Advertisment

ഒരു വര്‍ഷം മാത്രം പഴക്കമുള്ള പാര്‍ട്ടി. 10 സീറ്റ്. 31 വയസ് - ഹരിയാനയില്‍ ഭരണം എങ്ങനെ പോകണമെന്ന് ഈ ചെറുപ്പക്കാരന്‍ തീരുമാനിക്കും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ഡല്‍ഹി : ഹരിയാനയില്‍ ഭരണകക്ഷിയായ ബിജെപി തട്ടിക്കൂട്ട് ഭൂരിപക്ഷവുമായി അധികാരത്തില്‍ വന്നാലും ഭരണം സുഗമാമാകില്ല. അത് വേണമെങ്കില്‍ 10 അംഗങ്ങളുള്ള ജെജെപിയുടെ പിന്തുണ ആവശ്യമാണ്‌. അതിനി ബിജെപിക്ക് ആണെങ്കിലും കോണ്‍ഗ്രസിനാണെങ്കിലും.

കേവലഭൂരിപക്ഷം ആര്‍ക്കുമില്ലാത്ത സാഹചര്യത്തില്‍ ഹരിയാനയില്‍ രാഷ്ട്രീയ൦ നിയന്ത്രിക്കുന്ന നിര്‍ണായക ശക്തിയായി മാറിയിരിക്കുകയാണ് ജനനായക് ജനതാ പാര്‍ട്ടി. ഇതോടെ ഒരു 31 കാരനായിരിക്കും ഇനി ഹരിയാന രാഷ്ട്രീയം നിയന്ത്രിക്കുക, ജെജെപി തലവനായ ദുഷ്യന്ത് ചൗത്താല.

ദുഷ്യന്ത് ചൗട്ടാലയെ ഹരിയാനയുടെ പുതിയ കിങ് മേക്കര്‍ എന്നാണ് പലരും വിശേഷിപ്പിക്കുന്നത് .

publive-image

90 നിയമസഭാ മണ്ഡലങ്ങളുള്ള ഹരിയാനയില്‍ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 46 സീറ്റുകള്‍ നേടുന്നതിന് ബിജെപിക്ക് ആറു സീറ്റാണു വേണ്ടത്. കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും 15 സീറ്റുകള്‍ ആവശ്യമാണ്. തൂക്കുമന്ത്രി സഭ ഉണ്ടാക്കുന്നതിനു പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ ഇരു മുന്നണികള്‍ക്കും നിലവില്‍ ആവശ്യമാണ്.

ഇതില്‍ ഏറ്റവും ശ്രദ്ധ നേടുന്നത് 10 സീറ്റുകള്‍ കൈവശമുള്ള ജെജെപി എന്ന പാര്‍ട്ടിയും വെറും 31 വയസ്സ് മാത്രം പ്രായമുള്ള അവരുടെ നേതാവുമാണ്.

2014ല്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോള്‍ 26 വയസായിരുന്നു. ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. ഹിസാര്‍ ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് ദുഷ്യന്ത് ലോക്‌സഭയിലെത്തിയത്.

2015ല്‍ ജപ്പാനിലെ ടോക്കിയോയില്‍ നടന്ന ഇന്റര്‍ പാര്‍ലമെന്ററി യൂണിയനില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചതും ദുഷ്യന്തായിരുന്നു. ലോകത്തെ ഏറ്റവും കരുത്തരായ യുവ രാഷ്ട്രീയക്കാരുടെ ലിസ്റ്റില്‍ ആദ്യ 100-ല്‍ ഇടംപിടിച്ചവരിലും ദുഷ്യന്ത് ഉണ്ടായിരുന്നു.

ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ പാര്‍ട്ടിയുടെ ലേബലിലാണ് ദുഷ്യന്ത് ആദ്യമായി പാര്‍ലമെന്റിലെത്തുന്നത്. എന്നാല്‍ പാര്‍ട്ടിയുമായുള്ള അസ്വാരസ്യത്തെത്തുടര്‍ന്ന് പാര്‍ട്ടിവിട്ട അദ്ദേഹം 2018 ഡിസംബറിലാണ് പുതിയ പാര്‍ട്ടിക്കു രൂപംകൊടുക്കുന്നത്.

തുടക്കം മുതല്‍ തന്നെ ഏറെ ജനപ്രീതി നേടിയ ഒരു പാര്‍ട്ടിയായിരുന്നു ജെജെപി. ദുഷ്യന്ത് ഹരിയാനയിലെ ജിന്തില്‍ സംഘടിപ്പിച്ച ഒരു രാഷ്ട്രീയ പരിപാടിയില്‍ പങ്കെടുത്തത് ആറു ലക്ഷത്തിലധികം ആളുകളാണ്. ഹരിയാനയില്‍ അന്നുവരെ ഒരിക്കലും കണ്ടിട്ടില്ലാത്ത അത്രവലിയ ജനക്കൂട്ടമായിരുന്നു അത്.

ഇത്തരമൊരു വലിയ ജനക്കൂട്ടത്തെ ഹരിയാന കണ്ടത് 1986ലാണ്. അന്നത്തെ ഡെപ്യൂട്ടി പ്രധാനമന്ത്രിയായിരുന്ന ദേവി ലാല്‍ ചൗട്ടാല സംഘടിപ്പിച്ച പരിപാടിയില്‍ മാത്രമാണ് ആറ് ലക്ഷത്തിലധികം ആള്‍ക്കാര്‍ ഇതിനുമുമ്പ് ഹരിയാനയില്‍ ഒരുമിച്ച് കൂടിയത്.

ഇന്ത്യയുടെ ഡെപ്യൂട്ടി പ്രധാനമന്ത്രി വരെയായ ദേവി ലാല്‍ ചൗട്ടാലയുടെ കൊച്ചുമകന്റെ മകനാണ് ദുഷ്യന്ത്. ഹരിയാനയുടെ മുന്‍ മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാലയുടെ മകന്‍ അജയ് ചൗട്ടാലയുടെ മകനാണ് ദുഷ്യന്ത്.

ടേബിള്‍ ടെന്നിസ് ഫെഡറേഷന്‍ പ്രസിഡന്‌റായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും ഒപ്പം ഏതെങ്കിലുമൊരു കായിക സംഘടനയുടെ പ്രസിഡന്‌റാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് ദുഷ്യന്ത്.

hariyana
Advertisment