Advertisment

30ന്‌ ഭാരത് ജോഡോ യാത്രയ്ക്ക്‌ സമാപനം കുറിച്ച് രാഹുല്‍ ഗാന്ധി പതാക ഉയര്‍ത്തുമ്പോള്‍ കോണ്‍ഗ്രസ് നേടുന്ന നേട്ടം വളരെ വലുതായിരിക്കും; ഒന്നും ബാഹ്യമായി പ്രകടിപ്പിക്കുന്നില്ലെങ്കിലും ബി.ജെ.പി എല്ലാം നോക്കി കാണുകയാണ്, കോണ്‍ഗ്രസ് ഉയര്‍ത്തെഴുന്നേല്‍ക്കുന്നത് ബി.ജെ.പി കാണുന്നുണ്ട് ! യാത്ര സമാപിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി ഇന്ത്യയിലെ ഒരു പ്രധാന നേതാവായി ഉയരുമെന്ന കാര്യത്തില്‍ സംശയമില്ല; പക്ഷേ ആ ബലത്തില്‍ ബി.ജെ.പിക്കെതിരെ ഒരു ദേശീയ ബദല്‍ നിര കെട്ടിപ്പടുക്കാന്‍ രാഹുല്‍ ഗാന്ധിക്കാകുമോ ?-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

ഭാരത് ജോഡോ യാത്ര അവസാന ഘട്ടത്തിലേക്കു നീങ്ങുകയാണ്. ഇന്ത്യാ മഹാരാജ്യത്തിന്‍റെ തെക്കേയറ്റം മുതല്‍ അങ്ങു വടക്ക് ഹിമാചല്‍ പ്രദേശ് വരെ നീണ്ട കാല്‍നടയാത്ര. ഈ 30 -ാം തീയതി യാത്രയുടെ സമാപനം കുറിച്ച് രാഹുല്‍ ഗാന്ധി പതാക ഉയര്‍ത്തുമ്പോള്‍ കോണ്‍ഗ്രസ് നേടുന്ന നേട്ടം വളരെ വലുതായിരിക്കും. ഒന്നും ബാഹ്യമായി പ്രകടിപ്പിക്കുന്നില്ലെങ്കിലും ബി.ജെ.പി എല്ലാം നോക്കി കാണുകയാണ്. കോണ്‍ഗ്രസ് ഉയര്‍ത്തെഴുന്നേല്‍ക്കുന്നത് ബി.ജെ.പി കാണുന്നുണ്ട്.

കഴിഞ്ഞ സെപ്റ്റംബര്‍ ഏഴാം തീയതി കന്യാകുമാരിയില്‍ നിന്നാരംഭിച്ച യാത്ര ഒരു വലിയ സാഹസം തന്നെയായിരുന്നു. രാജ്യത്തിന്‍റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നടക്കുക എന്നത് അത്ര ചില്ലറ കാര്യമൊന്നുമല്ല. രാജ്യത്തിന്‍റെ ഐക്യം നിലനില്‍ക്കണമെന്ന സന്ദേശമാണ് രാഹുല്‍ ഗാന്ധി നല്‍കിയത്. വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും വിഭാഗീയതയുടെയും ചിന്തകള്‍ക്കെതിരെ അദ്ദേഹം ശക്തമായി പ്രസംഗിച്ചു. രാഹുല്‍ ഗാന്ധിയുടെ യാത്രയും അദ്ദേഹത്തിന്‍റെ പ്രസംഗങ്ങളും ഇന്ത്യന്‍ ജനതയെ ഇളക്കാന്‍ പോരുന്നതായിരുന്നു. സാമൂഹ്യ മാധ്യമങ്ങളും ദേശീയ മാധ്യമങ്ങളും ഇതെല്ലാം കൊണ്ടാടുകതന്നെ ചെയ്തു.


ബി.ജെ.പി നേതാക്കള്‍ 'പപ്പു' എന്നു വിളിച്ചു കളിയാക്കിയിരുന്ന രാഹുല്‍ ഗാന്ധിയേ അല്ല ഭാരത് ജോഡോ യാത്ര നടത്തിയ രാഹുല്‍ ഗാന്ധിയില്‍ ഇന്ത്യന്‍ ജനത കണ്ടത്. രാജ്യത്തെ ജനങ്ങളെ മുഴുവന്‍ ഒന്നിപ്പിക്കാനുള്ള സന്ദേശങ്ങള്‍ യാത്രയിലുടനീളം അദ്ദേഹം ജനങ്ങള്‍ക്കു നല്‍കി. ഇത് ഇന്ത്യന്‍ ജനതയെ ഏറെ ആകര്‍ഷിച്ചു.


ഇന്ത്യയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം നല്‍കിയ അഭിമുഖങ്ങളും ഏറെ പ്രത്യേകതയുള്ളവ തന്നെയായിരുന്നു. ഒരു രാഷ്ട്രീയ നേതാവിന്‍റെ തികവും മികവും പക്വതയുമെല്ലാം ഓരോ അഭിമുഖത്തിലും നിഴലിച്ചു നിന്നു. ഒരു രാഷ്ട്രീയ നേതാവിന്‍റെ നിലയില്‍ നിന്ന് ഉയരത്തിലേക്കു വളര്‍ന്ന രാഹുല്‍ ഗാന്ധി ആണ് ഈ അഭിമുഖത്തിലൊക്കെയും തെളിഞ്ഞു വന്നത്.

