Advertisment

ആധുനികതയുടെ കൊമ്പത്തെത്തിയ അമേരിക്കന്‍ സമൂഹത്തില്‍ ലൈംഗിക സ്വാതന്ത്ര്യം ജീവിതത്തിന്‍റെ തന്നെ ഭാഗമാണെങ്കിലും അവിടെ പല സംസ്ഥാനങ്ങളിലും ഗര്‍ഭഛിദ്രം നിയമവിധേയമല്ല; അമേരിക്കന്‍ സമൂഹത്തിലെ ഒരു വലിയ വൈരുദ്ധ്യവും ഇത് തന്നെ ! അമേരിക്കന്‍ സ്ത്രീക്കു ലഭ്യമല്ലാത്ത ഒരു വലിയ അവകാശമാണ് ഇന്ത്യന്‍ സ്ത്രീക്ക് സുപ്രീം കോടതി നല്‍കിയത്; ആധുനിക ഇന്ത്യന്‍ സ്ത്രീയുടെ മുന്നേറ്റത്തില്‍ വലിയൊരു ഏടുതന്നെയായിരിക്കും ഇത്‌; ഈ വിധി ലോകമെങ്ങും ശ്രദ്ധിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല- മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

ര്‍ഭഛിദ്രം സ്ത്രീയുടെ അവകാശമാണെന്ന് സുപ്രീം കോടതി വിധിച്ചിരിക്കുന്നു. ഇന്ത്യയിലെ ഏതു സ്ത്രീക്കും, അത് വിവാഹിതയോ, അവിവാഹിതയോ ആയിക്കൊള്ളട്ടെ, ആവശ്യമെങ്കില്‍ സുരക്ഷിതവും നിയമപരവുമായ ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടെന്ന് സുപ്രീം കോടതിയുടെ അതിപ്രധാനമായ വിധിയില്‍ പറയുന്നു.

ആധുനിക ഇന്ത്യന്‍ സ്ത്രീയുടെ മുന്നേറ്റത്തില്‍ വലിയൊരു ഏടുതന്നെയായിരിക്കും ഈ വിധി. വിവാഹിതയായ സ്ത്രീകള്‍ക്കു മാത്രമേ ഗര്‍ഭഛിദ്രം നടത്താനവകാശമുള്ളു എന്ന ധാരണ തിരുത്തിക്കുറിക്കുകയും ചെയ്യുന്നു ഈ വിധി.


ഗര്‍ഭഛിദ്രത്തിന്‍റെ കാര്യത്തില്‍ സ്ത്രീകളെ വിവാഹിതയെന്നും അവിവാഹിതയെന്നും വേര്‍തിരിച്ചുകാണുന്നത് ഭരണഘടനാപരമല്ലെന്ന് വ്യക്തമാക്കുകയാണ് ഇന്ത്യയിലെ പരമോന്നത നീതിന്യായ കോടതി.


ആധുനിക ഭാരതത്തിലെ വിദ്യാഭ്യാസം സിദ്ധിച്ച യുവതികള്‍ക്കുവേണ്ടിയുള്ളതാണ് ഈ വിധി. പുതിയ ഇന്ത്യയില്‍ ഉയര്‍ന്ന വിദ്യാഭ്യാസം നേടി ഉന്നത ജോലിയില്‍ പ്രവേശിക്കുന്ന വനിതകള്‍ വളരെയാണ്. ജോലി സംബന്ധമായ കാര്യങ്ങള്‍ക്കും ഉല്ലാസത്തിനുമൊക്കെയായി യാത്ര നടത്തുകയും ഹോട്ടലുകളിലും മറ്റും താമസിക്കുകയും ചെയ്യുന്ന പെണ്‍കുട്ടികളും ഏറെ. ഇവരില്‍ പലര്‍ക്കും ആണ്‍ സൗഹൃദങ്ങളുമുണ്ടാകും. ഇങ്ങനെയുള്ളവര്‍ ഗര്‍ഭം ധരിച്ചാല്‍ അവിവാഹിതയാണെന്ന കാരണം കൊണ്ട് അവര്‍ക്കു ഗര്‍ഭഛിദ്രം നിഷേധിക്കരുതെന്നാണ് സുപ്രീം കോടതി പറഞ്ഞു വെയ്ക്കുന്നത്.

വിവാഹ ജീവിതത്തിനുള്ളിലുണ്ടാകുന്ന ബലാല്‍ക്കാരത്തെക്കുറിച്ചും സുപ്രീം കോടതി ഇതേ വിധിന്യായത്തില്‍ പറയുന്നുണ്ട്. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നൻസി ആക്ട് (എം.ടി.പി) എന്ന ഗര്‍ഭഛിദ്ര നിയമത്തില്‍ ബലാല്‍സംഗം എന്ന കുറ്റത്തില്‍ വിവാഹ ജീവിതത്തിലെ ബലാല്‍സംഗവും ഉള്‍പ്പെടുത്തണമെന്നും സുപ്രീം കോടതി ഉത്തരവായി.


"ഗര്‍ഭഛിദ്ര നിയമത്തില്‍ ഇനി വിവാഹിതയെന്നും അവിവാഹിതയെന്നുമുള്ള വിവേചനം പാടില്ല. ഒറ്റയ്ക്കു ജീവിക്കുന്ന, അവിവാഹിതരായ പെണ്‍കുട്ടികള്‍ക്കും ഇനി ആവശ്യമെങ്കില്‍ സ്വന്തം ഇഷ്ടപ്രകാരം നിയമമനുസരിച്ചുള്ള ഗര്‍ഭഛിദ്രം നടത്താം. ഇത് അവരുടെ ഭരണഘടനാപരമായ അവകാശമായിരിക്കും", സുപ്രീം കോടതി വ്യക്തമായ ഭാഷയില്‍ പറയുന്നു.


