Advertisment

എയ്ഡഡ് ഹയർസെക്കന്ററി അധ്യാപകരുടെ ശമ്പളം: സർക്കാർ ഉത്തരവ് നടപ്പാക്കണം - എ എച്ച് എസ് ടി എ

New Update

പാലക്കാട്:  ഹയർ സെക്കണ്ടറി - വൊക്കേഷണൽ ഹയർ സെക്കണ്ടറി അധ്യാപകരുടെയും ലാബ് അസിസ്റ്റന്റുമാരുടെയും ശമ്പള ബില്ലുകളും, സറണ്ടർ ബില്ലുകളും മേലധികാരികളുടെ കൗണ്ടർ സിഗ്നേച്ചർ കൂടാതെ പ്രിൻസിപ്പാളിന് തന്നെ നേരിട്ട് ട്രഷറിയിൽ സമർപ്പിച്ച് മാറാവുന്നതാണെന്നു 2018 ആഗസ്റ്റ് മാസത്തിൽ സർക്കാരുത്തരവുണ്ടായിട്ടും നാളിതുവരെയായിട്ടും ഉത്തരവ് നടപ്പാക്കിയിട്ടില്ലായെന്ന് എയ്ഡഡ് ഹയർ സെക്കന്ററി ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പറഞ്ഞു.

Advertisment

ഇതു മൂലം ജില്ലയിലെ മുഴുവൻ എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളുകാരുടെയും ശമ്പള ബില്ലുകൾ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ സമർപ്പിച്ച് കൗണ്ടർ സൈൻ ചെയ്ത് ട്രഷറിയിൽ സമർപ്പിച്ച് മാറുകയാണ്.

നിലവിൽ 2 ജില്ലയ്ക്ക് ഒരു റീജിയണൽ ഓഫീസാണുള്ളത്. അതുകൊണ്ട് തന്നെ ഇരുന്നൂറോളം സ്കൂളുകളുടെ ശമ്പള ബില്ലുകൾ പരിശോധിച്ച് കൗണ്ടർസൈൻ ചെയ്യേണ്ട അധിക ജോലിയാണ് ഈ ഓഫീസുകൾ ചെയ്യുന്നത്.

ഈ ഓഫീസിൽ ആവശ്യത്തിന് സ്റ്റാഫുപോലുമില്ലാത്ത സാഹചര്യമുള്ളപ്പോൾ. സർക്കാരുത്തരവിന് വിരുദ്ധമായ അധികപ്പണി ചെയ്യേണ്ടി വരുന്നതുമൂലം, പലപ്പോഴും ശമ്പളം വൈകുന്നതോടൊപ്പം ഹയർ സെക്കണ്ടറി മേഖലയുമായി ബന്ധപ്പെട്ടുള്ള മറ്റവശ്യ സേവനങ്ങൾ സമയബന്ധിതമായി പൂർത്തികരിക്കാനാവാതെ ഓഫീസ് പ്രവർത്തനം താറുമാറാകുന്ന സ്ഥിതിയുമുണ്ടാകും.

2018 ഓഗസ്റ്റിൽ ഇറങ്ങിയ ഉത്തരവിൽ പറയുന്നത് 2018 സെപ്തംബർ മുതൽ ഉത്തരവ് നടപ്പാക്കുമെന്നായിരുന്നു.

ഹയർ സെക്കണ്ടറി സ്കൂളുകളുടെയും ജീവനക്കാരുടെയും മേലുള്ള ആധിപത്യം നഷ്ടപ്പെടുമെന്ന് ഭയക്കുന്ന ചില ഉന്നതാധികാരികൾ ഉത്തരവ് മനപ്പൂർവ്വം നടപ്പാക്കാതെ പിടിച്ചു വച്ചിരിക്കുകയാണെന്നാണ് അധ്യാപകർ പറയുന്നത്.

ഹയർ സെക്കണ്ടറിയിൽ ഓഫീസ് സ്റ്റാഫ് ഇല്ലാത്ത സാഹചര്യത്തിൽ ഓരോ മാസത്തെ ശമ്പള ബില്ലും റീജിയണൽ ഓഫീസിലെത്തിച്ച് പാസാക്കി എടുക്കുന്ന ജോലി അധ്യാപകരാണ് ചെയ്യുന്നത്.

ഇതിന് മാസം തോറും 2 ദിവസമെങ്കിലും ക്ലാസ് ഉപേക്ഷിച്ച് ചില അധ്യാപകർക്ക് പോകേണ്ടി വരുമ്പോൾ നഷ്ടം കുട്ടികൾക്കാണ്. 2 ജില്ലകൾക്ക് ഒരോ ഫീസാകുമ്പോൾ ഓരോ മാസവും ആയിരവും രണ്ടായിരവും രൂപവരെ യാത്രാച്ചെലവായി നഷ്ടപ്പെടുകയും ചെയ്യുന്നു.

എളുപ്പം ബില്ലുമാറാനെന്ന പേരിൽ അനഭിലഷണീയമായ ചില പ്രവണതകൾക്കും ഇത് വഴിവയ്ക്കുന്നതായും ആരോപണമുണ്ട്.

ഹൈസ്ക്കൂളിലെ ബില്ലുകൾ ഹെഡ്മാസ്റ്റർമാർക്ക് മാറിനൽകാമെന്നിരിക്കെ ഹെഡ്മാസ്റ്റർക്കും മുകളിൽ സ്കൂളിന്റെ തലവനായ പ്രിൻസിപ്പാളിന് ബില്ലുമാറാൻ കഴിയാത്ത രീതിയിൽ ഉത്തരവ് നടപ്പാക്കാത്തത് ഇരട്ടത്താപ്പാണെന്ന് എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻ കുറ്റപ്പെടുത്തി.

ഹയർ സെക്കണ്ടറിയെ ദ്രോഹിക്കാൻ ലയനത്തെ മറയാക്കുന്നവർ ഗുണകരമായ ഇത്തരം ഉത്തരവുകൾ അവഗണിക്കുകയാണ്‌. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ മാർക്ക് ബില്ല് മാറി ശബളം വിതരണം ചെയ്യാമെന്നുള്ള ഉത്തരവ് ഉടൻ നടപ്പാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് ആർ. അരുൺകുമാർ, ജനറൽ സെക്രട്ടറി എസ്. മനോജ്, ട്രഷറർ വർഗ്ഗീസ്, സംസ്ഥാന സെക്രട്ടർ സി എം മാത്യു, ഷാജു പുത്തൂർ, കെ എം തങ്കച്ചൻ, മനോജ്, രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment