Advertisment

സ്റ്റാലിന്‍ സര്‍ക്കാരും ഗവര്‍ണര്‍ രവിയും തമ്മില്‍ തുടരുന്ന ഏറ്റുമുട്ടല്‍ നയപ്രഖ്യാപന പ്രസംഗത്തോടെ ഒരു പൊട്ടിത്തെറിയായി; നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ഗവര്‍ണര്‍ വായിക്കാത്തതാണ് പ്രശ്‌നങ്ങളുടെ തുടക്കം; 'ദ്രാവിഡ മാതൃകാ ഭരണം' എന്ന പ്രയോഗമാകാം ഗവര്‍ണര്‍ക്ക് ഇഷ്ടപ്പെടാത്തത് ! വിട്ടുകളഞ്ഞ ഭാഗങ്ങള്‍ കൂടി സഭാരേഖകളില്‍ വേണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം സ്റ്റാലിന്‍ അവതരിപ്പിച്ചതും രവിയെ കോപാകുലനാക്കി; സ്റ്റാലിന്റേത്‌ ധീരമായ നടപടിയാണ്, എല്ലാ ഗവര്‍ണര്‍മാര്‍ക്കും അത് ഒരു പാഠമാണ്‌-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

തമിഴ്‌നാട് നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗം വായിച്ചശേഷമുണ്ടായ ബഹളത്തിനിടയ്ക്ക് ഗവര്‍ണര്‍ ആര്‍.എന്‍. രവി ഇറങ്ങിപ്പോയി. നയപ്രഖ്യാപന പ്രസംഗത്തില്‍ എഴുതിയിരുന്ന ചില ഭാഗങ്ങള്‍ ഗവര്‍ണര്‍ വായിക്കാതെ വിട്ടുകളഞ്ഞെങ്കിലും ആ ഭാഗം കൂടി സഭാ രേഖകളില്‍ ഉള്‍പ്പെടുത്തേണ്ടതാണെന്ന പ്രമേയം മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അവതരിപ്പിച്ചതാണ് ഗവര്‍ണറെ ക്ഷുഭിതനാക്കിയത്.

തമിഴ്‌നാട്ടിലെ എം.കെ സ്റ്റാലിന്‍ സര്‍ക്കാരും ഗവര്‍ണര്‍ ആര്‍.എന്‍. രവിയുമായി ഏറ്റുമുട്ടല്‍ തുടങ്ങിയിട്ട് ഒന്നര വര്‍ഷമായി. നയപ്രഖ്യാപന പ്രസംഗത്തെ തുടര്‍ന്ന് അതൊരു പൊട്ടിത്തെറിയായി മാറുകയായിരുന്നു. നയപ്രഖ്യാപന പ്രസംഗത്തിലെ 65 -ാം ഖണ്ഡിക ഗവര്‍ണര്‍ വായിക്കാതെ വിട്ടുകളഞ്ഞു.

ഗവര്‍ണര്‍ വിട്ടുകളഞ്ഞ 65 -ാം ഖണ്ഡിക ഉള്‍പ്പെടെ മുഴുവന്‍ പ്രസംഗവും പിന്നീട് സ്പീക്കര്‍ എ. അപ്പാവു സഭയില്‍ വായിച്ചു. സര്‍ക്കാര്‍ തയ്യാറാക്കിയ മുഴുവന്‍ പ്രസംഗവും സഭാ രേഖകളുടെ ഭാഗമായിരിക്കണമെന്ന പ്രമേയം മുഖ്യമന്ത്രി അവതരിപ്പിച്ചതോടെ സഭയില്‍ ഭരണപക്ഷത്തു നിന്നുതന്നെ ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യമുയര്‍ന്നു. തുടര്‍ന്ന് ഗവര്‍ണര്‍ ഇറങ്ങിപ്പോവുകയായിരുന്നു.

