Advertisment

ഫെബ്രുവരി 14 ന് ലോകമെങ്ങും കാമുകര്‍ പനിനീര്‍പൂക്കള്‍ കൈമാറിയും പരസ്പരം ആശ്ലേഷിച്ചും ഉമ്മവെച്ചും പ്രണയദിനം ആചരിക്കുമ്പോള്‍ ഇന്ത്യയില്‍ പശുക്കളെ ആശ്ലേഷിച്ച് ഇന്ത്യയുടെ പൈതൃകം നിലനിര്‍ത്തൂ എന്നാണ് ആഹ്വാനം; പശുവിന്‍റെ പേരില്‍ പുതിയൊരു രാഷ്ട്രീയ ചിന്തയ്ക്കു തുടക്കം കുറിക്കുകയാണ് സംഘപരിവാര്‍ ! ഹിന്ദുത്വ രാഷ്ട്രീയത്തിന് പുതിയ ഉണര്‍വു നല്‍കാനുള്ള ശ്രമമാണത്-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്‌

New Update

publive-image

Advertisment

വാലന്‍റൈന്‍സ് ഡേ ആഘോഷമാക്കാന്‍ കേന്ദ്രസര്‍ക്കാരിന്‍റെ ഉപദേശം. അന്ന് പശുവിനെ ആശ്ലേഷിക്കുക ! ഫെബ്രുവരി 14 ന് ലോകമെങ്ങും കാമുകര്‍ പനിനീര്‍പൂക്കള്‍ കൈമാറിയും പരസ്പരം ആശ്ലേഷിച്ചും ഉമ്മവെച്ചും പ്രണയദിനം ആചരിക്കുമ്പോള്‍ ഇന്ത്യയില്‍ പശുക്കളെ ആശ്ലേഷിച്ച് ഇന്ത്യയുടെ പൈതൃകം നിലനിര്‍ത്തൂ എന്നാണ് ആഹ്വാനം.

കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഇന്ത്യന്‍ മൃഗസംരക്ഷണ ബോര്‍ഡാണ് (ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ) ഇന്ത്യയിലെ യുവാക്കളോട് ഈ ആഹ്വാനം നടത്തിയിരിക്കുന്നത്.

പശുവിനെ ആശ്ലേഷിച്ചാല്‍ വൈകാരികമായ ഉയര്‍ച്ചയും നല്ല സന്തോഷവും ഉറപ്പാണെന്നും ഈ വിചിത്ര നിര്‍ദേശത്തില്‍ പറയുന്നു. കാര്യം തിരക്കിയ മാധ്യമ പ്രവര്‍ത്തകരോട് മൃഗസംരക്ഷണ ബോര്‍ഡുദ്യോഗസ്ഥര്‍ പറഞ്ഞത് മത്സ്യബന്ധന-മൃഗസംരക്ഷണ വകുപ്പിന്‍റെ നിര്‍ദേശപ്രകാരമാണ് ഈ ആഹ്വാനം നല്‍കിയത് എന്നാണ്.

കാമധേനു, ഗോമാതാവ് എന്നൊക്കെ അറിയപ്പെടുന്ന പശുവിന്‍റെ മാഹാത്മ്യങ്ങളും ഈ കുറിപ്പില്‍ പ്രത്യേകം പറയുന്നുണ്ട്. ഇന്ത്യന്‍ സംസ്കാരത്തിന്‍റെ തന്നെ നട്ടെല്ലും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനവും പശുവാണെന്നും കുറിപ്പ് ഓര്‍മിപ്പിക്കുന്നു.


വാലന്‍റൈന്‍സ് ഡേ പോലെയുള്ള ആഘോഷങ്ങള്‍ പാശ്ചാത്യ സംസ്കാരത്തിന്‍റെ സൃഷ്ടികളാണെന്നും കുറിപ്പില്‍ പറയുന്നു. പാശ്ചാത്യ സംസ്കാരത്തിന്‍റെ വേലിയേറ്റത്തില്‍ ഭാരതത്തിന്‍റെ തനതു പാരമ്പര്യവും വേദിക് സംസ്കാരവും അന്യം നില്‍ക്കുകയാണെന്നും കുറിപ്പില്‍ പറയുന്നുണ്ട്.


പശുക്കളെ സ്നേഹിക്കുന്നവരൊക്കെയും ഫെബ്രുവരി 14 -ാം തീയതി പശുക്കളെ ആശ്ലേഷിക്കണമെന്നാണ് ആഹ്വാനം. കാമുകരെയും ദമ്പതിമാരെയും ഉദ്ദേശിച്ചാണ് ഈ കുറിപ്പ്.

