Advertisment

ത്രിപുരയിലെ സി.പി.എം-കോണ്‍ഗ്രസ് കൂട്ടുക്കെട്ട് കോണ്‍ഗ്രസിന് നേട്ടമായപ്പോള്‍, സി.പി.എമ്മിന് നഷ്ടമായി; തിപ്ര മോതയുമായി സഖ്യമുണ്ടാക്കിയിരുന്നുവെങ്കില്‍ സി.പി.എമ്മിന്റെ നില മറ്റൊന്നാകുമായിരുന്നു ! സി.പി.എം-കോണ്‍ഗ്രസ് കൂട്ടുകെട്ടിന്റെ ഭാവി ഇനി ത്രിപുരയിലെ അനുഭവം അടിസ്ഥാനമാക്കിയായിരിക്കും; പൊതുവെ ബി.ജെ.പിക്കു ഭരണത്തുടര്‍ച്ച നല്‍കുന്നതായിരുന്നു തിരഞ്ഞെടുപ്പ് ഫലങ്ങളെങ്കിലും, വിധിയെഴുത്തിന് അതിന്‍റേതായ പ്രത്യേകതകളുമുണ്ട്-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്‌

New Update

publive-image

Advertisment

ഓരോ തെരഞ്ഞെടുപ്പും വ്യത്യസ്തമാണ്. ഓരോ തെരഞ്ഞെടുപ്പിനും അതിന്‍റേതായ പ്രത്യേകതകളുണ്ട്. ഓരോ തെരഞ്ഞെടുപ്പും രാഷ്ട്രീയ പാര്‍ട്ടികളെ പലതരം പാഠങ്ങള്‍ പഠിപ്പിക്കുന്നുമുണ്ട്. ഓരോ തെരഞ്ഞെടുപ്പും ഓരോ പാര്‍ട്ടിക്കും നല്‍കുന്നത് തികച്ചും വ്യത്യസ്തങ്ങളായ പാഠങ്ങള്‍.

ത്രിപുര, നാഗാലാന്‍റ്, മേഖാലയ എന്നീ സംസ്ഥാന നിയമസഭകളിലേയ്ക്കു നടന്ന തെരഞ്ഞെടുപ്പിനും പ്രത്യേകതകള്‍ ഏറെ. ഓരോ സംസ്ഥാനത്തും ജനങ്ങളുടെ വിധിയെഴുത്തിന് അതിന്‍റേതായ പ്രത്യേകതകള്‍. പൊതുവെ ബി.ജെ.പിക്കു ഭരണത്തുടര്‍ച്ച നല്‍കുന്നതായിരുന്നു മൂന്നിടത്തെയും തെരഞ്ഞെടുപ്പുകളെങ്കിലും ഈ സംസ്ഥാനങ്ങളിലൊക്കെ വിധിയെഴുത്തിന് അതിന്‍റേതായ പ്രത്യേകതകളുമുണ്ട്.

ത്രിപുരയില്‍ ഒന്നുമില്ലായ്മയില്‍ നിന്ന് മൂന്നു സീറ്റുമായി കോണ്‍ഗ്രസ് വീണ്ടും നിയമസഭയിലെത്തുന്നുവെന്നതാണ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കാര്യം. സി.പി.എമ്മുമായുണ്ടാക്കിയ കൂട്ടുകെട്ടു സമ്മാനിച്ച നേട്ടം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റുപോലും കോണ്‍ഗ്രസിനു കിട്ടിയിരുന്നില്ല.

ത്രിപുരയിലെ കോണ്‍ഗ്രസ്-സി.പി.എം കൂട്ടുകെട്ട് കോണ്‍ഗ്രസിനു നേട്ടമായെങ്കിലും സി.പി.എമ്മിനു വലിയ നഷ്ടക്കച്ചവടമായി. കാല്‍ നൂറ്റാണ്ടുകാലം നീണ്ട സി.പി.എം ഭരണം അവസാനിപ്പിച്ച് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ത്രിപുര പിടിച്ചടക്കുകയായിരുന്നു. വ്യാപകമായി കോണ്‍ഗ്രസ് വോട്ട് പിടിച്ചെടുത്താണ് ബി.ജെ.പി അന്നു വന്‍ നേട്ടം കൈവരിച്ചത്.


