Advertisment

ദുബായ് എക്സ്പോയിലൂടെ അര ദിവസം!

New Update

publive-image

Advertisment

അവസരം, ചലനാത്മകത, സുസ്ഥിരത എന്നീ തീമുകളുടെ സംയോജിത സമുച്ചയമാണ് ദുബൈയിൽ നടക്കുന്ന എക്സ്പോ 2020. ഇന്നോ, നാളെയോ അവസാനിക്കുമെന്നുറപ്പില്ലാത്ത ഒരു മഹാമാരിക്കാലത്താണ് ദുബായ് ലോകമേള സംഘടിപ്പിച്ചത്.

ആറുമാസത്തിനുള്ളിൽ രണ്ടുകോടി സന്ദർശകർ എക്സ്പോ കാഴ്ചക്കാരായി എത്തുമെന്നാണ് ദുബായ് പ്രതീക്ഷിക്കുന്നത്. അതിനായി അവർ എല്ലാ വാതിലുകളും തുറന്നിട്ടിരിക്കുന്നു. മേളയിലേക്കുള്ള കവാടത്തിൽ പരിശോധന കർശനമാണ്. രണ്ടു ഡോസ് വാക്സിനോ, ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ വേണമെന്ന നിബന്ധനയോടെയാണ് പ്രവേശനം.

publive-image

ജബൽഅലി മെട്രോ സ്റ്റേഷനിൽ കാർ പാർക്ക് ചെയ്തശേഷം എക്സ്പോ കവാടവുമായി ബന്ധിപ്പിക്കുന്ന ദുബായ് മെട്രോയുടെ പുതുപുത്തൻ മെട്രോ ട്രെയിനിൽ ഞാനും കുടുംബവും കയറി. മകൾ ഫാദിയയുടെ ഭർത്താവ് ഫഹദുകൂടി ഉൾപ്പെട്ട ടീമായിരുന്നു എക്സ്പോ മെട്രോ സ്റ്റേഷൻ വിഭാവനം ചെയ്തത്, പതിനെട്ടുമിനുട്ടിലെ മെട്രോയാത്രയിൽ ഫഹദ് ആ സംഭവങ്ങൾ വിവരിച്ചുതന്നു. എക്സ്പോ മെട്രോ സ്റ്റേഷന്റെ മനോഹാരിത അത്രമേൽ മനം കുളിർക്കുന്നതാണ്.

നിർമിതബുദ്ധിയുടെ (Artificial intelligence) പ്രവർത്തനമാണ് മേളയിലെ മുഖ്യ ആകർഷണം. സംസാര വൈകല്യങ്ങൾ ഉള്ളവരെ സഹായിക്കാനായി നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ഉപകരണം അത്തരം സന്ദർശകരെ മേളയിലേക്കെത്തിക്കുന്നു. മേളയിലെവിടെയും ഭക്ഷണമെത്തിക്കുന്ന ജോലിയും നിർമിതബുദ്ധി നിർവഹിക്കുന്നുണ്ട്.

publive-image

(ഭക്ഷണമെത്തിക്കുന്ന നിർമ്മിതബുദ്ധിയുടെ വാഹനങ്ങൾ)

പവലിയനുകളുടെ സമുച്ചയങ്ങൾ:

ഇരുനൂറിലേറെ രാജ്യങ്ങളുടെ വ്യത്യസ്ത പവലിയനുകൾ ഒന്നിനൊന്നോട് മത്സരിക്കും വിധത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. പുറത്തുനിന്നു നോക്കുമ്പോൾ അകത്തെ വിസ്മയ കാഴ്ചകൾ എന്തെന്നറിയാനുള്ള ജിജ്ഞാസ മനസ്സിലുദിക്കും. പക്ഷെ പവലിയനുമുമ്പിലെ നീണ്ട ക്യൂ കാണുമ്പോൾ അടുത്ത പവലിയനിലേക്ക് നീങ്ങും. അവിടെയും തടിച്ചുകൂടിയ ജനങ്ങളെ കാണാം.

വർണ്ണ വിസ്മയങ്ങളുടെ മഹാപ്രപഞ്ചമെന്നു വേണമെങ്കിൽ ഈ മേളയെ വിശേഷിപ്പിക്കാം. ഓരോ രാജ്യത്തിന്റെയും വാസ്തുവിദ്യാ ചാതുര്യവും സാങ്കേതിക വിസ്മയങ്ങളും പ്രദർശനത്തിനൊരുക്കിയിട്ടുണ്ട്. ഏതാനും വർഷങ്ങൾക്കുമുമ്പ് വെറും മരുഭൂമിയായിരുന്ന ഈ എക്സ്പോ പ്രദേശം ഒരു മഹാനഗരിയായി മാറ്റിയെടുക്കാൻ ദുബായ് ഭരണകൂടത്തിനായി എന്നതുതന്നെ മറ്റൊരു അതിശയമാണ്.

