Advertisment

ഇന്നസെന്‍റിന്‍റെ വേര്‍പാട് കേരളീയര്‍ക്കൊക്കെ ഒരു തീരാ നഷ്ടമാണ്; ആദ്യം ഒരു തീപ്പെട്ടിക്കമ്പനി, പിന്നെ ഡേവിഡ് കാച്ചപ്പള്ളിയുമായി ചേര്‍ന്ന് ഒരു സിനിമാക്കമ്പനി, തുടര്‍ന്ന് സിനിമാക്കഥയെഴുത്തും അഭിനയവും - അങ്ങനെ പടിപടിയായി മലയാള സിനിമയുടെ നെറുകയില്‍ത്തന്നെ സ്ഥാനമുറപ്പിക്കുകയായിരുന്നു ഇന്നസെന്‍റ് ! ഏതു വെല്ലുവിളികളെയും നേരിടാനുള്ള ധൈര്യവും തന്‍റേടവുമായിരുന്നു ഇന്നസെന്‍റിന്‍റെ കൈമുതല്‍-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്‌

New Update

publive-image

Advertisment

മലയാള സിനിമയില്‍ ചിരിയുടെ സാമ്രാജ്യവും ഒപ്പം സ്വന്തമായൊരു സ്ഥാനവും സൃഷ്ടിച്ച ഇന്നസെന്‍റ് (1948 - 2023) വിടവാങ്ങി. കഷ്ടപ്പാടിലൂടെയും ഇല്ലായ്മയിലൂടെയും വളര്‍ന്ന് ലോകമെങ്ങുമുള്ള മലയാളികളുടെ മനസില്‍ അതിമനോഹരമായ ചിരി പടര്‍ത്തിയ ഇന്നസെന്‍റിന്‍റെ വേര്‍പാട് മലയാള ചലച്ചിത്ര ലോകത്തിനു മാത്രമല്ല, കേരളീയര്‍ക്കൊക്കെയും ഒരു തീരാ നഷ്ടമാണ്.

കാന്‍സര്‍ എന്ന ഭീകര രോഗത്തിന് അടിപ്പെട്ടായിരുന്നു ഇന്നസെന്‍റിന്‍റെ അന്ത്യം. പക്ഷെ തനിക്ക് കാന്‍സറാണെന്നറിഞ്ഞിട്ടും ഇന്നസെന്‍റിന് ഒരു കൂസലുമുണ്ടായില്ല. വീട്ടുകാരെയും സുഹൃത്തുക്കളെയും ഡോക്ടര്‍മാരെയും പോലും അത്ഭുതപ്പെടുത്തി ആ ധൈര്യം. അസുഖം അതിന്‍റെ എല്ലാ ഭീകരതയുമായും ഏറ്റുമുട്ടിയപ്പോഴും ഇന്നസെന്‍റ് നിറചിരിയോടെ അതിനെ നേരിട്ടു. ഇനിയുള്ള ജീവിതം കാന്‍സറിനൊപ്പം തന്നെയാണെന്നുറപ്പിച്ച് അതിനു തയ്യാറെടുത്തു. ഒന്നാം ഘട്ടം ചികിത്സ പൂര്‍ത്തിയായപ്പോള്‍ പൂര്‍ണ ആരോഗ്യത്തോടെ തന്നെ അദ്ദേഹം സാധാരണ ജീവിതത്തിലേയ്ക്കു മടങ്ങിയെത്തി. പിന്നെ കാന്‍സറിനൊപ്പമായിരുന്നു ജീവിതം.

തൊടുന്നതും പിടിക്കുന്നതുമെല്ലാം ഒരു വലിയ ചിരിയിലേക്കെത്തിക്കുന്ന ഇന്നസെന്‍റിന്‍റെ ജീവിതം തുടങ്ങിയത് വളരെ താണ നിലയില്‍ നിന്നായിരുന്നു. എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തേണ്ടിവന്ന ഇന്നസെന്‍റ് തന്‍റെ പഠിപ്പില്ലായ്മയെയും ഹാസ്യത്തില്‍ പൊതിഞ്ഞ ഒരു സുന്ദര നേട്ടമായിത്തന്നെയാണ് എപ്പോഴും അവതരിപ്പിച്ചത്.


ആദ്യം ഒരു തീപ്പെട്ടിക്കമ്പനി, പിന്നെ ഡേവിഡ് കാച്ചപ്പള്ളിയുമായി ചേര്‍ന്ന് ഒരു സിനിമാക്കമ്പനി, തുടര്‍ന്ന് സിനിമാക്കഥയെഴുത്തും അഭിനയവും - അങ്ങനെ പടിപടിയായി മലയാള സിനിമയുടെ നെറുകയില്‍ത്തന്നെ സ്ഥാനമുറപ്പിക്കുകയായിരുന്നു ഇന്നസെന്‍റ്.


