Advertisment

ഇത്തവണത്തെ ഫുട്ബോള്‍ കിരീടം അര്‍ജന്‍റീനയ്ക്കുമാത്രം അവകാശപ്പെട്ടതായിരുന്നു; അര്‍ജന്‍റീനയുടെ ചുണക്കുട്ടികള്‍ അതു നേടി; മെസ്സിയുടെയും സ്കലോണിയുടെയും സമര്‍ത്ഥമായ നേതൃത്വം ആ വലിയ പോരാട്ടങ്ങള്‍ക്ക് അടുക്കും ചിട്ടയും മൂര്‍ച്ചയും നല്‍കി! അര്‍ജന്‍റീന കൈവരിച്ച നേട്ടത്തിന് ഒരു ചെറിയ രാജ്യത്തിന്‍റെയും അവിടുത്തെ ജനതയുടെയും ഒരായിരം സ്വപ്നങ്ങളുടെ സൗന്ദര്യം; ഒപ്പം ഖത്തര്‍ എന്ന ചെറിയ രാജ്യത്തിനും അഭിമാനം-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

യണല്‍ മെസ്സി, ലോകത്തിന്‍റെ നെറുകയില്‍ എത്തിനില്‍ക്കുന്ന ഫുട്ബോള്‍ മാന്ത്രികന്‍. അതെ, അര്‍ജന്‍റീനയുടെ ഫുട്ബോള്‍ രാജാവ് മെസ്സി ഇന്ന് ലോകത്തിന്‍റെ തന്നെ ഫുട്ബോള്‍ രാജാവ്.

ഖത്തര്‍ എന്ന ചെറിയ രാജ്യത്തെ ഞായറാഴ്ചയിലെ രാവ് അതിഗംഭീരമായ ഇന്ദ്രജാലത്തിലൂടെ മെസ്സി സ്വന്തമാക്കി. നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ നിഷ്പ്രഭമാക്കി മെസ്സിയും കൂട്ടരും ലോക ഫുട്ബോള്‍ കിരീടമണിഞ്ഞു. ലോകത്തെ മുഴുവന്‍ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ഫൈനല്‍ മത്സരത്തിന്‍റെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ നിലംപരിശാക്കി അര്‍ജന്‍റീന കൈവരിച്ച നേട്ടത്തിന് ഒരു ചെറിയ രാജ്യത്തിന്‍റെയും അവിടുത്തെ ജനതയുടെയും ഒരായിരം സ്വപ്നങ്ങളുടെ സൗന്ദര്യം. ഒപ്പം ഖത്തര്‍ എന്ന ചെറിയ രാജ്യത്തിനും അഭിമാനം.


ചുറ്റുമുള്ള രാജ്യങ്ങളുടെ എല്ലാ എതിര്‍പ്പിനെയും മറികടന്ന്, ലോകത്തെ വന്‍കിട രാജ്യങ്ങളുടെ ആശ്ചര്യം നിറഞ്ഞ നോട്ടങ്ങളെ വെല്ലുവിളിച്ച് ലോക ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് എറ്റെടുത്ത് സമ്പൂര്‍ണതയുടെ പരിസമാപ്തിയിലെത്തിച്ച ഖത്തറിന്‍റെയും വിജയരാവായിരുന്നു കഴിഞ്ഞുപോയത്.


ലോകം മുഴുവന്‍ മെസ്സിയുടെയും അര്‍ജന്‍റീനയുടെയും വിജയം ആഘോഷിച്ചപ്പോള്‍ അത് ഖത്തര്‍ എന്ന ചെറിയ അറബിരാജ്യം ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച സംഘാടക മികവിന്‍റെയും ആഘോഷമായും മാറുകയായിരുന്നു.

അതെ. ഞായറാഴ്ചത്തെ രാത്രി അര്‍ജന്‍റീനയും മെസ്സിയും കീഴടക്കിയപ്പോള്‍ അര്‍ജന്‍റീനയിലെ സാധാരണക്കാരായ ജനങ്ങള്‍ ദോഹയിലെ ലുസെയ്ല്‍ സ്റ്റേഡിയത്തിന്‍റെ ഗ്യാലറികളില്‍ നിരന്നു നിന്ന് ആര്‍പ്പുവിളിച്ചും ആനന്ദനൃത്തം ചവിട്ടിയും സന്തോഷം പ്രകടിപ്പിച്ചു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദോഹയില്‍ പറന്നിറങ്ങിയ ജനക്കൂട്ടവും ആരവത്തോടെ ആഘോഷത്തില്‍ പങ്കെടുത്തു. മെസ്സിയെയും സംഘത്തെയും അവര്‍ വാഴ്ത്തി.

