Advertisment

ഇത് ഇടിയന്‍ കുട്ടന്‍പിള്ളയുടെ കാലമല്ല, എങ്കിലും ലോക്കപ്പ് മര്‍ദ്ദനം ഇപ്പോഴും പല പോലീസ് സ്‌റ്റേഷനുകളിലും നടക്കുന്നുണ്ട്; കാക്കി ധരിച്ച ക്രിമിനലുകള്‍ പോലീസിന് മാനക്കേടുണ്ടാക്കുന്നത് കേരളത്തില്‍ പതിവാണ്; ഇത്തരം ക്രിമിനലുകളെ തളയ്ക്കാന്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ക്കും കാര്യമായി സാധിച്ചിട്ടില്ല; പോലീസിലെ ക്രിമിനലുകളെ വെച്ചുപൊറുപ്പിക്കില്ലെന്ന ദൃഢ നിശ്ചയത്തിലാണ് മുഖ്യമന്ത്രി-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

ഇടിയന്‍ കുട്ടന്‍പിള്ള എന്നും മിന്നല്‍ പരമേശ്വരന്‍ നായരെന്നും മറ്റും പോലീസുകാര്‍ അറിയപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു കേരളത്തില്‍. അത്തരം പേരുകളൊന്നും ഇപ്പോഴില്ല. എങ്കിലും ലോക്കപ്പ് മര്‍ദനം ഇപ്പോഴും പല പോലീസ് സ്റ്റേഷനുകളിലും നടക്കുന്നുണ്ട്. ഒറ്റപ്പെട്ട സ്റ്റേഷനുകളില്‍ ലോക്കപ്പ് മരണവും.

കുറ്റാന്വേഷണത്തില്‍ മികവു പുല‍ര്‍ത്തുമ്പോള്‍ത്തന്നെ കാക്കി ധരിച്ച ക്രിമിനലുകള്‍ പോലീസിന്‍റെ സല്‍പ്പേരിനു കളങ്കം വരുത്തുന്നതും പതിവാണ് കേരളത്തില്‍. അടിയന്തിരാവസ്ഥക്കാലത്തെ രാജന്‍ കേസ് മുതല്‍ പോലീസുദ്യോഗസ്ഥര്‍ പ്രതികളായിട്ടുള്ള കേസുകള്‍ കേരള പോലീസിന്‍റെ ചരിത്രത്തില്‍ എത്രയെത്ര.

പോലീസില്‍ ക്രിമിനലുകളെ വെച്ചുപൊറുപ്പിക്കില്ലെന്നു ദൃഢനിശ്ചയത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്കപ്പ് മര്‍ദ്ദനത്തെക്കുറിച്ച്‌ പരാതി ഉണ്ടായാല്‍ കേസ് സി.ബി.ഐക്കു വിടുമെന്ന് ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ് ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുളള മുഖ്യമന്ത്രി. ലോക്കപ്പിലിട്ട് പ്രതികളെ ഇടിച്ചു പരുവപ്പെടുത്താമെന്നും കേസ് തെളിയിക്കാന്‍ എളുപ്പമാര്‍ഗം മൂന്നാം മുറയാണെന്നും ധരിച്ചുവെച്ചിരിക്കുന്ന പോലീസുകാര്‍ക്ക് ശക്തമായൊരു മുന്നറിയിപ്പാണ് മുഖ്യമന്ത്രി ആവര്‍ത്തിച്ചു നല്‍കിയിരിക്കുന്നത്.


ശാസ്ത്രീയമായ കുറ്റാന്വേഷണം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ മികവു പ്രകടിപ്പിക്കുന്നതില്‍ രാജ്യത്ത് മുന്‍ നിരയില്‍ത്തന്നെയാണു കേരള പോലീസ്. അടുത്ത കാലത്ത് എ.കെ.ജി സെന്‍ററിനുനേരേ ബോംബെറിഞ്ഞ കേസിനു തുമ്പുണ്ടാക്കിയതുതന്നെ ഉദാഹരണം.


