Advertisment

ഒരു വ്യക്തി, ഒരു ആശയം, ഒരു സംഘം, ഒരു പ്രത്യയ ശാസ്ത്രം എന്നിവയ്ക്ക് രാജ്യത്തെ വളര്‍ത്താനോ തകര്‍ക്കാനോ കഴിയില്ലെന്ന് മോഹന്‍ ഭാഗവത്; ആര്‍.എസ്.എസ് മേധാവി ലക്ഷ്യം വെയ്ക്കുന്നതു പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ ? എക്കാലത്തും ബി.ജെ.പിയുടെ ശക്തിയും കരുത്തുമായ ആര്‍.എസ്.എസിനും അപ്പുറത്തേയ്ക്ക് മോദി വളര്‍ന്നിരിക്കുന്നു; ഈ സാഹചര്യത്തിലാണ് മോഹന്‍ ഭാഗവതിന്റെ വാക്കുകള്‍ പ്രസക്തമാകുന്നതും-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്‌

New Update

publive-image

Advertisment

ഒരു വ്യക്തിക്കോ പ്രത്യയശാസ്ത്രത്തിനോ ഒരു രാജ്യത്തെ നിര്‍മിക്കാനോ നശിപ്പിക്കാനോ കഴിയില്ലെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. രാജ്യത്ത് വിവിധ ആശയ ധാരകള്‍ ഉണ്ടാവണമെന്നും എങ്കില്‍ മാത്രമേ രാജ്യത്തിന് സര്‍വതോന്മുഖമായ വളര്‍ച്ച ഉണ്ടാകൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നാഗ്‌പൂരിൽ രാജരത്ന പുരസ്കാര്‍ സമിതിയുടെ പുരസ്കാര വിതരണം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.

ഒരു വ്യക്തി, ഒരു ആശയം, ഒരു സംഘം, ഒരു പ്രത്യയ ശാസ്ത്രം എന്നിവയ്ക്ക് രാജ്യത്തെ വളര്‍ത്താനോ തകര്‍ക്കാനോ കഴിയില്ലെന്നാണ് ആര്‍.എസ്.എസ് മേധാവി പറഞ്ഞു വെയ്ക്കുന്നത്. ലോകത്തെ മികച്ച രാജ്യങ്ങളിലെല്ലാം പലതരം ചിന്താധാരകളുമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തീവ്ര ഹിന്ദുത്വ സംഘടനയായ രാഷ്ട്രീയ സ്വയം സേവക് സംഘിന്‍റെ ഇപ്പോഴത്തെ സര്‍ സംഘ ചാലക് എന്ന നിലയ്ക്ക് മോഹന്‍ ഭാഗവതിന്‍റെ വാക്കുകള്‍ക്ക് വലിയ വിലയുണ്ട്. ഇന്നത്തെ ദേശീയ രാഷ്ട്രീയത്തില്‍ പ്രത്യേകിച്ചും. ഒരു വ്യക്തി, ഒരു ചിന്ത, ഒരു പ്രത്യയ ശാസ്ത്രം എന്നിങ്ങനെയുള്ള മോഹന്‍ ഭാഗവതിന്‍റെ വാക്കുകള്‍ വിരല്‍ചൂണ്ടുന്നത് ഇന്ത്യയുടെ ഇന്നത്തെ ഭരണത്തിലേയ്ക്കു തന്നെയല്ലേ എന്ന ചോദ്യവും ഉയരുന്നു.

അതെ. മോഹന്‍ ഭാഗവതിന്‍റെ വാക്കുകള്‍ ലക്ഷ്യം വെയ്ക്കുന്നതു പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തന്നെയല്ലേ എന്നാണു ചോദ്യം. പ്രധാന മന്ത്രിയായ ശേഷം നരേന്ദ്ര മോദി ഏറെ വളര്‍ന്നിരിക്കുന്നു. എക്കാലത്തും ബി.ജെ.പിയുടെ ശക്തിയും കരുത്തുമായ ആര്‍.എസ്.എസിനും അപ്പുറത്തേയ്ക്ക്. ഇന്ന് നരേന്ദ്രമോദി ഒരു വലിയ ശക്തികേന്ദ്രം തന്നെയാണ്. പണ്ടത്തെപ്പോലെ എന്തിനും ഏതിനും നാഗപ്പൂരിലെ ആര്‍.എസ്.എസ് കേന്ദ്രത്തിന്‍റെ അനുമതിക്ക് അദ്ദേഹം കാത്തുനില്‍ക്കാറില്ല എന്നാണ് ഡല്‍ഹിയിലെ സംസാരം.

