Advertisment

ഡൽഹിയിലെ കർഷകസമരത്തിന് ഐക്യദാർഢ്യവുമായി ഒരു കർഷകനാടകം

New Update

publive-image

Advertisment

പാലക്കാട്: ഇരുട്ട് വീണ പാടശേഖരങ്ങൾക്ക് നടുക്ക് ഉയർന്നു കേൾക്കുന്ന മുദ്രാവാക്യം. പാളത്തൊപ്പിയും ഒറ്റത്തോർത്തുമുടുത്ത്, കൃഷിഭൂമിയുടെ ഹൃദയം തൊട്ടറിഞ്ഞ കരിയും നുകവും പേറി വരമ്പിലൂടെ ഈരടി ചൂട്ടിന്റെ വെളിച്ചത്തിനൊപ്പം നടന്നടുക്കുന്ന ഒരു സംഘം കർഷകർ. നിറഞ്ഞു കത്തുന്ന പന്തങ്ങളെ സാക്ഷിയാക്കി അവർ ആവേശത്തോടെ വിളിച്ചു പറയുകയാണ്. ചലോ ചലോ ഡൽഹി… കർഷകസമരം സിന്ദാബാദ്…

ശബ്ദം കൂടുതലുച്ചത്തിലാവുന്നു. കഷകരും, കർഷക തൊഴിലാളികളും, സ്ത്രീകളും, കുട്ടികളും അങ്ങനെ എല്ലാവരും ചേർന്ന് വിളിക്കുന്നു. ചലോ ചലോ ഡൽഹി… കർഷകസമരം സിന്ദാബാദ്…

കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി കർഷക ബില്ലിന്റെ കാപട്യങ്ങൾ തുറന്നു കാട്ടുന്ന 'അന്നം' നാടകാവതരണമാണിത്.

കേരള പ്രദേശ് കോൺഗ്രസ്സ് കമ്മറ്റിയുടെ കലാ സാംസ്കാരിക വിഭാഗമായ സംസ്കാര സാഹിതിയാണ് നാടകയാത്രയുമായി കർഷകന്റെ ഹൃദയഭൂമിയായ പാടശേഖരങ്ങളിലെത്തുന്നത്. പാടശേഖരങ്ങളിൽ നിന്ന് പാടശേഖരങ്ങളിലേക്കുള്ള നാടകയാത്ര ബില്ലിനെ കുറിച്ചുള്ള ചർച്ചകൾക്കും സംവാദങ്ങൾക്കും വേദിയാവുകയാണ്.

കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചമില്ല , കർട്ടനും സ്റ്റേജും കസേരകളും കാഴ്ചക്കാരെന്ന വേർതിരിവുമില്ല. ചൂട്ട്, പന്തം, കമ്പിറാന്തൽ തുടങ്ങി നാട്ടു വെളിച്ചത്തിന്റെ അകമ്പടിയിൽ നഗരങ്ങളിൽ നിന്ന് വിട്ടുമാറി പാടശേഖരങ്ങളാണ് നാടക അവതരണ വേദിയാവുന്നത്. കാർഷിക ഉപകരണങ്ങളുമായി, പരമ്പരാഗത കാർഷിക വേഷത്തിലെത്തുന്ന അഭിനേതാക്കളോടൊപ്പം ആസ്വാദകരും നാടകത്തിന്റെ ഭാഗമാവുന്ന തരത്തിലാണ് നാടകം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

കർഷക ബില്ലിനെ സംബന്ധിച്ച് നമ്മുടെ കർഷകർക്കിന്നും വ്യക്തമായ ധാരണയില്ല. ഈ ബില്ലിലെ അപകടങ്ങൾ കർഷകരെ ബോധ്യപ്പെടുത്തുകയെന്നതാണ് നാടകത്തിന്റെ ലക്ഷ്യം. അതുകൊണ്ടാണ് നാടകാവതരണത്തിന് പതിവിനു വിപരീതമായി പാടശേഖരങ്ങൾ തിരഞ്ഞെടുത്തത്.

രാത്രി കാലങ്ങളിലാണ് അവതരണ സമയമെന്നതിനാൽ കർഷകരുടെയും തൊഴിലാളികളുടെയും കുടുംബസമേതമുള്ള പങ്കാളിത്തം ഉറപ്പു വരുത്താൻ കഴിയുന്നുണ്ട്. നാടകത്തിന് കർഷകർക്കിടയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു.

കർഷകന്റെ ചോര ഇറ്റ് വീണ മണ്ണ് കോർപ്പറേറ്റുകൾക്ക് അടിയറവു വയ്ക്കാതിരിക്കാൻ, പോരാട്ടത്തിന്റെയും നിലനില്പിന്റെയും പുതിയ വിത്തെറിയാൻ, കർഷകരെയും കർഷക തൊഴിലാളികളെയും ചേർത്ത് പിടിച്ച് നിലം ഉഴുതു മറിക്കുകയാണ് ഈ നാടകത്തിലൂടെ .കർഷകരുടെ ഹൃദയമായ പാടത്തിന്റെ ഒത്ത നടുക്ക് പോരാട്ട വീര്യവുമായിചേർന്ന കർഷകരും കർഷതൊഴിലാളികളും പ്രദേശവാസികളും കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് നാടകം അവസാനിക്കുന്നത്.

സംസ്കാര സാഹിതി ജില്ലാ ചെയർമാൻ ബോബൻ മാട്ടുമന്ത രചനയും സംവിധാനവും നിർവ്വഹിച്ച നാടകത്തിൽ അഡ്വ.ഗിരീഷ് നൊച്ചുള്ളി, ദീപം സുരേഷ്, ഉമ്മർ ഫാറൂഖ്, കലാധരൻ ഉപ്പുംപാടം, മുഹമ്മദലി പിരായിരി, ഗിരീഷ് എ ,പൂവക്കോട് സജീവൻ, എന്നിവരാണ് അഭിനയിക്കുന്നത്. സംഗീതം സജിത് ശങ്കർ , അനഘ മോഹൻ, കല സംവിധാനം അഡ്വ.ലിജോ പനങ്ങാടൻ, ചമയം റഫീഖ് കാറൽമണ്ണ.

palakkad news
Advertisment