Advertisment

നോട്ടു നിരോധനത്തിന്‍റെ ആദ്യത്തെ പ്രഹരം സാധാരണക്കാര്‍ക്കായിരുന്നു, അസംഘടിത മേഖലകളൊക്കെയും പ്രതിസന്ധിയിലായി; പ്രചാരത്തിലിരുന്ന കറന്‍സി നോട്ടുകളിലധികവും നിരോധിക്കപ്പെട്ടതുകൊണ്ട് നാട്ടിലാരുടെ കൈയിലും കാശില്ലാതായി; ജനങ്ങളുടെ പക്കല്‍ പണമില്ലാതായാല്‍ ഒരു നാടിനുണ്ടാകാവുന്ന ദുരിതം ഈഹിക്കാവുന്നതേയുള്ളു ! കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യംവെച്ച കാര്യങ്ങള്‍ പൂര്‍ണമായും സാധിച്ചോ ? കള്ളപ്പണം ഇന്നും ഇല്ലേ ?-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

2016 നവംബര്‍ എട്ടാം തീയതി വൈകിട്ട് പ്രധാനമന്ത്രി ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട് ഇന്ത്യന്‍ ജനതയെ ഒരു പ്രത്യേക വിവരം അറിയിച്ചു. ആയിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും കറന്‍സി നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരിക്കുന്നുവെന്ന അറിയിപ്പാണ് പ്രധാനമന്ത്രി ജനങ്ങളെ അറിയിച്ചത്. അന്ന് പ്രചാരത്തിലുണ്ടായിരുന്ന കറന്‍സി നോട്ടുകളില്‍ 86 ശതമാനവും അതോടെ അസാധുവായി.

ഏറെ അദ്ധ്വാനിച്ചുണ്ടാക്കിയ കറന്‍സി നോട്ടുകള്‍ കൈയില്‍ വെച്ച് ജനങ്ങള്‍ നെട്ടോട്ടമോടി. ബാങ്കിലിട്ടിരുന്ന സ്വന്തം പണമെടുക്കാന്‍ കഴിയാതെ ജനം വലഞ്ഞു. അടിയന്തിരാവശ്യങ്ങള്‍ക്കുവേണ്ടി പണമെടുക്കാന്‍ വന്ന ഇടപാടുകാരുടെ മുന്നില്‍ ബാങ്കുദ്യോഗസ്ഥര്‍ നിസഹായരായി നിന്നു. ഒരു രാജ്യമൊട്ടാകെ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്കു കൂപ്പുകുത്തുകയായിരുന്നു.

രാജ്യത്തെ കള്ളപ്പണമിടപാടിന് അന്ത്യംകുറിക്കുക, കൈക്കൂലി അവസാനിപ്പിക്കുക, കള്ളനോട്ടുകള്‍ ഇല്ലാതാക്കുക, ഭീകരപ്രവര്‍ത്തനത്തിനു പണം വരുന്നതു തടയുക, ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ദ്ധിപ്പിക്കുക എന്നവ ലക്ഷ്യമിട്ടാണ് നോട്ടുകള്‍ നിരോധിക്കുന്നതെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ പ്രഖ്യാപനം.

നോട്ടു നിരോധനത്തിന്‍റെ ആദ്യത്തെ പ്രഹരം സാധാരണക്കാര്‍ക്കായിരുന്നു. അസംഘടിത മേഖലകളൊക്കെയും പ്രതിസന്ധിയിലായി. പ്രചാരത്തിലിരുന്ന കറന്‍സി നോട്ടുകളിലധികവും നിരോധിക്കപ്പെട്ടതുകൊണ്ട് നാട്ടിലാരുടെ കൈയിലും കാശില്ലാതായി. ജനങ്ങളുടെ പക്കല്‍ പണമില്ലാതായാല്‍ ഒരു നാടിനുണ്ടാകാവുന്ന ദുരിതം ഈഹിക്കാവുന്നതേയുള്ളു. സ്വതന്ത്രഭാരതം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി.