'സാമൂഹ്യ നീതി, ആത്മാഭിമാനം, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം, സ്ത്രീ ശാക്തീകരണം, മതനിരപേക്ഷത, സഹാനുഭൂതി തുടങ്ങിയവയില്‍ അധിഷ്ഠിതമാണ് ഈ സര്‍ക്കാര്‍' എന്ന വാചകമാണ് 65 -ാം ഖണ്ഡികയില്‍ ആദ്യത്തേത്. തന്തൈ പെരിയാര്‍, അംബേദ്‌കർ, പെരുന്തലൈവര്‍ കാമരാജര്‍, പേരറിഞ്ജര്‍ അണ്ണാ, മുത്തമിഴ് അരിഞ്ജര്‍ കലൈഞ്ജര്‍ തുടങ്ങിയ മഹാരഥന്മാരുടെ തത്വങ്ങളും ആദര്‍ശങ്ങളും പിന്‍പറ്റിയാണ് ഈ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ദ്രാവിഡ മാതൃകാ ഭരണം നല്‍കുന്നതെന്നും ഈ ഖണ്ഡികയില്‍ പറയുന്നു.

'തമിഴ്‌നാട്' എന്ന പേരുതന്നെ ഗവര്‍ണര്‍ക്ക് അരോചകമാണെന്നതിനും സൂചനകളേറെ. 'തമിഴ്‌നാട് സമാധാനത്തിന്‍റെ സങ്കേതമായി തുടരുകയും ഏറെ വിദേശ നിക്ഷേപം ആകര്‍ഷിക്കുകയും എല്ലാ മേഖലകളിലും മുന്‍നിരക്കാരായി മാറുകയും ചെയ്തു' എന്ന വാചകവും ഗവര്‍ണര്‍ പ്രസംഗത്തില്‍ നിന്ന് ഒഴിവാക്കി. തമിഴ്‌നാട് എന്ന വാക്ക് ഒരുതവണയേ ഉപയോഗിച്ചുള്ളു. ബാക്കിയുള്ളിടത്തെല്ലാം 'ഈ സംസ്ഥാനം' എന്ന വാക്കാണുപയോഗിച്ചത്.


ഗവര്‍ണര്‍ ആര്‍.എന്‍ രവിക്ക് തമിഴ്‌നാട് എന്ന പേരിഷ്ടമല്ല. 'തമിഴകം' എന്ന പേരിനോടാണ് അദ്ദേഹത്തിനു താല്‍പര്യം. പക്ഷേ തമിഴ്‌നാടു സര്‍ക്കാരും ജനങ്ങളും തമിഴ്‌നാട് എന്ന പേരു മാറ്റുന്നതിനോടു യോജിക്കുന്നില്ല.


ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതിനിധിയാണ്. പക്ഷേ കേന്ദ്ര സര്‍ക്കാരിനു പിന്നിലെ രാഷ്ട്രീയ ശക്തിയായ സംഘപരിവാറിന്‍റെ സിദ്ധാന്തങ്ങള്‍ക്കെതിരായ ചിന്തയോ ആശയമോ ഒന്നും ഗവര്‍ണര്‍ വായിക്കാതെ വിട്ടുകളഞ്ഞ ഭാഗത്തൊന്നുമില്ലെന്ന കാര്യം ശ്രദ്ധിക്കണം. ഒരുപക്ഷെ, 'ദ്രാവിഡ മാതൃകാ ഭരണം' എന്ന പ്രയോഗം ഒഴിച്ചാല്‍.

'ദ്രാവിഡ മാതൃകാ ഭരണം' എന്ന വിശേഷണമാകും ഗവര്‍ണര്‍ക്ക് ഇഷ്ടപ്പെടാതെ പോയത്. സംഘപരിവാര്‍ രാഷ്ട്രീയത്തിനു വിപരീതമാണ് എന്നും ദ്രാവിഡ രാഷ്ട്രീയം. അതുകൊണ്ടുതന്നെ ബി.ജെ.പിക്ക് തമിഴ്‌നാട്ടില്‍ ഇനിയും ചുവടുറപ്പിക്കാന്‍ തഴിഞ്ഞിട്ടില്ല താനും.

