Advertisment

എന്ത് അധികാരത്തിലാണ് എസ്.ഐ ജിമ്മി ജോര്‍ജ് മനോഹരനെ നടുറോഡിലിട്ടു തല്ലിയത് ? പോലീസിനു കാക്കി നല്‍കുന്ന അഹങ്കാരമാണ് ജിമ്മി എന്ന എസ്.ഐയെ ആവാഹിച്ചത് ! ഒരു പരിഷ്കൃത സമൂഹത്തില്‍ നടക്കരുതാത്ത പ്രവൃത്തിയാണ് തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് കാണിച്ചത്; മുഖത്തടിക്കാനും ഉരുട്ടാനും ഗരുഡന്‍ തൂക്കം നടത്താനുമൊന്നും തങ്ങള്‍ക്ക് അധികാരമോ അവകാശമോ ഇല്ലെന്ന് പോലീസുദ്യോഗസ്ഥര്‍ എന്നാണു മനസിലാക്കുക ?-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്‌

New Update

publive-image

Advertisment

ഇടിയന്‍ കുട്ടന്‍പിള്ള, മിന്നല്‍ പരമേശ്വരന്‍ നായര്‍ എന്നിങ്ങനെയൊക്കെ പോലീസുകാരും ഇന്‍സ്പെക്ടര്‍മാരും അറിയപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. പോലീസ് എന്നാല്‍ നാട്ടുകാര്‍ക്ക് പേടിസ്വപ്നമായിരുന്ന ഒരു കാലം. നാട്ടിലെ കവലച്ചട്ടമ്പിയെ പൊതുസ്ഥലത്തു കണ്ടാല്‍ പിടിച്ചു കരണത്തു രണ്ടടി കൊടുക്കുക എന്നതായിരുന്നു ഏതൊരു പോലീസുകാരന്‍റെയും പതിവു രീതി.

ആ കാലമൊക്കെ എന്നേ പോയിരിക്കുന്നു. അവിടെ നിന്നു കേരളം ഏറെ പുരോഗമിച്ചു. വലിയ വിദ്യാഭ്യാസം നേടിയവരാണ് ഇന്നു കോണ്‍സ്റ്റബിള്‍മാരായും എസ്.ഐമാരായും തെരഞ്ഞെടുക്കപ്പെടുന്നത്. പോലീസിനും ഇന്‍സ്പെക്ടര്‍മാര്‍ക്കുമെല്ലാം സംഘടനകളുണ്ട്. മാറി മാറി വരുന്ന ഡി.ജി.പിമാര്‍ പോലീസ് മനോഭാവത്തെ നിയന്ത്രിക്കാന്‍ കൂടെകൂടെ കല്‍പ്പനകള്‍ പുറപ്പെടുവിക്കാറുമുണ്ട്.

എന്നിട്ടും പോലീസ് പഠിക്കുന്നില്ലെന്നതാണു സങ്കടകരം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു വളരെയധികം പുരോഗമിച്ച നാടാണു കേരളം. നൂറു ശതമാനം സാക്ഷരതയുള്ള സംസ്ഥാനം. പത്രം വായിച്ചും ടെലിവിഷന്‍ കണ്ടും ലോകവിവരം നേടുന്ന ജനങ്ങളാണിവിടെയുള്ളത്. സ്വന്തം സ്വാതന്ത്ര്യത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചും നല്ല ബോധമുള്ളവര്‍ തന്നെയാണു മലയാളികള്‍. കേരളത്തില്‍ വഴിയില്‍ കാണുന്ന ഏതു സാധാരണക്കാരനും പൊതുവിവരവും പൗരാവകാശബോധവുമൊക്കെയുണ്ട്.