ലോകം മുഴുവന്‍ ഞായറാഴ്ചത്തെ കളിയില്‍ അര്‍ജന്‍റീനയ്ക്കൊപ്പമായിരുന്നുവെന്നു പറയാം. കേരളത്തില്‍, പ്രത്യേകിച്ച് മലപ്പുറത്ത്, വലിയ ടെലിവിഷന്‍ സ്ക്രീനുകള്‍ക്കു മുന്‍പില്‍ നിന്ന് മെസ്സി ലോക ഫുട്ബോള്‍ കപ്പില്‍ മുത്തമിടുന്നതു കണ്ട് ജനസഹസ്രങ്ങള്‍ അതിസന്തോഷത്തോടെ ആര്‍പ്പുവിളിച്ചു. മെസ്സീ, മെസ്സീ... എന്ന ഒറ്റപ്പേര് ലോകമെങ്ങും മുഴങ്ങി.

ഫുട്ബോളിനു വേണ്ടി മാത്രം ജീവിച്ച മെസ്സി അര്‍ജന്‍റീനയില്‍ ഫുട്ബോള്‍ തലയ്ക്കുപിടിച്ച ഒരു ജനതയുടെ അഭിമാനമായി വളര്‍ന്ന് ആകാശം മുട്ടെ എത്തിനിന്ന നിമിഷങ്ങള്‍. വേഗതകൊണ്ടും നാടകീയമായ മുന്നേറ്റങ്ങള്‍ കൊണ്ടും ശത്രുക്കളെ വിറപ്പിച്ച ഫ്രാന്‍സിന്‍റെ വലിയ താരം എംബാപ്പെ പോലും മെസ്സിയുടെ മുന്നില്‍ തെല്ലു ചെറുതായിപ്പോയി.

ഫൈനലില്‍ മൂന്നു ഗോളടിച്ച് ഹാട്രിക് നേടിയ കിലിയന്‍ എംബാപ്പെ കൂടുതല്‍ ഗോള്‍ നേടിയ താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് ഏറ്റുവാങ്ങിയത് നിറകണ്ണുകളോടെ. ഫൈനലിന്‍റെ ആദ്യ ഘട്ടങ്ങളിലെല്ലാം രണ്ടു ഗോളുമായി മുന്നിട്ടുനിന്ന അര്‍ജന്‍റീനയെ വിറപ്പിച്ചത് എംബാപ്പെയുടെ പെനാല്‍റ്റിയില്‍നിന്നുതിര്‍ന്ന ഗോളായിരുന്നു. കരുത്തേറിയ കാല്‍ തൊടുത്തുവിട്ട പന്ത് ചാട്ടുളിപോലെ പാഞ്ഞ് അര്‍ജന്‍റീനാ ഗോളിയെയും കടന്ന് നേരേ ഗോള്‍ വലയത്തിലേയ്ക്ക്. പിന്നെ ഉണര്‍ന്നുകളിച്ച ഫ്രഞ്ച് പടയെയാണു കണ്ടത്. തൊട്ടുപിന്നാലെ എംബാപ്പെയുടെ തന്നെ രണ്ടാം ഗോള്‍. അതും ലോകത്തിന് എന്നും ഓര്‍മയില്‍ സൂക്ഷിക്കാവുന്ന അതിസുന്ദരമായ ഗോള്‍.

എംബാപ്പെ എന്ന 24 കാരന്‍റെ കരുത്തിന്‍റെയും നിശ്ചയദാര്‍ഢ്യത്തിന്‍റെയും കൈയ്യൊപ്പുള്ള ഗോള്‍. സമയമെല്ലാം കടന്ന് അവസാനം പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയും എംബാപ്പെ ഗോള്‍ നേടി.


ഫൈനലില്‍ അതി ഗംഭീര ഹാട്രിക്. കൈയില്‍ സ്വര്‍ണ പാദുകവുമായി ദുഖഭാരം മുഴുവന്‍ മുഖത്ത് വെളിവാക്കിക്കൊണ്ടുതന്നെ പടിയിറങ്ങിയ എംബാപ്പെയുടേതാണ് ഇനി വരുന്ന ഫുട്ബോള്‍ പോരാട്ടങ്ങള്‍ എന്ന് ലോകം മനസില്‍ കുറിക്കുകയായിരുന്നു.


എന്തായാലും ഇത്തവണത്തെ ഫുട്ബോള്‍ കിരീടം അര്‍ജന്‍റീനയ്ക്കുമാത്രം അവകാശപ്പെട്ടതായിരുന്നു. അര്‍ജന്‍റീനയുടെ ചുണക്കുട്ടികള്‍ അതു നേടി. മെസ്സിയുടെയും കോച്ച് 40 കാരന്‍ സ്കലോണിയുടെയും സമര്‍ത്ഥമായ നേതൃത്വം ആ വലിയ പോരാട്ടങ്ങള്‍ക്ക് അടുക്കും ചിട്ടയും മൂര്‍ച്ചയും നല്‍കി. ഇതാ മൂന്നാം തവണയും സ്വര്‍ണക്കപ്പ് അര്‍ജന്‍റീനയില്‍.

Advertisment