Advertisment

ആസാദി സ്ക്വയർ മുപ്പത്തിരണ്ടാം ദിന പരിപാടി മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗം പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

New Update

മലപ്പുറം:  ഏറനാടൻ മാപ്പിളമാരുടെ സ്വാതന്ത്ര്യസമരസമർപ്പണത്തിൻ്റെയും ത്യാഗത്തിൻ്റെയും പോരാട്ടവീര്യത്തിൻ്റെയും വീരചരിത്രം പാടിയും പറഞ്ഞും പ്രശസ്ത മാപ്പിളപ്പാട്ട് നിരൂപകൻ ഫൈസൽ എളേറ്റിൽ ആസാദി സ്ക്വയറിൽ ആവേശമുണർത്തി.

Advertisment

മലപ്പുറത്ത് ആസാദി സ്ക്വയറിൻ്റെ മുപ്പത്തി രണ്ടാം ദിനപരിപാടിയിൽ സംവദിക്കുകയായിരുന്നു അദ്ദേഹം.

publive-image

ദേശക്കൂറും രാജ്യത്തിൻ്റെ വികാസത്തിൽ മുസ്ലിങ്ങളുടെ പങ്കും ചോദിക്കുന്നവർക്ക് മോയിൻ കുട്ടി വൈദ്യർ മുതൽ കമ്പളത്ത് ഗോവിന്ദൻ നായർ ഉള്ളവർ രചിച്ച കാവ്യങ്ങൾ പറഞ്ഞു കൊടുക്കുക.സ്വാതന്ത്ര്യസമരചരിത്രത്തിൽ ഇത്രയേറെ ഏടുകളുള്ള മറ്റൊരു ജനതയില്ലെന്ന് ആ കാവ്യങ്ങൾ പറഞ്ഞുകൊടുക്കുന്നു.

പുലിക്കോട്ടിൽ ഹൈദറിൻ്റെ 'പാക്കിസ്ഥാനിൽ പോകൂല

പാക്കിസ്ഥാനികൾ ആവൂല

പാക്കിസ്ഥാനിൽ പോകണമെന്ന പരിപ്പിവിടെ വേവൂല' എന്ന വരികൾ ചരിത്രത്തിൽ ആവർത്തിക്കപ്പെടുന്നു.

പോർച്ചുഗീസ് അധിനിവേശകാലം മുതൽ ഏറനാടിൻ്റെ പോരാട്ടചരിത്രം ആരംഭിക്കുന്നുണ്ട്. സ്വന്തം വിവാഹദിവസം ഒരു യുവതിയുടെ ജീവൻ രക്ഷിക്കാൻ പോയി പോർച്ചുഗീസുകാരുടെ അതിക്രമത്തിൽ രക്തസാക്ഷിയായ വെളിയംകോട് മാനാത്തുവീട്ടിൽ കുഞ്ഞിമരക്കാർ ശഹീദിൻ്റെ ചരിത്രം അതിനു സാക്ഷിയാണ്.1843 ലെ ചേറൂർ പടയുടെ ചരിത്രം പറയുന്ന പടപ്പാട്ടു ബ്രിട്ടീഷുകാർ തെരഞ്ഞുപിടിച്ച് നശിപ്പിച്ചു.

ഒന്നാം സ്വാതന്ത്ര്യസമരകാലത്ത് ജീവിച്ചിരുന്ന മോയിൻ കുട്ടി വൈദ്യർ ബദ്ർ,ഉഹ്ദ്,ഹിജ്റ ചരിത്രങ്ങൾ പാടി ആവേശം പകർന്നപ്പോൾ ബ്രിട്ടീഷ് ചരിത്രകാരൻ ഫോസിറ്റ് അത് തങ്ങൾക്ക് എതിരാണെന്നു മനസ്സിലാക്കി.1921 ലെ പൂക്കോട്ടൂർ സമരത്തിൽ ആ പടപ്പാട്ടുകൾ പോരാളികളുടെ സമരതാളമായി.

ആ ചരിത്രങ്ങൾക്കും കാവ്യാവിഷ്കാരങ്ങളും മതസൗഹൃദത്തിൻ്റെ ഉൾച്ചേരുവയുണ്ടായിരുന്നു.

'ഒന്നിനൊന്നണി നിരന്ന് നിന്ന് ചെയ്ത പോരില്

അന്നിരുപത്തൊന്നിൽ നാട്ടാർ ചൊല്ലി മറുപടി നേരില്

പോരതിനാൽ വിപ്ളവത്തിൽ പുസ്തകത്തിരുവേട്ടില്

ചോരയാൽ കുറിച്ചുവച്ചു ധീരർ മാപ്പിളനാട്ടില് ' എന്ന് പി.ഭാസ്കരൻ എഴുതി.

ഹിച്ച്കോക്കിൻ്റെ പ്രതിമ ഏറനാട്ടിൽ സ്ഥാപിച്ചപ്പോൾ,

'രാജ്യസ്നേഹം വീറുകൊണ്ട കൂട്ടരുണ്ടീ നാട്ടില്

രക്ഷ വേണേൽമണ്ടിക്കോ ഇംഗ്ലണ്ടില്' എന്നെഴുതിയതിന് കമ്പളത്ത് ഗോവിന്ദൻ നായരെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു.ഇന്നും സ്വാതന്ത്ര്യസമരത്തിൽ അണിചേർന്നവർ പലതും അനുഭവിക്കുന്നു.

ഹിന്ദു-മുസ്ലിം സമരൈക്യത്തിൻ്റെ ചിത്രമാണ് രാജ്യം ഇന്ന് നമുക്കു നൽകുന്നത്.

ടി.ഉബൈദ് ഒന്നാം സ്വാതന്ത്ര്യസമര കാലത്ത് ഇങ്ങനെ എഴുതി:

'നാടൊന്നായ് നിവർന്ന് നിനലറീടുന്നു

നൽഹിന്ദിൻ കനിമക്കള് ഒരുമിക്കുന്നു

തേർന്നിതു ഹിന്ദു മുസൽമാൻ കൂട്ടം

ചേർന്നിതു പൗരോൽബുദ്ധയേറ്റം

പൂർണസമൈഖ്യത്തിൻ വിളയാട്ടം

ഐക്യത്തിൽ പതാകകൾ ഉയർന്നു പാറി'.

കാലങ്ങളെ ചേർത്തുവച്ച് ചരിത്രത്തിൽ നിന്ന് പാഠങ്ങൾ പഠിക്കുന്നവർക്കേ പുതിയ സമരങ്ങളെ നയിക്കാനാവൂ എന്നദ്ദേഹം പറഞ്ഞു.

മുപ്പത്തിരണ്ടാം ദിന പരിപാടി മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗം പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗം അഷ്കർ ഫറൂഖ്,യൂത്ത് കോൺഗ്രസ് മലപ്പുറം മണ്ഡലം വൈസ് പ്രസിഡന്റ് മനോജ്,ഇസ്ലാമിക പണ്ഡിതൻ ശിഹാബുദ്ദീൻ ഇബ്നു ഹംസ,സാമൂഹിക പ്രവർത്തക ശഫാന സംന സംസാരിച്ചു.ഹാദിയ സി.എച്ച് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

നാളെ (ബുധൻ) ആസാദി സ്ക്വയറിൽ കെ.പി.സി.സി സെക്രട്ടറി ഇഫ്തിഖാറുദ്ദീൻ,സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഡോ.അലിഫ്‌ ഷുക്കൂർ, എഴുത്തുകാരനും പ്രഭാഷകനുമായ കെ.നജാത്തുല്ല സംബന്ധിക്കും.

Advertisment