Advertisment

സമൂഹത്തിന് പരിരക്ഷയുടെ പാഠങ്ങൾ പകർന്ന് കെ ടി എം ഹൈസ്‌കൂളിലെ ജെ ആർ സി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

വിദ്യാർത്ഥികളിൽ സേവനമനോഭാവവും, ആതുര ശുശ്രൂഷ താൽപര്യവും വളർത്തുന്നതിനും സമൂഹത്തിന് നന്മയാർന്ന കർമ പരിപാടികൾ മാതൃകയാകുന്നതിനും തുടക്കം കുറിച്ച ജൂനിയർ റെഡ് ക്രോസ് മണ്ണാർക്കാട് കെ ടി എം ഹൈസ്‌ക്കൂളിൽ പുതു ഗാഥ രചിക്കുകയാണ്‌.

Advertisment

മണ്ണാർക്കാട് നഗരത്തിനോട്ചേർന്ന് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യവുമായി നിലകൊള്ളുന്ന പൈതൃക വിദ്യാലയമാണിത്. പൊതു വിദ്യാലയങ്ങൾ നാടിൻറ നന്മയ്ക്കു തന്നെയാണെന്നും കെടിഎം മികവിൻെറ പാതയിലാണെന്നും ഈവിദ്യാലയം സന്ദർശിക്കുന്നവർക്ക്ബോധ്യമാകും.

publive-image

വൈവിധ്യ പൂർണ്ണമായ ആ പ്രവർത്തന മാതൃകയിൽ സ്‌കൂളിന് അഭിമാനവും സമൂഹത്തിന് നന്മയും നേടി കൊടുക്കുകയാണ് ഈ സ്‌കൂളിലെ ജൂനിയർ റെഡ് ക്രോസ് ടീം. കുട്ടികളിലൂടെ വലിയ സാമൂഹ്യ ദൗത്യം നടപ്പാക്കുന്നു എന്ന ലക്ഷ്യത്തിന് പൂര്‍ണ കൈയടിയാണ് ഇവർക്ക്നേടാനാകുന്നത്.

ജന സേവയുടെ സംതൃപ്ത തലങ്ങൾ കുട്ടികളില്‍ എത്തിക്കാം. അതൊരു വിപ്ലവമായില്ലെങ്കിലും നല്ല നാളേക്കുള്ള ഫലപ്രദമായ, ആശാവഹമായ നേട്ടമായി മാറിയേക്കാമെന്നതാണ് അധ്യാപകരുടെ ചിന്ത. വരും കാലത്തിന് മാതൃകയാക്കാവുന്ന വ്യത്യസ്ത സേവന പ്രവർത്തനമാണ് കെ ടി എം ജൂനിയർ റെഡ്ക്രോസ് യൂണിറ്റിന് കീഴിൽ നടന്നിട്ടുള്ളത്.

ഈ സ്‌കൂളിലെ ചിത്രകലാ അധ്യാപകനും ജെആർസി കൗൺസിലറുമായ മുണ്ടൂർ സ്വദേശി നൂർ മുഹമ്മദ് മാസ്റ്ററാണ് കഴിഞ്ഞ 12വർഷമായി ജെ ആർ സി യെ നയിക്കുന്നത്. ഹരിത വൽക്കരണം,പരിസ്ഥിതി ആഭിമുഖ്യ പ്രവർത്തനം, സാന്ത്വന പരിചരണം,ജല സംരക്ഷണം, പ്രത്യേക ദിനാചരണങ്ങൾ, രക്ത ദാന ബോധവൽക്കരണം വയോജന സംരക്ഷണം തുടങ്ങി സഹാനുഭൂതിയും സഹിഷ്ണുതയും പ്രകടമായ ദുരന്തനിവാരണ രംഗത്തും, ജൂനിയർ റെഡ്ക്രോസ് നടത്തുന്ന നിശബ്ദ സേവനങ്ങള്‍ അഭിനന്ദനാര്‍ഹമായിട്ടുണ്ട്.