ആഴ്ചകളോളം ലോക്കല്‍ പോലീസ് അന്വേഷിച്ചിട്ട് ഒരു തുമ്പും കിട്ടാതിരുന്നതിനേതുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിനു വിടുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളൊന്നും കിട്ടാതിരുന്ന ഈ കേസിന്‍റെ അന്വേഷണം ക്രൈംബ്രാഞ്ചിലെ കുറ്റാന്വേഷകര്‍ തികഞ്ഞ ശൂന്യതയില്‍ നിന്നാണു തുടങ്ങിയത്. കൃത്യമായി നടന്ന അന്വേഷണം പ്രതികളിലെത്തുകയും ചെയ്തു.

അതേസമയം സംസ്ഥാനത്ത് പലേടത്തും പോലീസ് തന്നെ കൊടും കുറ്റവാളികളാകുന്നതും മലയാളികള്‍ കണ്ടു. മോഷണ മുതല്‍ പങ്കിടുന്ന പോലീസുകാരെയും കൂട്ടബലാല്‍സംഗകേസില്‍ പ്രതിയാകുന്ന പോലീസുദ്യോഗസ്ഥരെയും പോലീസ് സ്റ്റേഷന്‍ തങ്ങളുടെ സ്വന്തം തറവാടാണെന്ന മട്ടില്‍ യജമാനഭാവത്തോടെ നാട്ടുകാരോടു പെരുമാറുന്ന പോലീസുന്നതരെയും കേരളം കണ്ടുകൊണ്ടിരിക്കുകയായിരുന്നു.


കാക്കിക്കുള്ളില്‍ ക്രിമിനല്‍ സ്വഭാവം കൊണ്ടുനടക്കുന്നവര്‍ കേരള പോലീസിലുണ്ടെന്ന കാര്യം ആര്‍ക്കും നിഷേധിക്കാനാവാത്ത വസ്തുതതന്നെയാണ്. പലപ്പോഴും ഇത്തരക്കാരുടെ ക്രിമിനല്‍ സ്വഭാവം ഇവരെത്തന്നെ തിരിഞ്ഞു കൊത്തും. ചിലപ്പോള്‍ ഇവരുടെ ചെയ്തികളുടെ പേരില്‍ രാഷ്ട്രീയ നേതാക്കള്‍ ദുരന്തമനുഭവിക്കുകയും ചെയ്യും.


അടിയന്തരാവസ്ഥക്കാലത്ത് പി. രാജന്‍ എന്ന എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥി കക്കയം പോലീസ് ക്യാമ്പില്‍ ഉരുട്ടല്‍ ഉള്‍പ്പെടെയുള്ള കടുത്ത പീഡനങ്ങള്‍ക്കു വിധേയനായി കൊല്ലപ്പെട്ടത് പിന്നീടാണ് പുറംലോകം അറിഞ്ഞത്. രാജന്‍റെ പിതാവ് പ്രൊഫസര്‍ ഈച്ചരവാര്യര്‍ മകന്‍റെ തിരോധാനത്തെപ്പറ്റി അന്വേഷിച്ചു നടന്നതും കേരളത്തെ ഞെട്ടിച്ചു. ആ കേസില്‍ കേരളാ പോലീസിലെ ഉന്നതോദ്യോഗസ്ഥനായിരുന്നു പ്രതികള്‍. രാജന്‍ കേസിന്‍റെ പേരില്‍ത്തന്നെ കെ. കരുണാകരന് മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടിവരിയും ചെയ്തു.

അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ജയിച്ച് 1977 മാര്‍ച്ച് 25 -ാം തീയതി മുഖ്യമന്ത്രിയായി സ്ഥാനമേറ്റ കരുണാകരന്‍, കൃത്യം ഒരു മാസത്തിനു ശേഷം, ഏപ്രില്‍ 25 -ന് രാജി വെയ്ക്കുകയായിരുന്നു. രാജന്‍ കേസില്‍ ഹൈക്കോടതി വിധിയെത്തുടര്‍ന്നായിരുന്നു രാജി.