ഇക്കഴിഞ്ഞ ദിവസം വൈകിട്ട് ജോലികഴിഞ്ഞു മോട്ടോര്‍ സൈക്കിളില്‍ വിട്ടിലേയ്ക്കു പോവുകയായിരുന്ന തൃപ്പൂണിത്തുറ സ്വദേശി മനോഹരനെ ഹില്‍പാലസ് പോലീസ് സ്റ്റേഷനിലെ എസ്.ഐ ജിമ്മി ജോര്‍ജ് കരണത്തടിച്ചതും പോലീസുകാരൊക്കെകൂടി ജീപ്പിലേയ്ക്കു വലിച്ചിഴച്ച് കയറ്റി സ്റ്റേഷനിലെത്തിച്ചതും അവിടെ 52 വയസുള്ള ആ ഗൃഹനാഥന്‍ കുഴഞ്ഞു വീണു മരിച്ചതും കേരളത്തെ വല്ലാതെ ഞെട്ടിപ്പിച്ചിരിക്കുന്നു.


പോലീസ് വാഹന പരിശോധന നടത്തിക്കൊണ്ടിരിക്കെ, കൈകാണിച്ചിട്ടും നിര്‍ത്താതെ അല്‍പ്പം മുന്നോട്ടു മാറി ബൈക്ക് നിര്‍ത്തിയതാണ് മനോഹരന്‍ ചെയ്ത കുറ്റം. ഹെല്‍മറ്റ് ഊരിയ ഉടനെ എസ്.ഐ മനോഹരനെ മുഖത്തടിക്കുകയായിരുന്നു. എസ്.ഐ തല്ലിയതും പോലീസുകാര്‍ മനോഹരനെ വലിച്ചിഴച്ച് ജീപ്പില്‍ കയറ്റിയതും തൊട്ടടുത്ത വീട്ടിലെ പെരുംതുരുത്തില്‍ പറമ്പില്‍ രമ എന്ന വീട്ടമ്മ കണ്ടുകൊണ്ടു നില്‍ക്കുകയായിരുന്നു. അന്നുതന്നെ ടി.വി ചാനലുകളില്‍ രമ നേരിട്ടുകണ്ട സംഭവം വിവരിക്കുകയും ചെയ്തു.

നടുറോഡില്‍ പോലീസിന്‍റെ ഈ കടന്നുകയറ്റം പല ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്. വാഹന പരിശോധന നടത്തുമ്പോള്‍ പോലീസ് പാലിക്കേണ്ട സ്വയം നിയന്ത്രണങ്ങളെക്കുറിച്ച് മാറി മാറിവന്ന പോലീസ് മേധാവികള്‍ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കുലറുകള്‍ അയച്ചിട്ടുണ്ട്. ഒരു തവണയല്ല, പല തവണ.


പോലീസ് കൈകാണിച്ചിട്ടും നിര്‍ത്തിയില്ലെങ്കില്‍ കൂടി, മുന്നോട്ടു മാറി മനോഹരന്‍ വാഹനം നിര്‍ത്തിയതുമാണ്. എന്നിട്ടും സമീപത്തു ചെന്ന എസ്.ഐ ഹെല്‍മറ്റ് ഊരിയ മനോഹരനെ മുഖത്തു തല്ലുകയായിരുന്നു. എന്ത് അധികാരത്തിലാണ് എസ്.ഐ ജിമ്മി ജോര്‍ജ് ഒരു സാധാരണക്കാരനായ മനുഷ്യനെ നടുറോഡിലിട്ടു തല്ലിയത് ?


