തിന്മക്കെതിരിൽ നന്മേച്ഛുക്കളുടെ കൂട്ടായ്മ അനിവാര്യം: എം.ഐ. അബ്ദുൽ അസീസ്

Monday, April 16, 2018

മലപ്പുറം:  അവകാശങ്ങളും നീതിയും നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കുഞ്ഞുങ്ങളുടെ നിലവിളിയാണ് ഇന്ന് എങ്ങും കേട്ടുകൊണ്ടിരിക്കുന്നതെന്നും അവർക്കു വേണ്ടി പോരാടാനും തിന്മക്കെതിരിൽ നന്മേച്ഛുക്കളുടെ കൂട്ടായ്മയുണ്ടാവേണ്ടത് അനിവാര്യമാണെന്നും ടീൻ ഇന്ത്യ സംസ്ഥാന മുഖ്യ രക്ഷാധികാരി എം.ഐ. അബ്ദുൽ അസീസ്.

മലപ്പുറം വിദ്യാനഗർ പബ്ലിക് സ്‌കൂളിൽ ടീൻ ഇന്ത്യ കേരള കൗമാര സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിക്കും പ്രപഞ്ചത്തിനും നന്മ പകരുന്ന ഒരു ലോകം പണിയാൻ പ്രതിജ്ഞാബദ്ധരാവണമെന്നും അദ്ദേഹം കുട്ടികളെ ഉണർത്തി.

സത്യത്തിന്റെയും സഹനത്തിന്റെയും പാതയിൽ അനീതിക്കെതിരെ ഉറച്ച ശബ്ദമായി മാറട്ടെ ഈ കൗമാരസമ്മേളനമെന്ന് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ടീൻ ഇന്ത്യ സംസ്ഥാന ക്യാപ്റ്റൻ ടി.എ. ജവാദ് എറണാകുളം ആഹ്വാനം ചെയ്തു.

മാധ്യമം-മീഡിയാവൺ എഡിറ്റർ ഒ. അബ്ദുറഹ്മാൻ, ജമാഅത്തെ ഇസ്‌ലാമി കേരള വനിതാ വിഭാഗം പ്രസിഡണ്ട് എ. റഹ്മത്തുന്നീസ, സിജി പ്രസിഡണ്ട് അബ്ദുസ്സലാം കളമശ്ശേരി, എസ്.ഐ.ഒ. സംസ്ഥാന പ്രസിഡണ്ട് സി.ടി. സുഹൈബ്, ജി.ഐ.ഒ. കേരള പ്രസിഡണ്ട് അഫീദ അഹ്മദ്, തമന്ന സുൽത്താന, മലർവാടി സംസ്ഥാന കോഡിനേറ്റർ മുസ്തഫ മങ്കട, ടീൻ ഇന്ത്യ സംസ്ഥാന കോഡിനേറ്റർ അബ്ദുൽ ജലീൽ മോങ്ങം, ജനറൽ കൺവീനർ മുസ്തഫാ ഹുസൈൻ എന്നിവർ സംസാരിച്ചു. ഖുർആനിൽ നിന്ന് അഫ്‌നാൻ പട്ടാമ്പി അവതരിപ്പിച്ചു.

അൻസിഫ് അബ്ദുല്ല, ഇബ്തിസാം ഇംതിയാസ്, ഫാത്തിമ ഹനാൻ, നദാ ഫാത്തിമ, നഹ്ന നൗഷി, ലീൻ മർയം, യുസുഫ് സബാഹ്, ദാന റാസിഖ് തുടങ്ങിയ കൗമാരക്കാർ നിയന്ത്രിച്ച സമ്മേളനം കാണികളിൽ കൗതുകമുണർത്തി.

×