കഴിഞ്ഞ തവണ ഒറ്റയ്ക്ക് 16 സീറ്റ് നേടിയ സി.പി.എമ്മിന് ഇത്തവണ കിട്ടിയത് 11 സീറ്റ് മാത്രം. സി.പി.എം - കോണ്‍ഗ്രസ് സഖ്യം നേടിയത് 14 സീറ്റ്. കഴിഞ്ഞ തവണ ബി.ജെ.പിയിലേയ്ക്കു പോയ വോട്ടു തിരികെ പിടിക്കാനാണ് സി.പി.എം കോണ്‍ഗ്രസുമായി കൂട്ടു കൂടിയത്.


സി.പി.എം വോട്ടു കോണ്‍ഗ്രസിനു കിട്ടിയെങ്കിലും ആ സഹായം തിരികെ കിട്ടിയില്ലെന്നതാണ് സി.പി.എമ്മിനു തിരിച്ചടിയായത്. സി.പി.എം-കോണ്‍ഗ്രസ് കൂട്ടുകെട്ടിന്‍റെ ഭാവി എങ്ങനെയിരിക്കുമെന്ന് സി.പി.എം ആലോചിക്കുന്നത് ത്രിപുരയിലെ അനുഭവം അടിസ്ഥാനമാക്കിയായിരിക്കും.

60 സീറ്റുള്ള ത്രിപുരയില്‍ 20 സീറ്റും ഗോത്രവര്‍ഗ മേഖലയിലാണ്. ബാക്കി 40 സീറ്റില്‍ നിന്നും വേണം മുഖ്യധാരാ പാര്‍ട്ടികള്‍ക്കു ഭൂരിപക്ഷം ഉറപ്പാക്കാനുള്ള സീറ്റുകള്‍ നേടാന്‍. ബി.ജെ.പിയുടെ സഖ്യകക്ഷി ഐ.ടി.എഫ്.ടിയെ (ഇന്‍ഡിജനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര) തുരത്തി ബി.ജെ.പിയുടെ മുന്നേറ്റത്തിനു തടയിട്ടത് പുതിയ ഗോത്രവര്‍ഗ പാര്‍ട്ടി തിപ്ര മോത്ത.

ത്രിപുര രാജകുടുംബത്തിന്‍റെ ഇപ്പോഴത്തെ തലവനും മുന്‍ ഡി.സി.സി അധ്യക്ഷനുമായ പ്രദ്ധ്യോത് മാണിക്യ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയാണ് തിപ്ര മോത്ത. തിപ്ര മോത്ത ഒരു മൂന്നാം ശക്തിയായി ഇറങ്ങിയതോടെ ഗോത്രവര്‍ഗ വോട്ടുകള്‍ ആ പാര്‍ട്ടിയുടെ പേരില്‍ ഏകീകരിക്കപ്പെട്ടു. 13 സീറ്റ് നേടിയ തിപ്ര മോത്ത സി.പി.എമ്മിന്‍റെയും ബി.ജെ.പിയുടെയും വോട്ടുകളില്‍ ഭിന്നിപ്പുണ്ടാക്കി. ഇനി മുഖ്യ പ്രതിപക്ഷകക്ഷിയും ഈ ഗോത്രവര്‍ഗ പാര്‍ട്ടി തന്നെ. വിശാല തിപ്ര ലാന്‍ഡ് എന്നതാണ് പാര്‍ട്ടിയുടെ മുദ്രാവാക്യം. ഇതു ബി.ജെ.പി നേരത്ത തള്ളിക്കളഞ്ഞതാണ്.


2013 -ല്‍ സീറ്റൊന്നും നേടാതിരുന്ന ബി.ജെ.പി 2018 -ല്‍ 36 സീറ്റ് നേടിയാണ് സി.പി.എമ്മിനു മേല്‍ അട്ടിമറി വിജയം നേടിയത്. 2013 -ല്‍ 46 സീറ്റുമായി ഭരണം നടത്തിയ സി.പി.എമ്മിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കിട്ടിയത് 16 സീറ്റ്. ഇത്തവണ 11 സീറ്റിലേയ്ക്ക് സി.പി.എം ഒതുങ്ങി. തിപ്ര മോത്തയുമായി സഖ്യമുണ്ടാക്കിയിരുന്നുവെങ്കില്‍ സി.പി.എമ്മിന്‍റെ നില മറ്റൊന്നാകുമായിരുന്നു. തെരഞ്ഞെടുപ്പു ഫലവും.


മേഘാലയയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 20 സീറ്റ് മാത്രം നേടി ബി.ജെ.പിയുടെ സഹായത്തോടെ ഭരിച്ച എന്‍.പി.പി (നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി) ഇത്തവണ 59 -ല്‍ 26 സീറ്റ് നേടി. ആകെയുള്ള 60 -ല്‍ 59 സീറ്റിലാണ് തെരഞ്ഞെടുപ്പു നടന്നത്. കൂട്ടുകെട്ടും കൂട്ടുഭരണവുമെല്ലാം മറന്ന് എന്‍.പി.പിയും ബി.ജെ.പിയും ഒറ്റയ്‌ക്കൊറ്റയ്ക്കായാണ്‌ മത്സരിച്ചത്.

കോണ്‍റാഡ് സാഗ്മയ്ക്കെതിരെ ഗുരുതരമായ അഴിമതി ആരോപിച്ചായിരുന്നു ബി.ജെ.പിയുടെ പ്രചാരണം. നേതൃതവം നല്‍കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും. എന്നിട്ടും ബി.ജെ.പി നേടിയത് വെറും രണ്ടു സീറ്റ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെപ്പോലെ. ഇത്തവണയും കോണ്‍റാഡ് സാഗമയ്ക്ക് പിന്തുണ കൊടുക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്നു ബി.ജെ.പി. ഉന്നയിച്ച അഴിമതി ആരോപണങ്ങളൊക്കെയും ബി.ജെ.പി സൗകര്യപൂര്‍വം മറക്കുകയും ചെയ്തിരിക്കുന്നു.

നാഗാലാന്‍റില്‍ എന്‍.സി.പി.പി-ബി.ജെ.പി സഖ്യം 60 -ല്‍ 37 സീറ്റും നേടി ഭരണത്തുടര്‍ച്ചയിലേയ്ക്കു കടക്കുന്നു. കഴിഞ്ഞ തവണ 12 സീറ്റ് നേടിയ ബി.ജെ.പി ഇത്തവണയും അത്രയും തന്നെ സ്വന്തമാക്കി. മുഖ്യമന്ത്രി നെയ്ഫ്യൂ റിയോ നയിക്കുന്ന എന്‍.സി.പി.പി 25 സീറ്റിലും വിജയിച്ചു.


വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ഏറ്റവും വലിയ പ്രശ്നം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര വരുമാനമില്ലെന്നതാണ്. കഴിഞ്ഞതവണയും ഇത്തവണയും രണ്ടു സീറ്റ് മാത്രം കിട്ടിയ ബി.ജെ.പിക്ക് മേഘാലയയില്‍ ഭരണത്തില്‍ പങ്കാളിയാകാന്‍ കഴിയുന്നത് കേന്ദ്രം ഭരിക്കുന്ന കക്ഷി എന്ന ബലത്തിലാണ്.


ക്രൈസ്തവര്‍ക്കു ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലും ബി.ജെ.പിക്ക് അംഗീകാരം കിട്ടുകയും ചെയ്യുന്നു. ഉത്തരേന്ത്യയില്‍ പലേടത്തും ക്രൈസ്തവര്‍ക്കെതിരെ സംഘപരിവാര്‍ ആക്രമണം പതിവാകുമ്പോഴാണ് വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഈ പ്രവണത എന്നതു ശ്രദ്ധേയമാണ്.

എങ്കിലും ത്രിപുരയില്‍ ബി.ജെ.പിയുടെ ശക്തി കുറഞ്ഞുവെന്ന് വോട്ടു ശതമാനം ചൂണ്ടിക്കാട്ടുന്നു. പക്ഷേ കോണ്‍ഗ്രസിന് ആശ്വാസവുമായി. മേഘാലയയിലും നാഗാലാന്‍റിലും ബി.ജെ.പിക്കു മുന്നേറാനായുമില്ല. ഇവിടങ്ങളില്‍ കോണ്‍ഗ്രസ് ക്ഷയിക്കുകയും ചെയ്തു. 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഈ മൂന്നു സംസ്ഥാനങ്ങള്‍ അത്രകണ്ടു നിര്‍ണായകമാവില്ലെങ്കിലും ഈ തെരഞ്ഞെടുപ്പുകള്‍ രാജ്യത്തെ പ്രധാന പാര്‍ട്ടികളെ പല പാഠങ്ങളും പഠിപ്പിക്കുന്നുണ്ട്.

Advertisment