Advertisment

ഫാസിസ്റ്റ് ഭരണകൂടം ജനാധിപത്യ സംവിധാനങ്ങളെ തകർക്കുന്നു - ടി ടി ശ്രീകുമാർ

New Update

മണ്ണാർക്കാട്:  ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതിനു പിന്നിൽ സമഗ്രാധിപത്യത്തിലേക്ക് രാജ്യത്തെ കൊണ്ടെത്തിക്കാനുള്ള സംഘ് പരിവാറിന്റെ ഗൂഢ ശ്രമമാണെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകൻ ടി. ടി. ശ്രീകുമാർ അഭിപ്രായപ്പെട്ടു.

Advertisment

വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി മണ്ണാർക്കാട് എമറാൾഡ് ഹാളിൽ സംഘടിപ്പിച്ച വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പി.സി.ഹംസ അനുസ്മരണ സമ്മേളനത്തിൽ "ജനാധിപത്യവും സുതാര്യതയും" എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

publive-image

ജനാധിപത്യത്തിന്റെ വികേന്ദ്രീകൃതമായ അധികാരഘടനയെ തകർത്തു കൊണ്ട് ജനാധിപത്യത്തെത്തന്നെ അപ്രസക്തമാക്കാനുള്ള ഭീഷണമായ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്നും രാജ്യത്തിന്റെ മൂല്യങ്ങളുടെ വീണ്ടെടുപ്പിന് മതേതര ശക്തികളുടെ യോജിച്ച മുന്നേറ്റമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം സംഗമം ഉദ്ഘാടനം ചെയ്തു. വർത്തമാനകാല ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ മുൻകൂട്ടി കാണുകയും ബദൽ രാഷ്ട്രീയത്തിനു വേണ്ടി ജീവിതം സമർപ്പിക്കുകയും ചെയ്ത നേതാവായിരുന്നു പിസിയെന്ന് അദ്ദേഹം അനുസ്മരിച്ചു.

ജില്ലാ പ്രസിഡണ്ട് കെ.സി.നാസർ അധ്യക്ഷത വഹിച്ചു. പ്രമുഖ സാംസ്കാരിക പ്രവർത്തകൻ കെ.പി.എസ് പയ്യനടം, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ.സിദ്ധീഖ്, വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം എം.ജോസഫ് ജോൺ, വൈസ് പ്രസിഡണ്ട് പി.ലുഖ്മാൻ, ട്രഷറർ എ.ഉസ്മാൻ, ഡോ.എൻ.എൻ.കുറുപ്പ് എന്നിവർ സംസാരിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി എം.സുലൈമാൻ സ്വാഗതവും മണ്ഡലം പ്രസിഡണ്ട് സഈദ് മണ്ണാർക്കാട് നന്ദിയും പറഞ്ഞു.

Advertisment