ദുല്‍ഖര്‍-പ്രണവ് താരപുത്ര സമാഗമത്തിലുറച്ച് ആരാധകർ, വാര്‍ത്ത വൈറലാകുന്നു !

ഫിലിം ഡസ്ക്
Thursday, May 10, 2018

മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ചെത്തിയ സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ദുല്‍ഖറും പ്രണവും ഒരുമിച്ചെത്തുന്ന ചിത്രത്തിന് വേണ്ടിയാണ് ഇപ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്നത്. അടുത്ത സുഹൃത്തുക്കളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇവരുടെ കുടുംബങ്ങള്‍ തമ്മിലും അടുത്ത സൗഹൃദമാണ്. ലാലിന്റെ സ്വന്തം ഇച്ചാക്കയാണ് മമ്മൂട്ടി. സിനിമാജീവിതത്തില്‍ പരസ്പരം സഹായിച്ചും പിന്തുണച്ചുമാണ് ഇരുവരും മുന്നേറുന്നത്.

കുട്ടിക്കാലം മുതല്‍ത്തന്നെ പരിചയക്കാരാണ് ദുല്‍ഖര്‍ സല്‍മാനും പ്രണവും. തനിക്കേറെ പ്രിയപ്പെട്ട അപ്പു സിനിമയില്‍ തുടക്കം കുറിക്കുന്നത് വളരെ സന്തോഷകരമായ കാര്യമാണെന്നും അവന് എല്ലാവിധ ആശംസയും നേരുന്നുവെന്ന് ആദി പ്രഖ്യാപിച്ചപ്പോള്‍ ദുല്‍ഖര്‍ പറഞ്ഞിരുന്നു. സിനിമ റിലീസ് ചെയ്തപ്പോഴും അപ്പുവിനെ ആശംസിക്കാന്‍ ചാലുവുണ്ടായിരുന്നു. ദുല്‍ഖരിന്റെ പിന്തുണയെക്കുറിച്ച് സുചിത്ര മോഹന്‍ലാലും വാചാലയായിരുന്നു.

ആദിയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടയിലാണ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്.എന്നാൽ അത് സംഭവിക്കുകയുണ്ടായില്ല. ആരാധകരെ ഏറെ നിരാശപ്പെടുത്തിയ സംഭവം കൂടിയായിരുന്നു ഇത്. എന്നാല്‍ ഇരുവരും അടുത്ത് തന്നെ ഒരുമിച്ചെത്തുമെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഇതേക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ആദിക്ക് ശേഷമുള്ള അടുത്ത സിനിമയില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രണവ്

രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന സിനിമയിലൂടെ ദുല്‍ഖര്‍-പ്രണവ് താരപുത്ര സമാഗമം സംഭവിക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഈ വാര്‍ത്ത വൈറലായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ താരപുത്രന്‍മാരോ, ഇവരോട് അടുത്ത വൃത്തങ്ങളോ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. പ്രതികരണത്തിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.പ്രണവിന്റെയും അരുണ്‍ ഗോപിയുടെയും രണ്ടാമത്തെ സിനിമയാണ് അണിയറയില്‍ ഒരുങ്ങുന്നത്.

 

“പ്രണവിന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ നായകനായി എത്തുന്നു” എന്ന തരത്തിലുള്ള പ്രചാരണങ്ങളും നടക്കുന്നുണ്ട്. ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പരിചയവുമായാണ് പ്രണവ് നായകനായി അരങ്ങേറിയത്. സംവിധാനത്തോടാണ് തനിക്ക് കൂടുതല്‍ താല്‍പര്യമെന്നും ഈ താരപുത്രന്‍ വ്യക്തമാക്കിയിരുന്നു.എന്നാൽ ഇതിനും താരപുത്രന്‍മാരോ, ഇവരോട് അടുത്ത വൃത്തങ്ങളോ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

×