രോഗങ്ങളില്ലാത്ത തലമുറക്കായി ഇവർ പ്രചരിപ്പിച്ച മാലിന്യ സംസ്‌ക്കരണമെന്ന ആശയം പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും ചെയ്യേണ്ടവയാണ്. സർക്കാർ ഫണ്ടിന്റെ ലഭ്യതയനുസരിച്ച് മാത്രം വിദ്യപകര്‍ന്നു നല്‍കുകയും പാഠ്യേതര പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന സ്‌കൂള്‍ അധികാരികളിൽ നിന്നും, അധ്യാപകരിൽ നിന്നും വ്യത്യസ്തമാണ് ഈ വിദ്യാലയം.എണ്ണമറ്റ സേവന പ്രവർത്തനങ്ങൾ പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കി.

ഗവൺമെന്റിൽ നിന്നും കിട്ടുന്ന തുച്ഛമായ ഗ്രാന്റിനു പുറമെ പതിനായിരക്കണക്കിന് രൂപ സ്വന്തമായി ചെലവഴിച്ചാണ് ശ്രദ്ധേയ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളത്. ഭിന്നശേഷിക്കാരായ കുട്ടികള്‍, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ കുട്ടികള്‍, ചികിത്സക്ക് വകയില്ലാതെ കഷ്ടപ്പെടുന്നവർ തുടങ്ങിയവരിലേക്കെല്ലാം നൂർമുഹമ്മദും ജെആർസി കേഡറ്റുകളും കടന്നു ചെല്ലുന്നു.

publive-image

പാഠ്യരംഗത്തെ മികവു മാത്രം ലക്ഷ്യം വയ്ക്കാതെ കുട്ടികളുടെ വ്യക്തിത്വ വികസനത്തിലും സ്വഭാവരൂപീകരണത്തിലും പാഠ്യതര കർമ്മ പദ്ധതികളിലും ഊന്നി നിന്നുകൊണ്ടുള്ളതാണ് പ്രവർത്തന പരിപാടികൾ. ജെ ആർ സി യിലൂടെ പഠന പരിശീലനംനേടിയ ഒരു വിദ്യാര്‍ഥിപോലും ജീവിതത്തിലെ പ്രതസന്ധിഘട്ടങ്ങളില്‍ പകച്ചു നില്‍ക്കാന്‍ പാടില്ല എന്ന കാഴ്ചപ്പാടാണ് കുട്ടികൾക്ക് ഏറെ പ്രിയങ്കരനായ നൂർ മുഹമ്മദ് മാസ്റ്ററിനുള്ളത്.

കുട്ടികൾ മികച്ച വ്യക്തിത്വമുള്ളവരായി വളരണമെങ്കിൽ ജീവിതമൂല്യങ്ങളും സേവന ശീലങ്ങളും അവർ അഭ്യസിക്കേണ്ടതുണ്ട്. ഓരോ വിദ്യാർത്ഥിയും അതുല്യവും വ്യത്യസ്തവുമാണ്. സ്‌നേഹം കൊണ്ടും സേവ കൊണ്ടും നിലപാട് കൊണ്ടും വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഈ അദ്ധ്യാപകൻ. ജെ ആർ സി യുടെ വളര്‍ച്ചയ്ക്കാവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നത് സ്‌കൂൾ പ്രധാന അദ്ധ്യാപകൻ പി.രാധാകൃഷ്ണൻ മാഷാണ്.

പൂര്‍വ്വ വിദ്യാര്‍ഥികളും റെഡ്ക്രോസിന്റെ പ്രവർത്തനങ്ങൾ നന്നായി അറിയാവുന്ന അഭ്യുദയകാംക്ഷികളും സന്നദ്ധ സംഘടനകളും ചേര്‍ന്നുള്ള ഒരു കൂട്ടായ്മ തന്നെയാണ് വേറിട്ട പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടു പോകാൻ സഹായകം. ഇതിൽ ഏറെ ജനകീയമായ പ്രവർത്തനം പാലിയേറ്റിവ് കെയറുമായി സഹകരിച്ചിട്ടുള്ളവയാണ്.

