Advertisment

അമേരിക്കയും മറ്റു വികസിത രാജ്യങ്ങളും നിയന്ത്രിക്കുന്ന വേള്‍ഡ് ബാങ്കിന്‍റെ തലപ്പത്തേയ്ക്ക് ഒരു ഇന്ത്യാക്കാരന്‍ എത്തുന്നു എന്നത് കൗതുകമുയര്‍ത്തുന്നു; അജയ് ബംഗയെ വേള്‍ഡ് ബാങ്ക് പ്രസിഡന്‍റായി നിര്‍ദേശിച്ചിരിക്കുന്നത് സാക്ഷാല്‍ ബൈഡന്‍ തന്നെ ! ലോകബാങ്കിന്‍റെ മുമ്പില്‍ ഇന്നുള്ള ഏറ്റവും വലിയ വെല്ലുവിളി കാലാവസ്ഥ വ്യതിയാനമാണ്‌; ഇതിനെ നേരിടാന്‍ സ്വകാര്യ മേഖലയിലെ പ്രവര്‍ത്തന പരിചയവുമായി വരുന്ന പുതിയ പ്രസിഡന്‍റിനു കഴിയുമോ എന്നാണ് ചില കേന്ദ്രങ്ങളില്‍ ഉയരുന്ന സംശയം-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്‌

New Update

publive-image

Advertisment

വേള്‍ഡ് ബാങ്കിന്‍റെ തലപ്പത്തേക്ക് ആദ്യമായി ഒരു ഇന്ത്യാക്കാരന്‍. പ്രമുഖ പണമിടപാടു സ്ഥാപനമായ മാസ്റ്റര്‍ കാര്‍ഡിന്‍റെ സി.ഇ.ഒ ആയിരുന്ന അജയ് ബംഗയെ വേള്‍ഡ് ബാങ്ക് പ്രസിഡന്‍റായി നിര്‍ദേശിച്ചിരിക്കുന്നത് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനാണ്. വേള്‍ഡ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിന്‍റെ അംഗീകാരം കൂടി കിട്ടിയാല്‍ ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യക്കാരന്‍ ലോകത്തെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനത്തിന്‍റെ അധിപനാകും.

പഞ്ചാബ് സ്വദേശിയായ അജയ് ബംഗയുടെ സ്കൂള്‍ വിദ്യാഭ്യാസം ഹൈദ്രാബാദിലായിരുന്നു. ബിരുദ പഠനം ദല്‍ഹി സെന്‍റ് സ്റ്റീഫന്‍സിലും മാനേജ്മെന്‍റ് പഠനം അഹമ്മദാബാദ് ഐഐഎമ്മിലും. ലോകത്ത് ഇന്നുള്ള ഏറ്റവും പ്രഗത്ഭനായ ധനകാര്യ വിദഗ്ദ്ധനായാണ് അജയ് ബംഗ അറിയപ്പെടുന്നത്. അദ്ദേഹത്തിന്‍റെ ധനകാര്യ മാനേജ്മെന്‍റ് വൈദഗ്ദ്ധ്യത്തെയും കാലാവസ്ഥാ വ്യതിയാനം പോലെയുള്ള പുതിയ വിഷയങ്ങളിലുള്ള പ്രാവീണ്യത്തെയും ജോ ബൈഡന്‍ പുകഴ്ത്തി.


വേള്‍ഡ് ബാങ്ക് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഏറ്റവും യോജിച്ച ധനകാര്യ വിദഗ്ദ്ധനെത്തന്നെയാണ് അമേരിക്ക അവതരിപ്പിക്കുന്നതെന്ന് ലോകത്തെ ധരിപ്പിക്കാനാണ് ബൈഡന്‍ ഇങ്ങനെ പ്രസ്താവിച്ചത്.


അതിനു കാരണമുണ്ട്. ആഗോള രാഷ്ട്രീയത്തില്‍ ഇന്ന് ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം കാലാവസ്ഥാ വ്യതിയാനവും അതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട തുക അനുവദിക്കുന്ന കാര്യവുമാണ്. ഇത്രയും കാലം സ്വകാര്യ സ്ഥാപനങ്ങളില്‍ മാത്രം പ്രവര്‍ത്തിച്ചിട്ടുള്ള അജയ് ബംഗയ്ക്ക് കാലാവസ്ഥാ വ്യതിയാനം പോലെയുള്ള വിഷയങ്ങളില്‍ താല്‍പര്യമുണ്ടാവില്ലെന്ന വിമര്‍ശനം പല കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു. ലോകബാങ്കിന്‍റെ മുമ്പില്‍ ഇന്നുള്ള ഏറ്റവും വലിയ വെല്ലുവിളി കാലാവസ്ഥാ വ്യതിയാനം തന്നെയാണ്. ഇതിനെ നേരിടാന്‍ സ്വകാര്യ മേഖലയിലെ പ്രവര്‍ത്തന പരിചയവുമായി വരുന്ന പുതിയ പ്രസിഡന്‍റിനു കഴിയുമോ എന്നാണ് ചില കേന്ദ്രങ്ങളില്‍ ഉയരുന്ന സംശയം.

പക്ഷെ മാസ്റ്റര്‍കാര്‍‍ഡ് പോലെയുള്ള ആഗോള ധനകാര്യ സ്ഥാപനങ്ങളുടെ തലപ്പത്തു പ്രവര്‍ത്തിക്കുമ്പോഴും കാലാവസ്ഥാ വ്യതിയാനം പോലെ ലോകത്തിനു മുന്നിലുള്ള പല വിഷയങ്ങളിലും അജയ് ബംഗ ഇടപെട്ടിട്ടുണ്ടെന്നതാണു വസ്തുത. കാലാവസ്ഥാ രംഗത്തെ പ്രവര്‍ത്തനത്തിന് മാസ്റ്റര്‍ കാര്‍ഡിനെക്കൊണ്ടു സംഭാവന ചെയ്യിക്കാനും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.


കഴിഞ്ഞ വര്‍ഷം മാസ്റ്റര്‍ കാര്‍ഡ് തലപ്പത്തുനിന്നു പിരിഞ്ഞ അജയ് ബംഗ ജനറല്‍ അറ്റ്ലാന്‍റിക് എന്ന ഇക്വിറ്റി സ്ഥാപനത്തിന്‍റെ വൈസ് ചെയര്‍മാനാണ് ഇപ്പോള്‍.


മാസ്റ്റര്‍ കാര്‍ഡ് സി.ഇ.ഒ എന്ന നിലയ്ക്ക് അജയ് ബംഗയുടെ ശമ്പളം എത്രയായിരുന്നു എന്നല്ലേ ? വാര്‍ഷിക ശമ്പളം 23,250,000 ഡോളര്‍ ! ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ ഏകദേശം 192 കോടി രൂപയിലധികം. ഇത് ദിവസക്കൂലിയായി കണക്കാക്കിയാലോ ? ഒരു ദിവസം ഏതാണ്ട് 51 ലക്ഷം രൂപ ! ലോകത്ത് ഏറ്റവുമധികം ശമ്പളം കൈപ്പറ്റിയ ആള്‍ എന്നു വിശേഷിപ്പിക്കാം.

അജയ് ബംഗ ബിരുദപഠനം നടത്തിയ ദല്‍ഹി സെന്‍റ് സ്റ്റീഫന്‍സ് ഇന്ത്യയിലെ ഏറ്റവും മികച്ച കലാലയങ്ങളിലൊന്നാണെന്നും കാണണം. അഹമ്മദാബാദ് ഐ.ഐ.എമ്മില്‍ നിന്നാണ് അദ്ദേഹം മാനേജ്മെന്‍റില്‍ ബിരുദാനന്തര ബിരുദം നേടിയത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു നേരിട്ടു താല്‍പര്യമെടുത്തു സ്ഥാപിച്ച ലോകോത്തരമായ മാനേജ്മെന്‍റ് പഠന കേന്ദ്രങ്ങളിലൊന്ന്.

വേള്‍ഡ് ബാങ്ക് പുതിയ വളര്‍ച്ചയിലേയ്ക്കു കടക്കുമ്പോഴാണ് ഒരിന്ത്യക്കാരന്‍ അതിന്‍റെ തലപ്പത്തെത്തുന്നത്. ലോകത്തെ വികസിത രാജ്യങ്ങളും അവികസിത രാജ്യങ്ങളും തമ്മിലുള്ള വിടവു വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സമയമാണിത്. അമേരിക്ക, ബ്രിട്ടന്‍, ജര്‍മ്മനി എന്നിങ്ങനെയുള്ള രാജ്യങ്ങള്‍ക്ക് ദാരിദ്ര്യവും പട്ടിണിയും ഒരു പ്രശ്നമേയല്ല. പക്ഷെ ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ പല രാജ്യങ്ങളിലും പട്ടിണി നടമാടുന്നു.