മാറിമാറി വന്ന സര്‍ക്കാരുകള്‍ പോലീസില്‍ ക്രിമിനല്‍ സ്വഭാവം കാട്ടുന്നവരെ തളയ്ക്കാന്‍ കടുത്ത ശ്രമം നടത്തിയിട്ടുണ്ടെങ്കിലും ഒന്നും കാര്യമായി ഫലിച്ചിട്ടില്ല. ക്രിമിനല്‍ കേസുകളില്‍ പെടുന്ന പോലീസുദ്യോഗസ്ഥരെ പിരിച്ചുവിടാന്‍ തന്നെയാണ് ഇപ്പോഴത്തെ പിണറായി സര്‍ക്കാരിന്‍റെ തീരുമാനം. അതിനനുസരിച്ച് ഡി.ജി.പി അനില്‍കാന്തിന്‍റെ നേതൃത്വത്തില്‍ നടപടികള്‍ തുടങ്ങുകയും ചെയ്തിരിക്കുന്നു.

ലോക്കപ്പ് മര്‍ദനം സംബന്ധിച്ചു പരാതിയുണ്ടായാല്‍ അത്തരം കേസുകളുടെ അന്വേഷണം സി.ബി.ഐക്കു വിടുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവന ഈ വഴിക്കുള്ള സര്‍ക്കാരിന്‍റെ നീക്കങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. പോലീസില്‍ ക്രിമിനലുകള്‍ക്കു സ്ഥാനമില്ലെന്ന് മുഖ്യമന്ത്രിസ്ഥാനമേറ്റെടുത്തനാള്‍ മുതല്‍ പിണറായി പറയുന്നതാണെന്ന കാര്യവും ശ്രദ്ധിക്കണം.

പോലീസിന്‍റെ അതിക്രൂരമായ മര്‍ദനത്തിനു വിധേയനായ രാഷ്ട്രീയ നേതാവാണ് പിണറായി വിജയന്‍ എന്നതും ഈ സാഹചര്യത്തില്‍ പ്രസക്തം തന്നെ. അടിയന്തിരാവസ്ഥക്കാലത്തായിരുന്നു അത്. രാത്രി വീട്ടില്‍ നിന്നു പിടിച്ചുകൊണ്ടുപോയ പിണറായി വിജയനെ രാത്രി പോലീസുകാര്‍ കഠിനമായി മര്‍ദിച്ചു. പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട കരുത്തരായ ഒരു സംഘം പോലീസിനെയാണ് പിണറായിയെ മര്‍ദിക്കാന്‍ നിയോഗിച്ചത്. ഒരു ഉയര്‍ന്ന പോലീസുദ്യോഗസ്ഥനായിരുന്നു ഇതിനു പിന്നില്‍.

നിയമസഭയിലേയ്ക്കു തെരഞ്ഞെടുക്കപ്പെട്ട പിണറായി വിജയന്‍ രക്തം പുരണ്ട ഷര്‍ട്ട് ഉയര്‍ത്തിക്കാട്ടി നടത്തിയ പ്രസംഗം സഭയെ മാത്രമല്ല, കേരളത്തെയും ഞെട്ടിച്ചു.

നല്ല മെയ്ക്കരുത്തുള്ള പോലീസുകാര്‍ മാറിമാറിയാണ് അന്ന് പിണറായി വിജയനെ മര്‍ദിച്ചത്. അതേ പിണറായി വിജയനാണ് ഇന്നു കേരളത്തിന്‍റെ മുഖ്യമന്ത്രി. കേരളത്തിലെ പോലീസ് സേനയില്‍ നിന്ന് ക്രിമിനലുകളെ പൂര്‍ണമായും ഒഴിവാക്കാന്‍ കടുത്ത നടപടികള്‍ക്കു നേതൃത്വം നല്‍കുന്നതും അതേ പിണറായി വിജയന്‍ തന്നെ. പോലീസ് എപ്പോഴും ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കണം. കാക്കി ധരിച്ചാല്‍ പിന്നെ എന്തുമാകാമെന്ന രീതി ഒരിക്കലും പാടില്ല.

Advertisment