നോട്ട് നിരോധനം പ്രഖ്യാപിച്ച് ആറു വര്‍ഷം കഴിയുമ്പോള്‍ ഇതാ, ആ നടപടി സുപ്രീം കോടതി ശരിവെച്ചിരിക്കുന്നു. നടപടിക്രമങ്ങള്‍ പാലിച്ചായിരുന്നു നോട്ട് നിരോധനമെന്നും അതു ലക്ഷ്യത്തിലെത്തിയോ എന്ന കാര്യം പ്രസക്തമല്ലെന്നുമാണ് ജസ്റ്റിസ് എസ് അബ്ദുള്‍ നസീര്‍ അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വിധിച്ചത്.


അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ഒരു ജഡ്ജി - ജസ്റ്റിസ് ബി.വി നാഗരത്ന - തികച്ചും ഭിന്നമായ വിധിയെഴുതി. അഞ്ചംഗ ബെഞ്ചില്‍ നാലുപേരും സര്‍ക്കാര്‍ നടപടി ശരിയായിരുന്നുവെന്നും വേണ്ടത്ര കൂടിയാലോചനകള്‍ക്കു ശേഷമാണ് നോട്ട് നിരോധനം നടപ്പാക്കിയതെന്നും വിധിയെഴുതി. സ്വാഭാവികമായും ഭൂരിപക്ഷ വിധിയാണ് നടപ്പില്‍ വരിക.

വെറുമൊരു ഗസറ്റ് വിജ്ഞാപനത്തിലൂടെയല്ല നോട്ടു നിരോധനം പോലെയുള്ള ഗൗരവതരമായ ഒരു നടപടി സ്വീകരിക്കേണ്ടത് എന്നാണ് ജസ്റ്റിസ് നാഗരത്ന തന്‍റെ ഭിന്ന വിധിയില്‍ അഭിപ്രായപ്പെട്ടത്. വ്യക്തമായൊരു നിയമ നിര്‍മാണത്തിലൂടെയായിരുന്നു നോട്ട് നിരോധനം നടപ്പാക്കേണ്ടിയിരുന്നത്. രഹസ്യ സ്വഭാവം സൂക്ഷിക്കണമായിരുന്നുവെങ്കില്‍ അത് ഓര്‍ഡിനന്‍സ് മുഖേന ആകാമായിരുന്നുവെന്നും പ്രത്യേക വിധിയില്‍ പറയുന്നു.

സര്‍ക്കാരിന്‍റെ ഈ നടപടിക്കു കൂട്ടുനിന്ന റിസര്‍വ് ബാങ്കിനെയും വിധി കുറ്റപ്പെടുത്തുന്നുണ്ട്. വെറും 24 മണിക്കൂര്‍ കൊണ്ട് റിസര്‍വ് ബാങ്ക് നടപടിക്രമങ്ങളൊക്കെ പൂര്‍ത്തീകരിക്കുകയായിരുന്നു. സാധാരണ ഇതുപോലെയുള്ള കാര്യങ്ങള്‍ റിസര്‍വ് ബാങ്ക് വളരെ വിശദമായി പഠിച്ച് കേന്ദ്ര സര്‍ക്കാരിനു ശുപാര്‍ശ ചെയ്യുകയാണു വേണ്ടത്. ഇവിടെ മറിച്ചാണു സംഭവിച്ചത്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തു. എന്നിട്ട് റിസര്‍വ് ബാങ്കിന്‍റെ അഭിപ്രായം തേടി. റിസര്‍വ് ബാങ്കിന് വേണ്ടത്ര ആലോചന നടത്താനോ പഠനം നടത്താനോ സാവകാശം കിട്ടിയതുമില്ലെന്നും ഭിന്ന വിധി പറയുന്നു.