യമന്‍, ഉക്രൈന്‍, അസര്‍ബൈജാന്‍, ചില ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലൊക്കെ ആഭ്യന്തരമായ അസ്വസ്ഥതകളുണ്ട്. റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നിരിക്കുകയാണ് ഉക്രൈന്‍. ഇവിടെയൊക്കെ വേള്‍ഡ് ബാങ്കിന്‍റെ സഹായം എത്തുന്നുമുണ്ട്.

ഉദാഹരണം 2018 -ല്‍ അതിരൂക്ഷമായ പ്രളയക്കെടുതി നേരിട്ട കേരളത്തെ സഹായിക്കാന്‍ വേള്‍ഡ് ബാങ്ക് കാട്ടിയ ഉത്സാഹം തന്നെ. വേള്‍ഡ് ബാങ്ക് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ റീബില്‍ഡ് കേരള എന്നൊരു പദ്ധതിക്കുതന്നെ രൂപം നല്‍കി. ഇതിലേയ്ക്ക് വലിയ തുക കേരള സര്‍ക്കാരിനു കൈമാറുകയും ചെയ്തു. എല്ലാറ്റിനും നേതൃത്വം നല്‍കിയത് വേള്‍ഡ് ബാങ്ക് ഇന്ത്യാ ഡയറക്ടര്‍ ജുനൈദ് അഹമ്മദ്.

ബംഗ്ലാദേശുകാരനായ അഹമ്മദിന്‍റെ നേതൃത്വത്തില്‍ വിവിധ മേഖലകളിലെ വിദഗ്ദ്ധ സംഘങ്ങള്‍ തിരുവനന്തപുരത്തെത്തി ഉദ്യോഗസ്ഥരുമായും മന്ത്രിമാരുമായും പലവട്ടം ചര്‍ച്ച നടത്തുകയും വലിയ സഹായങ്ങള്‍ നല്‍കുകയും ചെയ്തു. മലയാളിയായ ഡോ. ബാലകൃഷ്ണ മേനോന്‍ വാഷിങ്ങ്ടണിലെ വേള്‍ഡ് ബാങ്ക് ഓഫീസിലിരുന്ന് കേരളത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.

ഇങ്ങനെ നോക്കുമ്പോഴാണ് എന്ത് അതിബൃഹത്താണ് വേള്‍ഡ് ബാങ്കിന്‍റെ പ്രവര്‍ത്തനം എന്നു മനസിലാകുക. അമേരിക്കക്കാര്‍ മാത്രമേ വേള്‍ഡ് ബാങ്കിന്‍റെ തലപ്പത്ത് നിയമിക്കപ്പെട്ടിട്ടുള്ളു. അതിനര്‍ത്ഥം വേള്‍ഡ് ബാങ്ക് പൂര്‍ണമായും അമേരിക്കന്‍ ഗവണ്‍മെന്‍റിന്‍റെ നിയന്ത്രണത്തിലാണെന്നതു തന്നെ.

ഇപ്പോഴിതാ ഒരു ഇന്ത്യാക്കാരനെ ആ ഉന്നത സ്ഥാനത്തേയ്ക്ക് അമേരിക്കന്‍ പ്രസിഡന്‍റ് തന്നെ നിയോഗിച്ചിരിക്കുന്നു. അമേരിക്കന്‍ പൗരത്വം സ്വീകരിച്ചയാളാണെങ്കിലും ഇന്ത്യയില്‍ ജനിച്ച് പഠിച്ചു വളര്‍ന്ന അജയ് ബംഗ തികച്ചും ഇന്ത്യാക്കാരന്‍ തന്നെ. അമേരിക്കയും ലോകത്തെ മറ്റു വികസിത രാജ്യങ്ങളും നിയന്ത്രിക്കുന്ന വേള്‍ഡ് ബാങ്കിന്‍റെ തലപ്പത്തേയ്ക്ക് ഒരു ഇന്ത്യാക്കാരന്‍ എത്തുന്നു എന്നത് കൗതുകമുയര്‍ത്തുന്നു. പാവപ്പെട്ടവരും ദരിദ്രരും പട്ടിണിക്കാരും ഏറെയുള്ള ഇന്ത്യയില്‍ നിന്ന്.

Advertisment