Advertisment

മനുഷ്യജീവനെ ഒരവസ്ഥയിലും തള്ളിക്കളയരുത് ! ജെ പിയ്ക്കൊരു തണലൊരുക്കാൻ ദയ മുന്നോട്ട്

New Update

പാലക്കാട്: കേരളത്തില്‍ ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള അനേക പദ്ധതി പ്രവൃത്തികളിലൊന്നാണ് നിരാലംബരും രോഗികളുമായവരുടെ പാര്‍പ്പിട പദ്ധതിയായ ദയ ഭവന പദ്ധതി. ഇവയ്ക്ക് പുറമെ സമാനതകളില്ലാത്ത സാമൂഹിക നേട്ടമായി വേറെയും സഹായ പ്രവൃത്തികൾ ഈ കൂട്ടായ്മ മുഖേന നടക്കുന്നു.

Advertisment

സമൂഹ മാധ്യമങ്ങളെ കേന്ദ്രീകരിച്ചു നടക്കുന്ന കാരുണ്യ പ്രവൃത്തികളിൽ ഒമ്പതാമത് ദയ ഭവനം തുടങ്ങുന്നത് ജെ പിക്കു വേണ്ടിയാണ്.

publive-image

16 വർഷം മുമ്പ് മരത്തിൽ നിന്നുവീണ് നട്ടെല്ലിന് ക്ഷതം സംഭവിച്ച് നാലു ചുമരുകൾക്കുള്ളിൽ ജീവിതം തളച്ചിടപ്പെട്ട 45 കാരനായ പാലക്കാട് പെരുങ്ങോട്ടുകുറുശ്ശി ഒടുവൻകാട് സ്വദേശി ജെ പി എന്ന ജയപ്രകാശിന്റെ പ്രതീക്ഷകൾക്ക് നിറം പകരാനാണ് ലോക്ക് ഡൗൺ കാലത്തും ദയയുടെ ഉദ്യമം.

വൃദ്ധയായ മാതാവിന്റെ പരിചരണമാണ് ആകെയുള്ളത്. കഴിഞ്ഞ 10 വർഷമായി കിടപ്പു രോഗിയായ തന്റെ മകന് ഒരു വീടിനായി തദ്ദേശ ഭരണസ്ഥാപനങ്ങളുടെ പടികൾ കയറിയിറങ്ങുന്ന 65 കാരിയായി വൃദ്ധ മാതാവിനും പ്രത്യാശ പകർന്നിരിക്കുകയാണ് ദയ.

16 വർഷങ്ങൾക്കുമുമ്പ് ജെ പി മിടുക്കനായ ഒരു ടാക്സി ഡ്രൈവറായിരുന്നു. കഠിനാദ്ധ്വാനം ചെയ്ത് കുടുംബം നോക്കുന്ന നാട്ടുകാർക്കും കൂട്ടുകാർക്കും ബന്ധുജനങ്ങൾക്കുമെല്ലാം പ്രിയങ്കരനായ യുവാവ്.

2003ൽ വിവാഹിതനായി. തൊട്ടടുത്ത വർഷം ഒരു പെൺകുട്ടിയുടെ അച്ഛനായി. അവൾക്കാറുമാസം പ്രായമായപ്പോഴാണ് വിധിയുടെ ക്രൂരതയ്ക്ക് ജെ പി കീഴടങ്ങുന്നത്.

അരയ്ക്കു താഴെ തളർന്നു പോയ തന്റെ ഭർത്താവിന് ഇനി ജീവച്ഛവം പോലെ നാലു ചുമരുകൾക്കുള്ളിൽ മലർന്നു കിടക്കാനേ കഴിയൂ എന്നു മനസ്സിലാക്കിയ ഭാര്യ 2005 ൽ കുട്ടിയുമായി ജെ പിയെ ഉപക്ഷിച്ചു പോയി.

പരസഹായമില്ലാതെ ഒന്നു ചരിഞ്ഞ് കിടക്കാൻ പോലുമാവില്ല ഇദ്ദേഹത്തിന്. എല്ലാറ്റിനും സഹായം വേണം. ഭക്ഷണം അമ്മ വാരികൊടുക്കും. ബലമില്ലാത്ത കൈകളുപയോഗിച്ച് മൊബൈൽ ഫോൺ കൈകാര്യം ചെയ്യാൻ പഠിച്ചതോണ്ട് സമയം തള്ളി നീക്കുന്നു.

ജെ.പി ക്ക് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങൾ സ്വന്തമായി ഒരു വീടും, പിന്നെ സ്വന്തം മകളെ ഒന്നു കാണലുമാണ്. അവളിപ്പോൾ പത്താം ക്ലാസ്സിലാണ്. തൃശൂരിലെ ഏതോ സ്കൂളിൽ ഹോസ്റ്റലിലാണ്. ഇത്രയും നാൾ പരാതിയും പരിഭവവും ആരെയും അറിയിക്കാതെ കിടപ്പിലായിപ്പോയ ഈ പാവം മനുഷ്യൻ ഒരു വീട് വച്ചു തരാമോ എന്നല്ല ഇപ്പോഴും ആവശ്യപ്പെട്ടത്. ഒരു വീടു പാസ്സാക്കിത്തരാൻ അധികൃതരോട് ശുപാർശ ചെയ്യാമോ എന്നാണ്.

കഴിവും സ്വാധീനവും പ്രതികരണശേഷിയും ഉള്ളവർ വീട് എന്ന സ്വപ്നം സ്വന്തമാക്കുമ്പോൾ ഇദ്ദേഹത്തെ പോലുള്ളവർ വേദന കടിച്ചമർത്തി കിടപ്പിൽ തന്നെ. ജെ പിയുടെ പേരിൽ സ്വന്തമായി 3 സെൻറ് സ്ഥലമുണ്ട്. അതിൽ 'ജെ പിക്കൊരു ദയാഭവനം' നിർമ്മിച്ചു നൽകാൻ ദയ ചാരിറ്റബിൾ ട്രസ്റ്റ് തീരുമാനിച്ചു കഴിഞ്ഞു.

400 സ്ക്വയർ മീറ്റർ വിസ്തീർണ്ണമുളള ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ദയാഭവനം 3 മാസത്തിനുള്ളിൽ നിർമ്മിച്ചു നൽകാനാണ് സംഘാടകർ പരിശ്രമിക്കുന്നത്. ഇക്കാര്യത്തിൽ കരുണവറ്റാത്ത സുമനസ്സുകൾ ദയയോടൊപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ദയ ചെയർമാൻ ഇ. ബി. രമേശ് പറഞ്ഞു.

ഫോൺ: 9744959756.

Account details:

DAYA CHARITABLE TRUST, PERINGOTTUKURISSI.

A/C No. 4337000100122658 , PUNJAB NATIONAL BANK, PERINGOTTUKURISSI.

IFSC PUNB0433700.

Advertisment