അദ്ദേഹത്തിന്‍റെ വീട്ടില്‍ ഭാര്യയും കുഞ്ഞുങ്ങളുമടങ്ങുന്ന ഒരു കുടുംബം ഗൃഹനാഥന്‍ വൈകിട്ടു ജോലികഴിഞ്ഞു മടങ്ങി വരുന്നതും കാത്തിരിപ്പുണ്ടെന്ന് ഒരു നിമിഷം ചിന്തിച്ചോ ആ പോലീസുദ്യോഗസ്ഥന്‍ ? മുഖത്തടിച്ച ശേഷം പോലീസ് എന്തിന് മനോഹരനെ വലിച്ചിഴച്ച് ജീപ്പില്‍ കയറ്റി സ്റ്റേഷനിലേയ്ക്കു കൊണ്ടുപോയി ? അത്രമാത്രം ഭീകരനായ പിടികിട്ടാപ്പുള്ളിയായിരുന്നുവോ മനോഹരന്‍ ? ഒരു പെറ്റി കേസില്‍ പോലും പെട്ടിട്ടില്ലാത്ത ഒരു സാധാരണക്കാരനായിരുന്നില്ലേ മനോഹരന്‍ ? എന്തിന് എസ്.ഐ ജിമ്മി ജോര്‍ജ് നടുറോഡില്‍ ആ പാവത്തിന്‍റെ മുഖത്തടിച്ചു ?

പോലീസിനു കാക്കി നല്‍കുന്ന അഹങ്കാരമാണ് ജിമ്മി എന്ന എസ്.ഐയെ ആവാഹിച്ചത്. അതു പക്വതയില്ലായ്മയാണ്. ജനങ്ങളുടെ നികുതി പിരിച്ചാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കൊക്കെയും ശമ്പളം കൊടുക്കുന്നത്. ഇപ്പോള്‍ മരണപ്പെട്ട മനോഹരനും നികുതി ഒടുക്കിയിട്ടുണ്ട്. പക്ഷെ ആ എസ്.ഐ സര്‍വ്വാധികാരിയായ യജമാനനെപ്പോലെയാണ് മനോഹരനെ മര്‍ദിച്ചത്.

ഒരു പരിഷ്കൃത സമൂഹത്തില്‍ നടക്കരുതാത്ത പ്രവൃത്തിയാണ് തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് കാണിച്ചത്. എസ്.ഐ ജിമ്മി ജോര്‍ജിനെ ഉടന്‍തന്നെ സസ്പെന്‍റ് ചെയ്തുവെന്നത് ശരിതന്നെ. ഏതു കാക്കിയുടെ ബലത്തിലാണോ ആ ഉദ്യോഗസ്ഥന്‍ മനോഹരന്‍റെ മുഖത്തു തല്ലിയത്, ആ കാക്കി അയാള്‍ക്ക് ഊരിവെയ്ക്കേണ്ടിവന്നിരിക്കുന്നു. അത്രയും നല്ലത്.

ലോക്കപ്പ് മര്‍ദനം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് പോലീസിന്‍റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പലതവണ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. അദ്ദേഹം തന്നെ പണ്ട് ലോക്കപ്പില്‍ അതിഭീകരമായ പോലീസ് മര്‍ദനത്തിന് ഇരയായിട്ടുള്ളയാളുമാണ്. പക്ഷെ കാക്കിവേഷം ധരിച്ചുകഴിഞ്ഞാല്‍ ചില പോലീസുദ്യോഗസ്ഥരെങ്കിലും ഇതെല്ലാം മറക്കും. എങ്ങുമില്ലാത്ത ഒരു യജമാന ഭാവമാണു പോലീസിനു പിന്നെ.

മുഖത്തടിക്കാനും ഉരുട്ടാനും ഗരുഡന്‍ തൂക്കം നടത്താനുമൊന്നും തങ്ങള്‍ക്ക് അധികാരമോ അവകാശമോ ഇല്ലെന്ന് പോലീസുദ്യോഗസ്ഥര്‍ എന്നാണു മനസിലാക്കുക ? ഇതിനോടകം ചില ക്രിമിനല്‍ പോലീസുദ്യോഗസ്ഥരെ മേലധികാരികള്‍ സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടു കഴിഞ്ഞു. ഇത്തരക്കാര്‍ ഒരു കാരണവശാലും കേരള പോലീസ് സേനയില്‍ ഉണ്ടാവരുത്.

Advertisment