ജുഡീഷ്യല്‍ വ്യവസ്ഥയനുസരിച്ച് ഭൂരിപക്ഷ വിധി തന്നെയാണ് നിലവില്‍ വരിക. ഈ വിധിയിലും അങ്ങനെ തന്നെ. പക്ഷെ ഒരേ ഭരണഘടനയും ഒരേ നിയമങ്ങളും അടിസ്ഥാനമാക്കിത്തന്നെയാണ് ഭൂരിപക്ഷ വിധിയും ഭിന്നാഭിപ്രായ വിധിയും എന്ന കാര്യം ഓര്‍ക്കണം. നോട്ട് നിരോധനത്തിന് സുപ്രീം കോടതി വിധിയിലൂടെ അംഗീകാരം കിട്ടിയെന്ന് കേന്ദ്ര സര്‍ക്കാരനും അഭിമാനിക്കാം.


പക്ഷേ നോട്ടു നിരോധനം വരുത്തിവെച്ച കെടുതികളോ ? ആ കെടുതികളില്‍ നാശനഷ്ടം സംഭവിച്ചവരുടെ കാര്യമോ ? സ്വന്തം പണം ബാങ്കില്‍ നിന്നെടുക്കാന്‍ വരിനിന്ന് മരിച്ചുവീണവരുടെയും അവരുടെ കുടുംബങ്ങളുടെയും നഷ്ടങ്ങളോ ? നോട്ടു നിരോധനം മൂലം തകര്‍ന്ന ചെറുകിട ബിസിനസുകളും കച്ചവടങ്ങളുമോ ? ജനങ്ങള്‍ എത്രയെത്ര ദുരിതങ്ങള്‍ അനുഭവിച്ചു ?


2016 - 17 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ച 8.3 ശതമാനമായിരുന്നത് 2019 - 20 വര്‍ഷത്തില്‍ 3.7 ശതമാനത്തിലേയ്ക്കു കൂപ്പുകുത്തുകയാണു ചെയ്തത്. പിറ്റേ വര്‍ഷം കോവിഡ് മഹാമാരിയുടെ കടുത്ത ആക്രമണം കൂടിയായപ്പോള്‍ സാമ്പത്തിക സ്ഥിതി പിന്നെയും തകര്‍ന്നു.

അന്നു തകര്‍ന്ന ചെറുകിട സംരംഭങ്ങളില്‍ ഇനിയും ഉയര്‍ത്തെഴുന്നേറ്റിട്ടില്ലാത്തവ എത്രയെത്ര ? വീണ്ടുവിചാരമൊട്ടുമില്ലാത്ത നടപടിയാണിതെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് അന്നുതന്നെ അഭിപ്രായപ്പെട്ടതാണ്.

അന്നു നഷ്ടം സംഭവിച്ചവര്‍ക്കൊക്കെയും ഓര്‍മയ്ക്കായി ഒരു സുപ്രീം കോടതി വിധി. "നോട്ടുകള്‍ പിന്‍വലിച്ച നടപടിക്കു ശേഷം ഇപ്പോള്‍ ആറു വര്‍ഷം കഴിഞ്ഞിരിക്കുന്നു. അന്നു നഷ്ടം നേരിട്ടവര്‍ക്കും അന്നത്തെ നഷ്ടത്തിന്‍റെ ഭാരം ഇന്നും ചുമക്കുന്നവര്‍ക്കും പ്രത്യേക ആശ്വാസം നല്‍കാനാവില്ലല്ലോ" എന്നും ജസ്റ്റിസ് നാഗ രത്നയുടെ ഭിന്ന വിധിയില്‍ പറയുന്നുണ്ട്.

അതെ നഷ്ടം നേരിട്ടവര്‍ അതനുഭവിച്ചു. കെടുതികളുടെ ദുരന്തം പേറുന്നവര്‍ ഇന്നുമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യംവെച്ച കാര്യങ്ങള്‍ പൂര്‍ണമായും സാധിച്ചോ ? കള്ളപ്പണം ഇന്നും ഇല്ലേ ? കൈക്കൂലി വാങ്ങുന്നവരും കള്ളപ്പണം കുന്നുകൂട്ടി വെയ്ക്കുന്നവരും ഇന്നുമില്ലേ ?

Advertisment