പാശ്ചാത്യ രാജ്യങ്ങളോടൊപ്പം പല ഇന്ത്യന്‍ പട്ടണങ്ങളിലും യുവാക്കള്‍ ഫെബ്രുവരി 14 പ്രണയദിനമായി ആഘാഷിക്കാറുണ്ട്. ചില ഹിന്ദുത്വ സംഘടനകള്‍ ഇത്തരം ആഘോഷങ്ങള്‍ക്കു നേരേ അക്രമണം നടത്തുന്നതും പതിവായിരിക്കുന്നു. മംഗലാപുരത്തും ബംഗളൂരുവിലും ഇത്തരം അക്രമണങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. എങ്കിലും ഇന്ത്യയിലെങ്ങും കാമുകര്‍ വാലന്‍റൈന്‍സ് ദിനം നിര്‍ഭയം ആഘോഷിക്കുന്നുമുണ്ട്.

പശുവിനെ ആശ്ലേഷിക്കാന്‍ ഒരു ദിവസം നിശ്ചയിക്കുന്നതും ആ ദിവസം ലോകമെങ്ങും പ്രണയദിനമായി ആഘോഷിക്കുന്ന ഫെബ്രുവരി 14 -ാം തീയതിയാകുന്നതും ശ്രദ്ധിക്കേണ്ടതുതന്നെ. ഹിന്ദുത്വ രാഷ്ട്രീയം ഗുജറാത്തില്‍ പരീക്ഷിച്ച് ഇന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും വിജയത്തിലെത്തിച്ചെങ്കിലും ഹിന്ദുത്വത്തിന്‍റെ ജ്വാല അണയാതെ മുന്നോട്ടു കൊണ്ടുപോകാന്‍ പുതിയ ഇന്ധനം ആവശ്യമാണെന്ന് സംഘപരിവാര്‍ നേതൃത്വത്തിനു നന്നായറിയാം. പശുവിന്‍റെ പേരില്‍ പുതിയൊരു രാഷ്ട്രീയ ചിന്തയ്ക്കു തുടക്കം കുറിക്കുകയാണ് സംഘപരിവാര്‍.


ബി.ജെ.പി കേന്ദ്രത്തില്‍ അധികാരം പിടിച്ചെടുത്തപ്പോള്‍ത്തന്നെ പശു വിശുദ്ധ മൃഗമായി മാറിയിരുന്നു. ഗോമാംസം കൈയില്‍ വയ്ക്കുന്നതും പശുക്കളെ വാഹനത്തില്‍ കയറ്റി കൊണ്ടുപോകുന്നതുമൊക്കെ പൊറുക്കാനാകാത്ത ക്രിമിനല്‍ കുറ്റങ്ങളാണിന്ന്.


ഇന്ത്യയില്‍, പ്രത്യേകിച്ച് വടക്കേ ഇന്ത്യയില്‍, മിക്ക സംസ്ഥാനങ്ങളും ഗോഹത്യ നിരോധിച്ചിട്ടുണ്ട്. എങ്കിലും പലയിടത്തും രഹസ്യമായും കുറെയൊക്കെ പരസ്യമായും ഗോമാംസം വിപണിയിലെത്തുന്നുമുണ്ട്. മഹാത്മാഗാന്ധിയും ഗോഹത്യയ്ക്കെതിരെ ശബ്ദമുയര്‍ത്തിയിരുന്നു.

ഗുജറാത്ത് ഹൈക്കോടതിയിലെ ഒരു ജഡ്ജി ഗോമൂത്രത്തിന്‍റെയും ചാണകത്തിന്‍റെയും മാഹാത്മ്യം ഈയിടെ ഒരു വിധിയില്‍ എടുത്തു പറഞ്ഞിരുന്നു. വീടുകളെ ആണവ റേഡിയേഷനില്‍ നിന്നു രക്ഷിക്കാന്‍ ചാണകത്തിനു കഴിയുമെന്ന് സമീര്‍ വ്യാസ് എന്ന ജഡ്ജി വിധിന്യായത്തില്‍ എഴുതി. ആധുനിക ചികിത്സാരീതികള്‍കൊണ്ട് മാറാനാവാത്ത രോഗങ്ങള്‍ പോലും ഗോമൂത്രംകൊണ്ടു ഭേദമാക്കാമെന്നും അദ്ദേഹം വിധിയില്‍ പറയുന്നു. ഗോഹത്യയ്ക്കെതിരെ ശക്തമായ നിലപാടെടുത്തുകൊണ്ടായിരുന്നു ഈ വിധി.

പശുവും ഗോമൂത്രവും ചാണകവുമെല്ലാം പുതിയ രാഷ്ട്രീയ വിഷയങ്ങളാവുകയാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിന് പുതിയ ഉണര്‍വു നല്‍കാനുള്ള ശ്രമമാണത്. പശുവാണ് പുതിയ രാഷ്ട്രീയ വിഷയം.

Advertisment