ലോക സിനിമയില്‍ എക്കാലത്തെയും ഹാസ്യ ചക്രവര്‍ത്തിയായ ചാര്‍ളി ചാപ്ലിനോടൊപ്പം നില്‍ക്കുന്ന മഹാ പ്രതിഭയായിരുന്നു ഇന്നസെന്‍റ്. വിയറ്റ്നാം കോളനി, മാന്നാര്‍ മത്തായി സ്പീക്കിങ്ങ്, സന്ദേശം, കിലുക്കം, മിഥുനം, ഗോഡ് ഫാദര്‍ എന്നിങ്ങനെ മലയാളത്തിലെ വമ്പന്‍ ഹിറ്റ് ചിത്രങ്ങളിലൂടെ ഇന്നസെന്‍റ് തന്‍റെ പത്തരമാറ്റുള്ള മഹാ പ്രതിഭ മലയാള സിനിമയ്ക്കു സമര്‍പ്പിച്ചു.

സംഭവബഹുലമായ ജീവിതത്തില്‍ ലോക്സഭാ സീറ്റും അദ്ദേഹത്തെ തേടിയെത്തി. 2014 -ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ നിന്നാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി ഇന്നസെന്‍റ് മത്സരിച്ചത്. വലിയ വിജയം നേടി ലോക്സഭയിലെത്തുകയും ചെയ്തു. 2003 മുതല്‍ 2018 വരെ താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്‍റുമായിരുന്നു അദ്ദേഹം. 2019 -ല്‍ ചാലക്കുടി സീറ്റില്‍ വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

ജീവിതത്തില്‍ പലതരം പ്രസിസന്ധികളെയും പരീക്ഷണങ്ങളെയും നേരിട്ടിട്ടുണ്ടെങ്കിലും കാന്‍സര്‍ രോഗമായിരുന്നു ഇന്നസെന്‍റിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണം. നാക്കിലെ തടിപ്പും തൊണ്ടവേദനയുമൊക്കെയായിട്ടായിരുന്നു തുടക്കം. കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് കാന്‍സറാണെന്നു മനസിലായത്. ഇന്നസെന്‍റ് ഒട്ടും പതറിയില്ല. എല്ലാ സഹായവുമായി എറണാകുളം ലേക് ഷോര്‍ ആശുപത്രിയിലെ ഡോ. വി.പി ഗംഗാധരന്‍ ഒപ്പം നിന്നു.

കാന്‍സറിന്‍റെ വകഭേദമായ ലിംഫോമയായിരുന്നു ഇന്നസെന്‍റിന്. ഓങ്കോളജി വിദഗ്ദ്ധനായ വി.പി ഗംഗാധരനെ ഡോക്ടറായി കിട്ടിയതായിരുന്നു ഇന്നസെന്‍റിന്‍റെ ഭാഗ്യം. തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്‍ററില്‍ (ആര്‍.സി.സി) ജോലി നോക്കുകയായിരുന്ന ഡോ. ഗംഗാധരന്‍ അവിടെ ജോലി രാജിവെച്ച് ലേക്ഷോറില്‍ ചേര്‍ന്നിരുന്നു. മള്‍ട്ടിപ്പിള്‍ മൈലോമ, ലിംഫോമ തുടങ്ങിയ സങ്കീര്‍ണാമായ കാന്‍സര്‍ വകഭേദങ്ങളില്‍ വലിയ വിദഗ്ദ്ധനാണ് ഡോ. വി.പി ഗംഗാധരന്‍.


എനിക്കു കാന്‍സറാണെന്ന് എല്ലാവരോടും തുറന്നു പറഞ്ഞ ഇന്നസെന്‍റ് കാന്‍സറിനോടു താന്‍ നടത്തിയ നിരന്തരമായ പോരാട്ടങ്ങളെ ഹാസ്യത്തിന്‍റെ മേമ്പൊടി ചേര്‍ത്ത് പുസ്തകമാക്കി. 'കാന്‍സര്‍ വാര്‍ഡിലെ ചിരി' എന്ന പേരില്‍ പുസ്തകത്തിന് ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ എന്നീ ഭാഷകളിലേയ്ക്ക് പരിഭാഷ ഉണ്ടായിട്ടുണ്ട്.


ഏതു വെല്ലുവിളികളെയും നേരിടാനുള്ള ധൈര്യവും തന്‍റേടവുമായിരുന്നു ഇന്നസെന്‍റിന്‍റെ കൈമുതല്‍. ഈ തന്‍റേടം കൊണ്ടുതന്നെയാണ് അദ്ദേഹം കാന്‍സറിനെയും നേരിട്ടത്. പക്ഷെ അവസാനം കാന്‍സര്‍ അദ്ദേഹത്തെ വീണ്ടും വെല്ലുവിളിച്ചു. ഒരിക്കല്‍കൂടി ഇന്നസെന്‍റ് ആശുപത്രിയിലായി. പതിയെ പതിയെ വലിയ നടനും വലിയ മനുഷ്യനുമായി ജീവിച്ച ഇന്നസെന്‍റ് തന്നെ കാര്‍ന്നു തിന്നുകയായിരുന്ന മഹാരോഗത്തിനു കീഴടങ്ങി. അദ്ദേഹം സൃഷ്ടിച്ച ചിരിയുടെ സുന്ദര ലോകം അവശേഷിപ്പിച്ച്.

Advertisment