ജനുവരി 30 -നാണ് ഭാരത് ജോഡോ യാത്രയുടെ സമാപനം. മഹാത്മാഗാന്ധി വെടിയേറ്റു മരിച്ച ദിവസം. ഇന്ത്യയ്ക്കു വേണ്ടി മഹാത്മജി ജീവന്‍ ബലിയര്‍പ്പിച്ച ദിവസം. രാജ്യത്തിന്‍റെ ഐക്യം തന്നെയായിരുന്നു മഹാത്മജിയുടെയും പരമമായ ലക്ഷ്യം. ഭാരത് ജോഡോ യാത്രയുടെ പരിസമാപ്തി കുറിക്കാന്‍ ആ ദിവസം തന്നെ തെരഞ്ഞെടുത്തതും അങ്ങേയറ്റം ഉചിതമായി.

രാഹുല്‍ ഗാന്ധിയെയും അദ്ദേഹത്തിന്‍റെ നീണ്ട യാത്രയെും പ്രശംസിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പ്രസ്താവന നടത്തിയത് ഭാരത് ജോഡോ യാത്രയുടെ വിജയത്തിലേക്കു വിരല്‍ ചൂണ്ടുന്നു. കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് അകന്ന കപില്‍ സിബല്‍ കഴിഞ്ഞ വര്‍ഷമാണ് പാര്‍ട്ടി വിട്ടത്. പിന്നീട് സമാജ്‌വാദി പാര്‍ട്ടി നല്‍കിയ സീറ്റില്‍ മത്സരിച്ച് രാജ്യസഭയിലേയ്ക്കു തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസുകാരല്ലാത്തവരെപ്പോലും ആകര്‍ഷിക്കാന്‍ ഈ യാത്രയ്ക്കു കഴിഞ്ഞുവെന്നാണ് കപില്‍ സിബല്‍ ചൂണ്ടിക്കാട്ടിയത്.

രാജ്യത്ത് ഇന്നുള്ളത് തികച്ചും വിരുദ്ധമായ രണ്ട് ആശയങ്ങളാണെന്ന് കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. അതില്‍ ഒരാശയമാണ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിപ്പിടിച്ചത്. അത് ഇന്ത്യയിലെ മുഴുവന്‍ ജനതയുടെയും ഐക്യമാണ്. ഇന്ത്യ ഭരിക്കുന്ന രാഷട്രീയ പാര്‍ട്ടിയുടേത് ഐക്യത്തെ നിരാകരിക്കുന്ന ആശയമാണ്. ഇന്ത്യയെ ഒന്നിപ്പിക്കുന്ന ഐക്യത്തിന്‍റെ ആശയം ഉയര്‍ത്തിപ്പിടിച്ചതുതന്നെയാണ് ഈ യാത്രയുടെ സൗന്ദര്യമെന്നും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.

ഹൈകമാന്‍റിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രൂപീകരിച്ച ഗ്രൂപ്പ് - 23യുടെ ഭാഗമായിരുന്നു കപില്‍ സിബല്‍. മറ്റൊരു നേതാവായിരുന്ന ഗുലാം നബി ആസാദ് രാഹുല്‍ ഗാന്ധിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് രാജിവെച്ചത് അടുത്ത കാലത്താണ്. ശശി തരൂരും ഈ ഗ്രൂപ്പിന്‍റെ ഭാഗമായിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്കു മത്സരിച്ച ശശി തരൂരിന് ഹൈക്കമാന്‍റിന്‍റെ പിന്തുണ ഉണ്ടായിരുന്നില്ലെന്ന കാര്യം ഓര്‍ക്കണം.


ഭാരത് ജോഡോ യാത്ര ജനുവരി 30 നു സമാപിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി ഇന്ത്യയിലെ ഒരു പ്രധാന നേതാവായി ഉയരുമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ ആ ബലത്തില്‍ ബി.ജെ.പിക്കെതിരെ ഒരു ദേശീയ ബദല്‍ നിര കെട്ടിപ്പടുക്കാന്‍ രാഹുല്‍ ഗാന്ധിക്കാകുമോ ? ഇപ്പോള്‍ത്തന്നെ ഇന്ത്യയൊട്ടാകെ, എല്ലാ സംസ്ഥാനങ്ങളിലും വേരുകളുള്ള ഏക പാര്‍ട്ടി കോണ്‍ഗ്രസ് തന്നെയാണെന്ന കാര്യം ഓര്‍ക്കുക.


മമതാ ബാനര്‍ജിയും നിതീഷ് കുമാറും ചന്ദ്രശേഖര റാവുവും ജഗന്‍ മാഹന്‍ റെഡ്ഡിയും എം.കെ സ്റ്റാലിനുമെല്ലാം അവരവരുടെ സംസ്ഥാനങ്ങളില്‍ പ്രബലരാണ്. പക്ഷേ ദേശീയ തലത്തില്‍ ഒരു മുന്നണിക്കു നേതൃത്വം കൊടുക്കാന്‍ ഇവര്‍ക്കാര്‍ക്കും കഴിയില്ല. കോണ്‍ഗ്രസിനു കീഴില്‍ അണിനിരക്കാന്‍ ഇവരില്‍ പലര്‍ക്കും മനസ് വരികയുമില്ല.

ബി.ജെ.പിക്കെതിരെ നില്‍ക്കുന്ന കക്ഷികളെയെല്ലാം കൂട്ടിയിണക്കി ഒരു പ്രതിപക്ഷ മുന്നണിയുണ്ടാക്കിയാല്‍ ഇന്ത്യയില്‍ അതൊരു വലിയ ശക്തിയായിരിക്കും. ആ വെല്ലുവിളി ഏറ്റെടുക്കാനുള്ള കരുത്ത് ഭാരത് ജോഡോ യാത്രയിലൂടെ രാഹുല്‍ ഗാന്ധിക്കു കിട്ടിയിട്ടുണ്ടോ എന്നതാണു ചോദ്യം

Advertisment