ഒരു ബൾബ് രൂപത്തിൽ കെട്ടിയുണ്ടാക്കിയ ചൈനയുടെ പവലിയനുള്ളിൽ ലോകത്തെ മാറ്റിമറിച്ച സംഭവവികാസങ്ങളുടെ ഇലക്ട്രോണിക് ശക്തി മനുഷ്യനെ മനസ്സിലാക്കിത്തരുന്നു. സൗദി അറേബ്യായുടെ മാറുന്ന മുഖം മറ്റൊരു സവിശേഷതയാണ്. മരുഭൂമിയെ കൃഷിക്കനുയോജ്യമായി മാറ്റിമറിക്കാൻ സാധിക്കിമെന്നതിന്റെ നേർക്കാഴ്ചലാണ് അവിടെ കാണാനുള്ളത്. സോളാർ ഫ്രിഡ്ജും, തണുപ്പിക്കുന്ന യന്ത്രണങ്ങളും മരുഭൂമിയുടെ സംഭാവനകളായി മാറാൻ ഇനി അധികനാൾ വേണ്ടിവരില്ല.

publive-image
(എക്സ്പോയിൽ ക്രിത്രിമ നയാഗ്രാ വെള്ളച്ചാട്ടം ലേഖകൻ വീക്ഷിക്കുന്നു)

ഇരുനൂറ് രാജ്യങ്ങളുടെ വിസ്മയ കാഴ്ചകൾ കണ്ടുമടങ്ങാൻ അരദിവസം മതിയാവില്ല, വീണ്ടും വീണ്ടും എത്തുന്നവർക്കായി ഒരുമാസത്തെ കാലാവധിയുള്ള ടിക്കറ്റുകളാണ് വിതരണം ചെയ്യുന്നത്. സന്ധ്യയോടെ നേരിയ തണുപ്പിന്റെ സുഖശീതളിമയിലേക്ക് വഴുതിവീഴുന്ന മരുഭൂമിയിലെ ഈ മഹാനഗരക്കാഴ്ച മനസ്സിൽ സൂക്ഷിക്കുമ്പോഴും ഈ നാടിൻറെ ഭരണാധികാരിയുടെ ദീർഘവീക്ഷണവും കാഴ്ചപ്പാടും ലോകത്തെ അത്ഭുതപ്പെടുത്തും. അരനൂറ്റാണ്ട് മുമ്പത്തെ യു.എ.ഇ.യുടെ ചരിത്രം നമ്മോടു പറയുന്ന “വിഷൻ” പവലിയൻ പഴമയുടെ കാലഘട്ടത്തിലെ ഭരണാധികാരിയുടെ ചിത്രവും പുതിയ ലോകത്തിന്റെ കാഴ്ചപ്പാടും വിളിച്ചോതുന്നതാണ്.

publive-image

(യു.എ.ഇ.യുടെ വിഷൻ പവലിയൻ)

സ്നേഹത്തിനൊരു അടിക്കുറിപ്പ്

മനുഷ്യരെ സ്നേഹിക്കുന്ന നാടാണ് പണ്ട് മുതലേ അറബ് രാജ്യങ്ങൾ. അതുകൊണ്ടാണല്ലോ മൂന്നാംലോക രാജ്യങ്ങളിലെ ദാരിദ്രം ഇവിടെ മനുഷ്യ ശക്തിയായി കടന്നു വന്നത്. സാംസ്കാരിക വിനിമയവും മത സഹിഷ്ണതയും ഈ രാജ്യങ്ങളുടെ മുഖമുദ്രയാണ്. യു.എ.യിലെ ജബൽഅലിയിൽ അറബ് വാസ്തുശില്പ മാതൃകയിൽ നിർമ്മിച്ചുകൊണ്ടിരിക്കുന്ന ഹിന്ദു ക്ഷേത്രം നമ്മോടു പറയുന്നതും അത് തന്നെയാണ്. ഇവരിൽ നിന്നും മത സൗഹാർദവും മനുഷ്യ സ്നേഹവും നാം ഇനിയും പഠിക്കേണ്ടിവരുമോ?

publive-image

(ദുബായിലെ ജബലലിയിൽ നിർമിച്ചുകൊണ്ടിരിക്കുന്ന ഹിന്ദു ക്ഷേത്രം)

ഹസ്സൻ തിക്കോടി, email: hassanbatha@gmail.com.

phone: 9747883300 UAE no:971- 0569493731

Advertisment