1967 വരെ തമിഴ്‌നാട് കോണ്‍ഗ്രസിന്‍റെ ശക്തികേന്ദ്രമായിരുന്നു. കോണ്‍ഗ്രസിലെ ശക്തികേന്ദ്രം കെ കാമരാജും. 1954 മുതല്‍ 1963 വരെ മുഖ്യമന്ത്രിയായിരുന്ന കാമരാജിന്‍റെ ഭരണകാലത്താണ് തമിഴ്‌നാടിന്‍റെ അടിസ്ഥാന സൗകര്യങ്ങളില്‍ വലിയ വളര്‍ച്ചയുണ്ടായത്. വിദ്യാഭ്യാസ രംഗത്തും ഈ കാലത്ത് വലിയ മുന്നേറ്റമുണ്ടായി. പക്ഷേ ദ്രാവിഡ മുന്നേറ്റത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. 1967 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിച്ച് ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) അധികാരത്തിലെത്തി. സി.എന്‍ അണ്ണാദുരൈ മുഖ്യമന്ത്രിയായി.

1967 -നു ശേഷം കോണ്‍ഗ്രസിന് തമിഴ്‌നാട്ടില്‍ ഭരണം പിടിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഭരണം എപ്പോഴും ഡി.എം.കെയും പിന്നീട് അതു പിളര്‍ന്നുണ്ടായ എ.ഐ.ഡി.എം.കെയും പങ്കിട്ടു. ജയലളിതയുടെ നിര്യാണത്തോടെ എ.ഐ.ഡി.എം.കെ തകര്‍ന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. എം.കെ സ്റ്റാലിന്‍ മുഖ്യമന്ത്രിയുമായി. ഭരണ മുന്നണിയില്‍ കോണ്‍ഗ്രസും സി.പി.എമ്മും കക്ഷികളാണ്.

തമിഴ് ഭാഷയും ദ്രാവിഡ സംസ്കാരവുമെല്ലാം ഇന്നു തമിഴ്‌നാടിന്‍റെ പൊതു സ്വത്താണ്. അതിനു നേരെയുള്ള ആക്രമണം തമിഴ് മക്കള്‍ സഹിക്കില്ല. ബി.ജെ.പിയുടെ ഹിന്ദുത്വ വാദം ദ്രാവിഡ സംസ്കാരത്തിന് ഉള്‍ക്കൊള്ളാനാവുന്നതല്ല. ഗവര്‍ണര്‍ ആര്‍.എന്‍ രവിയുടെ അസഹിഷ്ണുതയ്ക്കു കാരണം ഇതുതന്നെ.


ഗവര്‍ണര്‍ക്കു സ്വന്തം രാഷ്ട്രീയമുണ്ടാകാം. ഗവര്‍ണറുടെ പിന്നിലും രാഷ്ട്രീയ ശക്തികളുണ്ടാകാം. പക്ഷെ ആ പിന്‍ബലവുമായി നിയമസഭയില്‍ രാഷ്ട്രീയ നീക്കം നടത്താനൊരുമ്പിട്ടാലോ ? 2020 ജനുവരി 29 -ന് കേരള നിയമസഭയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗം നടത്തിയപ്പോഴും സമാനമായ സാഹചര്യങ്ങളുണ്ടായി.


പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ ഐകകണ്ഠേന പാസാക്കിയ പ്രമേയത്തെപ്പറ്റിയുള്ള 18 -ാം ഖണ്ഡിക താന്‍ വായിക്കില്ലെന്നാണ് ഗവര്‍ണര്‍ തീരുമാനിച്ചിരുന്നത്. പക്ഷെ അവസാനം നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗം വായിച്ച ഗവര്‍ണര്‍ ഈ ഭാഗവും വായിച്ചു. ഈ പരാമര്‍ശത്തോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും മുഖ്യമന്ത്രി ആവശ്യപ്പെട്ടതു പ്രകാരം വായിക്കുകയാണെന്നു പറഞ്ഞുകൊണ്ടാണ് ഗവര്‍ണര്‍ ഈ ഖണ്ഡിക വായിച്ചത്.