ആവശ്യമില്ലാത്ത ഗര്‍ഭം ഒഴിവാക്കാമെന്നും അതിന് ഏതു സ്ത്രീക്കും അവകാശമുണ്ടെന്നുമുള്ള ഇന്ത്യന്‍ സുപ്രീം കോടതി വിധി ലോകമെങ്ങും ശ്രദ്ധിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. 25 വയസുള്ള ഒരു യുവതിയുടെ പരാതിയിന്മേലാണ് സുപ്രീം കോടതി ഈ തീരുമാനമെടുത്തത്. ഒരു ആണ്‍ സുഹൃത്തിനോടൊപ്പം ജീവിക്കുകയായിരുന്ന യുവതി ഗര്‍ഭം ധരിച്ചു. സുഹൃത്തുമായുള്ള ബന്ധം അവസാനിച്ചതിനാല്‍ യുവതിക്ക് ഗര്‍ഭഛിദ്രം ആവശ്യമായി വന്നു. നിയമപ്രകാരം അതു സാധ്യമല്ല താനും. ഭര്‍ത്താവില്ലാതെ ഗര്‍ഭം ധരിക്കുന്ന യുവതികള്‍ക്ക് ഇന്ത്യന്‍ നിയമ പ്രകാരം ഗര്‍ഭം അലസിപ്പിക്കാന്‍ അനുവാദമില്ലായിരുന്നു.

നിയമത്തില്‍ അവിവാഹിതയും ഒറ്റയ്ക്കു കഴിയുന്നവരുമായ ഏതു സ്ത്രീക്കും നിയമപ്രകാരമുള്ള ഗര്‍ഭഛിദ്രമാകാം എന്ന് സുപ്രീം കോടതി ബന്ധപ്പെട്ട എം.ടി.പി നിയമത്തില്‍ മാറ്റം വരുത്തിയിരിക്കുന്നു. 24 ആഴ്ച വരെ പ്രായമുള്ള ഭ്രൂണത്തെയാണ് ഇങ്ങനെ ഇല്ലായ്മ ചെയ്യാനാവുക.

1971 - ലാണ് പാര്‍ലമെന്‍റ് എം.പി.പി ആക്ട് പാസാക്കിയത്. ഇന്ത്യയില്‍ ഗര്‍ഭഛിദ്രം നടത്താനുള്ള നിയമമാണിത്. 20 ആഴ്ച വരെ പ്രായമുള്ള ഭ്രൂണത്തെ ഇല്ലായ്മ ചെയ്യാമെന്നാണ് നിയമത്തില്‍ പറയുന്നത്. ബലാല്‍സംഗത്തിനിരയായവര്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍, അംഗവൈകല്യമുള്ളവര്‍ എന്നിവര്‍ക്ക് ഗര്‍ഭഛിദ്രം ആവശ്യമായാല്‍ 24 ആഴ്ച വരെ പ്രായമുള്ള ഭൂണം ഇല്ലായ്മ ചെയ്യാം.

പുതിയ നിയമ പ്രകാരം എല്ലാത്തരം ഗര്‍ഭഛിദ്രത്തിനും 24 ആഴ്ച വരെ കാലാവധി സുപ്രീം കോടതി അനുവദിക്കുകയും ചെയ്തിരിക്കുന്നു.


അമേരിക്കന്‍ സ്ത്രീക്കു ലഭ്യമല്ലാത്ത ഒരു വലിയ സ്വാതന്ത്ര്യവും അവകാശവുമാണ് ഇന്ത്യന്‍ സ്ത്രീക്ക് സുപ്രീം കോടതി നല്‍കിയിരിക്കുന്നത്. അമേരിക്കയില്‍ ഗര്‍ഭഛിദ്രവും ഗര്‍ഭഛിദ്ര നിയമങ്ങളും എപ്പോഴും രാഷ്ട്രീയ വിഷയവുമാണ്.


പല യാഥാസ്ഥിതിക ക്രിസ്ത്യന്‍ വിഭാഗങ്ങളും ഗര്‍ഭഛിദ്രത്തെ എതിര്‍ക്കുന്നു. ആധുനികതയുടെയും ധാരാളിത്തത്തിന്‍റെയും കൊമ്പത്തെത്തിയ അമേരിക്കന്‍ സമൂഹത്തില്‍ ലൈംഗിക സ്വാതന്ത്ര്യവും ലൈംഗിക അരാജകത്വവും ജീവിതത്തിന്‍റെ തന്നെ ഭാഗമാണെങ്കിലും അവിടെ പല സംസ്ഥാനങ്ങളിലും ഗര്‍ഭഛിദ്രം നിയമവിധേയമല്ല. അമേരിക്കന്‍ സമൂഹത്തിലെ ഒരു വലിയ വൈരുദ്ധ്യമാണിത്.

ഇന്ത്യയിലെ സ്ത്രീകളുടെ മുന്നേറ്റത്തില്‍ സുപ്രീം കോടതി വിധി ഒരു വലിയ നാഴികക്കല്ലായിരിക്കും.

Advertisment