൂക്ഷിച്ചതായി കണ്ടെത്തിയ സാഹചര്യത്തിൽ അധികൃതർ ഗോഡൗൺ പൂട്ടി സീൽ ചെയ്യുകയും സാധനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

അതേസമയം ഗോഡൗണായി പ്രവർത്തിച്ച കെട്ടിടത്തിൽ പ്രളയകാലത്ത് വെള്ളം കയറിയതിനെത്തുടർന്നാണ് സമീപത്തെ കെട്ടിടത്തിലേക്ക് സാധനങ്ങൾ മാറ്റിയതെന്നും ഭക്ഷ്യവസ്തുക്കളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുവേണ്ടി മാത്രമാണ് പ്രസ്തുത നടപടിയെന്നും കടയുടമ പരിശോധക സംഘത്തെ അറിയിച്ചു.

രാവിലെ പതിനൊന്നരയോടെ തുടങ്ങിയ പരിശോധന വൈകീട്ട് ആറുമണിയോടെയാണ് അവസാനിച്ചത്.

ഡെപ്യൂട്ടി കളക്ടർ സി. ബിജു, വിജിലൻസ് എ.എസ്.ഐ. കെ. സുനിൽ, സീനിയർ സി. പി. ഒ. അനിൽകുമാർ, താമരശ്ശേരി താലൂക്ക് സിവിൽ സപ്ലൈസ് ഓഫീസർ പി. പ്രമോദ്, ബാലുശ്ശേരി ഫുഡ് സേഫ്റ്റി ഓഫീസർ ടി. രേഷ്മ, അസി. താലൂക്ക് സപ്ലൈ ഓഫീസർ കെ. ദിലീപ് കുമാർ, റേഷനിങ് ഇൻസ്പെക്ടർമാരായ എം. കെ. രഞ്ജിത് സിങ്, കെ. ഗംഗാധരൻ തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.

Advertisment