ഗവര്‍ണര്‍ എന്ന നിലയില്‍ ആരിഫ് മുഹമ്മദ് ഖാന്‍ അന്നു ചെയ്തതാണു ശരി. നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. ഭരണഘടനാപരമായി അത് സംസ്ഥാന സര്‍ക്കാരിന്‍റെ അവകാശമാണ്.

നിയമസഭ ജനപ്രതിനിധികളുടേതാണ്. ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന ജനപ്രതിനിധികളാണ് സഭയിലെ അംഗങ്ങള്‍. ഒരു വര്‍ഷം ആദ്യം സഭ സമ്മേളിക്കുമ്പോള്‍ ആദ്യ ദിവസം തന്നെ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം വായിക്കണമെന്നത് ഭരണഘടനാപരമായ ഒരു ചടങ്ങാണ്. സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കുന്ന പ്രസംഗമാണ് ഗവര്‍ണര്‍ വായിക്കേണ്ടത്.

സംസ്ഥാനം ഭരിക്കാനുള്ള അവകാശം സംസ്ഥാന ഗവണ്‍മെന്‍റിനാണ്. ആ ഗവണ്‍മെന്‍റിനെ തെരഞ്ഞെടുക്കുന്നത് ജനങ്ങളാണ്. ആ സര്‍ക്കാര്‍ തയ്യാറാക്കുന്ന പ്രസംഗം വായിക്കുക എന്നത് ഗവര്‍ണറുടെ ചുമതലയാണ്. അതില്‍ വെട്ടുതിരുത്തു വരുത്താന്‍ ഗവര്‍ണര്‍ക്ക് അവകാശമോ അധികാരമോ ഇല്ല. എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാനും.

തമിഴ്‌നാട് നിയമസഭയില്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കാണിച്ചത് ധീരമായ നടപടിയാണ്. ജനാധിപത്യപരമായി അങ്ങേയറ്റം ശരിയും. പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ഗവര്‍ണര്‍ വിട്ടുകളഞ്ഞതിനെതിരെ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കുകയായിരുന്നു. ഗവര്‍ണര്‍ വേദിയിലിരിക്കെത്തന്നെയാണ് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചത്. പ്രസംഗം മുഴുവന്‍ സഭാ രേഖകളിലുണ്ടാവണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രമേയം. സഭ പ്രമേയം പാസാക്കി. പ്രസംഗം മുഴുവന്‍ സ്പീക്കര്‍ തന്നെ വായിക്കുകയും ചെയ്തു. രോഷാകുലനായി ഗവര്‍ണര്‍ ഇറങ്ങിപ്പോയി. ഗവര്‍ണറുടെ പരിപാടി അവസാനിക്കുമ്പോള്‍ ചൊല്ലേണ്ട ദേശീയഗാനത്തിനു പോലും നില്‍ക്കാതെ.

ഇത് ഇന്ത്യയിലെ എല്ലാ ഗവര്‍ണര്‍മാര്‍ക്കുമുള്ള ഒരു പാഠമാണ്. നിയമസഭ ജനങ്ങളുടേതാണ്. അവര്‍ തെരഞ്ഞെടുക്കുന്ന പ്രതിനിധികളുടേതാണ് എന്ന വലിയ പാഠം. അവിടെ കാര്യങ്ങള്‍ പറയനും നിയമങ്ങളുണ്ടാക്കാനും സഭാംഗങ്ങള്‍ക്കാണധികാരം. അതിലൊന്നും ഗവര്‍ണര്‍ക്ക് ഒരു പങ്കുമില്ല.

മുഖ്യമന്ത്രി സ്റ്റാലിന്‍ കാണിച്ചത് ധീരമായ നടപടി.

Advertisment