സ്‌കൂൾ അങ്കണത്തിൽ ഫലവൃക്ഷത്തൈകൾ നട്ട് സംരക്ഷിക്കുന്നതും, കുട്ടികളുടെ ഭവനങ്ങളിലും സമൂഹത്തിലേക്ക് ഇറങ്ങിയും പ്ലാസ്റ്റിക്കിനെതിരെ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തിയതും ജെ ആർ സി പ്രവർത്തനങ്ങൾക്ക് സ്വീകാര്യത വർദ്ധിപ്പിച്ചു. മണ്ണാർക്കാട് കെ ടി എം എയ്ഡഡ് ഹൈസ്‌ക്കൂളിലെ ജൂനിയർ റെഡ് ക്രോസിന്റെ ഈ 'സാമൂഹ്യപാഠം' ഒരു അപൂർവ്വതയാണ്. സർഗസാമർഥ്യവും സാമൂഹ്യ പ്രതിബദ്ധതയും നിറഞ്ഞവയാണ്. കുട്ടികളിലെ ഉത്തമമായ ഭാവിയെ വാർത്തെടുക്കലാണ്.

ജീവനില്ലാത്ത വസ്തുക്കളുമായി സംവദിക്കുകയാണ് ഇന്നത്തെ ബാല്യം. റെഡ് ക്രോസ് അംഗങ്ങൾ പലപ്പോഴും അവധി ദിനത്തിൽ പോലും സജീവരാകുന്നു. പ്രകൃതിയിലൂടെ നടക്കാനും പരിസ്ഥിതിയെ അറിയാനും സ്നേഹവും സേവനവും പങ്കുവെക്കുന്നവരായി കുട്ടികളെ മാറ്റാൻ കഴിയുന്നിടത്താണ് ജെ ആർ സി പ്രസക്തമാകുന്നതും.  മികച്ച പ്രവർത്തനങ്ങൾക്ക് നിരവധി അംഗീകാരങ്ങളും നൂർ മുഹമ്മദ് മാസ്റ്ററെയും കുട്ടികളെയും തേടിയെത്തി.

2012 ലാണ് നൂർ മുഹമ്മദ് മാസ്റ്റർ സ്‌കൂളിലെ ഹരിത സേനയുടെ ചുമതല കൂടി ഏറ്റത്. മരങ്ങളെ കരുതലോടെ കാക്കുന്ന ഒരു വിദ്യാർത്ഥി നിരയെ സജ്ജമാക്കുക എന്ന ലക്ഷ്യമായിരുന്നു അതിൽ ആദ്യത്തേത്. പരിസ്ഥിതിദിനം എന്നത് തൈനടീല്‍ മാത്രമല്ല, പരിസ്ഥിതിക്ക് കോട്ടം വരുന്നതെല്ലാം ഒഴിവാക്കി നട്ട വൃക്ഷ തൈകളെ പരിപാലിക്കുക എന്നതു കൂടിയാണ്.

അങ്ങനെ പരിപാലിച്ച് സംരക്ഷിച്ച തൈകളുടെ വളർച്ചകൾ കുട്ടികളുടെ കണ്ണുകളിൽ ഉത്സാഹം ജനിപ്പിക്കുന്നതായി. അറിവിന്റെ പ്രഭ പരത്തുന്ന വിദ്യാലയ മുറ്റത്ത് തണലും കരുതലുമായി. തളിർത്താടുന്ന ആ വൃക്ഷ തലപ്പുകളാണ് എന്നും കുട്ടികളെ വരവേൽക്കുന്നത്.

Advertisment