Advertisment

വര്‍ഷങ്ങളായി ലോകമെങ്ങുമുള്ള മാധ്യമങ്ങള്‍ സ്വതന്ത്രമായും നിര്‍ഭയമായും പ്രവര്‍ത്തിക്കുന്ന കേന്ദ്രമാണ് ഇന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹി; ഡല്‍ഹിയിലെ ലോകമാധ്യമങ്ങളില്‍ എപ്പോഴും മുന്‍നിരയില്‍ത്തന്നെയുണ്ടായിരുന്നു ബി.ബി.സി; ബി.ബി.സിക്കു കൂച്ചുവിലങ്ങിടാനാണോ കേന്ദ്ര സര്‍ക്കാരിന്‍റെ ഒരുക്കം ? വിദേശ മാധ്യമങ്ങള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഒരു മുന്നറിയിപ്പാണോ ബി.ബി.സിയ്‌ക്കെതിരായ നീക്കം ?-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്‌

New Update

publive-image

Advertisment

ബി.ബി.സിയെ പാഠം പഠിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ലോകപ്രശസ്ത മാധ്യമ സ്ഥാപനമായ ബി.ബി.സിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്‌ഡ്‌ തുടങ്ങി. 2002 -ലെ ഗുജറാത്ത് കലാപത്തിന് ഉത്തരവാദി അന്നത്തെ സംസ്ഥാന മുഖ്യമന്ത്രി നരേന്ദ്ര മോദിയാണെന്നു കുറ്റപ്പെടുത്തി ബി.ബി.സി തയ്യാറാക്കിയ രണ്ട് എപ്പിസോഡ് ഡോക്യുമെന്‍ററി അഴിച്ചുവിട്ട വിവാദത്തിനു ശേഷം നടക്കുന്ന ആദായനികുതി വകുപ്പ് റെയ്‌ഡ്‌ പ്രതികാരനടപടിയാണെന്ന കാര്യത്തില്‍ സംശയമില്ല.

ഡോക്യുമെന്‍ററി ബി.ബി.സി ഇന്ത്യയൊഴികെ ലോകമെങ്ങും സംപ്രേഷണം ചെയ്തപ്പോള്‍ത്തന്നെ ഇന്ത്യാ ഗവണ്‍മെന്‍റ് കര്‍ശന നടപടികള്‍ തുടങ്ങിയിരുന്നു. ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് ഡോക്യുമെന്‍ററി നീക്കം ചെയ്യാനും ഉന്ത്യയില്‍ അതിന്‍റെ പ്രദര്‍ശനം തടയാനും കേന്ദ്രം സര്‍വ്വ സന്നാഹവും ഒരുക്കി. പക്ഷേ ആ ശ്രമങ്ങളൊന്നും ഫലവത്തായില്ല. കോണ്‍ഗ്രസിന്‍റെയും സി.പി.എം, സി.പി.ഐ തുടങ്ങിയ ഇടതുകക്ഷികളുടെയും യുവജനവിഭാഗങ്ങള്‍ എല്ലാ നിരോധനങ്ങളെയും പ്രതിരോധിച്ച് ഡോക്യുമെന്‍ററിയുടെ പൊതുപ്രദര്‍ശനം രാജ്യത്തൊട്ടാകെ സംഘടിപ്പിച്ചു.


ഡല്‍ഹിയിലും മുംബൈയിലും കേന്ദ്ര ആദായനികുതി വകുപ്പു നടത്തിയ റെയ്‌ഡ്‌ ചൂണ്ടിക്കാട്ടുന്നത് കേന്ദ്രഭരണത്തെയോ ബി.ജെ.പിയെയോ പ്രധാനമന്ത്രി നരേന്ദ്രമോദിയെയോ തൊട്ടുകളിച്ചാല്‍ പ്രതിരോധിക്കാന്‍ എന്തു നടപടിയും സ്വീകരിക്കും എന്നുതന്നെ.


ഇന്ത്യയില്‍, മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന പല നടപടികളും കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്നു എന്ന ആക്ഷേപം ഉയരുന്ന പശ്ചാത്തലത്തിലാണ് ബി.ബി.സിയ്ക്കെതിരെ ഈ നീക്കമെന്നതും കാണണം. പാരീസ് ആസ്ഥാനമായ റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് എന്ന സംഘടന തയ്യാറാക്കുന്ന ലോക മാധ്യമ സ്വാതന്ത്ര്യ പട്ടിക അനുസരിച്ച് മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം 2020 -ല്‍ 142 -ാമതാണ്. വളരെ ദയനീയമായ കാഴ്ച.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ എന്നതും പ്രധാനമാണ്. ജനാധിപത്യ വ്യവസ്ഥിതിയില്‍ മാധ്യമസ്വാതന്ത്ര്യം ഒരു പ്രധാന ഘടകം തന്നെയാണ്. അതുകൊണ്ടുതന്നെ അതിരുകളില്ലാത്ത റിപ്പോര്‍ട്ടര്‍മാരുടെ സംഘടന പതിവായി നടത്തുന്ന ലോക മാധ്യമ സ്വാതന്ത്ര്യ പട്ടികയ്ക്ക് ലോകമെങ്ങും വലിയ പ്രസക്തിയുണ്ട്. ഈ പട്ടികയില്‍ ഇന്ത്യ കുറെ വര്‍ഷങ്ങളായി താഴെ തന്നെയാണ്. 2010 -ല്‍ 122 ആയിരുന്നു ഇന്ത്യയുടെ സ്ഥാനം. 2012 -ല്‍ അത് 131 ആയി. 2020 -ല്‍ 142 -ഉം.