ഉദാഹരണം, നിഥിന്‍ ഗഡ്കരി തന്നെ. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പു മന്ത്രി. ഒരുകാലത്ത് ബി.ജെ.പി രാഷ്ട്രീയത്തില്‍ മുടിചൂടാ മന്നന്‍ തന്നെയായിരുന്നു ഗഡ്കരി. നാഗ്പൂര്‍ സ്വദേശിയായ ഗഡ്കരി എന്തുകൊണ്ടും ആര്‍.എസ്.എസ് നേതൃത്വവുമായി വളരെയടുത്തയാള്‍ തന്നെ. ഏറ്റവുമധകം പണം ചെലവഴിക്കുന്ന വകുപ്പെന്ന നിലയില്‍ ഗഡ്കരി കൈകാര്യം ചെയ്യുന്ന ഉപരിതല ഗതാഗതവകുപ്പിനും പ്രാധാന്യമേറെ.


പക്ഷേ മോദി ഭരണത്തില്‍ ഇന്നു ഗഡ്കരിക്ക് പഴയ മേധാവിത്വമില്ല. അടുത്തകാലത്തു നടന്ന ഒരു ബി.ജെ.പി നേതൃയോഗത്തില്‍ ഗഡ്കരിക്ക് പാര്‍ട്ടി പാര്‍ലമെന്‍ററി ബോര്‍ഡംഗത്വം നഷ്ടപ്പെട്ടു. ഒപ്പം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ അംഗത്വവും. ബി.ജെ.പി ദേശീയ നേതൃത്വത്തില്‍ ഇതു തികച്ചും നിര്‍ണായകം തന്നെ.


അടുത്ത ലോക്സഭാ തെരഞ്ഞുടുപ്പു സമയത്ത് ഗഡ്കരിയെ ദുര്‍ബലനാക്കുക എന്നതു തന്നെയാണ് ഈ നീക്കത്തിന്‍റെ ലക്ഷ്യം. വിവിധ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നത് ഈ സമിതികളാണ്. രണ്ടു സമിതികളില്‍ നിന്നും ഒഴിവാക്കപ്പെട്ട നിഥിന്‍ ഗഡ്കരിക്ക് വരുന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്ന കാര്യത്തില്‍ ഒരു പങ്കുമുണ്ടാവില്ലെന്നര്‍ത്ഥം.

മോദിക്കു ശേഷം അടുത്ത ബി.ജെ.പി പ്രധാനമന്ത്രിയായി പാര്‍ട്ടിയില്‍ പല പ്രമുഖരും ഗഡ്കരിയെ കണ്ടിരുന്നു. തികഞ്ഞ മിതവാദിയായ ഗഡ്കരിയുടെ ഏറ്റവും വലിയ ശക്തി ആര്‍.എസ്.എസുമായുള്ള അടുപ്പമായിരുന്നു. നാഗ്പൂരില്‍ത്തന്നെയാണ് അദ്ദേഹം ജനിച്ചതും പഠിച്ചതും വളര്‍ന്നതും. ഗഡ്കരിക്കെതിരായ ഈ രാഷ്ട്രീയ നീക്കത്തിന് അന്ന് ആര്‍.എസ്.എസിന്‍റെ പിന്തുണ ഉണ്ടായിരുന്നു താനും.

ഇന്ന് അധികാരം മുഴുവന്‍ നരേന്ദ്ര മോദിയിലും ആഭ്യന്തരമന്ത്രി അമിത് ഷായിലും ഒതുങ്ങികൂടിയിരിക്കുന്നു. ബി.ജെ.പിയില്‍ ആവസാന വാക്ക് ഗുജറാത്തില്‍ നിന്നുള്ള ഈ രണ്ടു നേതാക്കളുടേതു മാത്രമാണ്. നരേന്ദ്ര മോദിയെ മുന്നില്‍ നിര്‍ത്താന്‍ അമിത്ഷായും ഏറെ പാടുപെടുന്നു. ബി.ജെ.പിയില്‍ ഇന്ന് ഒരേയൊരു ശബ്ദം മോദിയുടേതാണ്. മോദിയുടേതു മാത്രം.

ഒരു വ്യക്തിക്കോ ഒരു ചിന്തയ്ക്കോ ഒരു പ്രത്യയ ശാസ്ത്രത്തിനോ ഒരു രാജ്യത്തെ വളര്‍ത്താനോ തകര്‍ക്കാനോ കഴിയില്ലെന്ന മോഹന്‍ ഭാഗവതിന്‍റെ വാക്കുകളുടെ പൊരുള്‍ എന്ത് എന്ന ചോദ്യം ഉയരുന്നത് ഇവിടെയാണ്. വ്യക്തിക്കെതിരെ തിരിയുകയാണ് മോഗന്‍ ഭാഗവത്. വ്യക്തി പൂജയ്ക്കും വ്യക്തി കേന്ദ്രീകൃത രാഷ്ട്രീയത്തിനുമെല്ലാം എതിരല്ലേ ആ വാക്കുകള്‍ ?

മോഹന്‍ ഭാഗവതിന്‍റേതാണ് ആ വാക്കുകള്‍ എന്നതാണു പ്രധാനം.

Advertisment