വര്‍ഷങ്ങളായി ലോകമെങ്ങുമുള്ള മാധ്യമങ്ങള്‍ സ്വതന്ത്രമായും നിര്‍ഭയമായും പ്രവര്‍ത്തിക്കുന്ന കേന്ദ്രമാണ് ഇന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹി. ഡല്‍ഹി ഭരിച്ച ഒരു സര്‍ക്കാരും ഒരു വിദേശ മാധ്യമത്തിനുമെതിരെ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഡല്‍ഹിയിലെ ലോകമാധ്യമങ്ങളില്‍ എപ്പോഴും മുന്‍നിരയില്‍ത്തന്നെയുണ്ടായിരുന്നു ബി.ബി.സി എന്ന ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ്ങ് കോര്‍പ്പറേഷന്‍.

1922 -ല്‍ ലണ്ടനില്‍ ആരംഭിച്ച ബി.ബി.സി ലോകമെങ്ങും പ്രശസ്തമാണ്. കടുത്ത വിശ്വാസ്യതയും വാര്‍ത്തയോടും വാര്‍ത്താ ശേഖരണത്തോടുമുള്ള പ്രതിബദ്ധതയുമാണ് എക്കാലത്തും ബി.ബി.സിയുടെ കൈമുതല്‍. ബ്രിട്ടീഷ് സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലാണ് ബി.ബി.സി പ്രവര്‍ത്തിക്കുന്നത്. പക്ഷേ ഒരു മാധ്യമമെന്ന നിലയില്‍ സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനത്തിലോ നയ രൂപീകരണത്തിലോ ബ്രിട്ടീഷ് സര്‍ക്കാരിന് പങ്കൊന്നുമില്ല. എല്ലാ കാര്യത്തിലും സര്‍വതന്ത്ര സ്വാതന്ത്ര്യം തന്നെയാണു ബി.ബി.സി.


അങ്ങനെയുള്ള ബി.ബി.സിക്കു കൂച്ചുവിലങ്ങിടാനാണോ കേന്ദ്ര സര്‍ക്കാരിന്‍റെ ഒരുക്കം ? ഗുജറാത്ത് കലാപത്തെപ്പറ്റി ബി.ബി.സി തയ്യാറാക്കിയ ഡോക്യുമെന്‍ററി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിഛായയെ ആഗോളതലത്തില്‍ത്തന്നെ ബാധിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല.


ലോക രാഷ്ട്രീയത്തില്‍ ഒരു പ്രമുഖ നേതാവായി വളരാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് പ്രധാനമന്ത്രി എന്ന കാര്യവും ഓര്‍ക്കണം. ബി.ബി.സിയുടെ ഡോക്യുമെന്‍ററി വ്യക്തിപരമായി പ്രധാനമന്ത്രിക്ക് വലിയ ക്ഷീണമാകുന്നത് ഈ പശ്ചാത്തലത്തിലാണ്.

പക്ഷെ ലോക രാജ്യങ്ങളും ആഗോള മാധ്യമങ്ങളും ഇന്ത്യയിലെ ബി.ബി.സി ഓഫീസുകളില്‍ ആദായനികുതി വകുപ്പു നടത്തിയ റെയ്‌ഡിനെ എങ്ങനെ കാണും ? ഡല്‍ഹിയില്‍ ബാരക്കംബാ റോഡിലെ ബി.ബി.സി ഓഫീസിനു മുമ്പില്‍ ഉച്ചയോടെ മാധ്യമ പ്രവര്‍ത്തകരും ടെലിവിഷന്‍ ചാനല്‍ പ്രവര്‍ത്തകരുമെല്ലാം ഒത്തുകൂടി. വിദേശ മാധ്യമങ്ങളുടെ പ്രതിനിധികളായിരുന്നു അവരില്‍ നല്ലൊരു പങ്കും.

വിദേശ മാധ്യമങ്ങള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഒരു മുന്നറിയിപ്പാണോ ബി.ബി.സിയ്‌ക്കെതിരായ നീക്കം ?

Advertisment