Advertisment

അരിക്കൊമ്പനോ ജനങ്ങളോ? അരിക്കൊമ്പനെ മയക്കു വെടിവെച്ചു പിടികൂടി കൂട്ടിലടയ്ക്കാനുള്ള വനംവകുപ്പിന്‍റെ നീക്കത്തിന് കേരള ഹൈക്കോടതി തടയിട്ടു. കടകളും വീടുകളും തകര്‍ത്ത് നാട്ടുകാര്‍ക്കു ഭീഷണിയാകുന്ന അരിക്കൊമ്പനെ പിടികൂടാന്‍ തല്‍ക്കാലം ഹൈക്കോടതിയുടെ അനുമതിയില്ല. വേണമെങ്കില്‍ 301 കോളനിയിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചുകൊള്ളൂ എന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്; ജനങ്ങളോടൊപ്പം നില്‍ക്കാനേ ഒരു ജനകീയ സര്‍ക്കാരിനു കഴിയൂ. പക്ഷേ അതിനു സഹായകരമായ നിലപാടല്ല ഹൈക്കോടതി സ്വീകരിച്ചിരിക്കുന്നത്; മുഖപ്രസംഗത്തില്‍ ജേക്കബ്ബ് ജോര്‍ജ്ജ്‌

New Update

അരിക്കൊമ്പനോ ജനങ്ങളോ? അരിക്കൊമ്പനെ മയക്കുവെടിവെച്ചു പിടികൂടി കൂട്ടിലടയ്ക്കാനുള്ള വനംവകുപ്പിന്‍റെ നീക്കത്തിന് കേരള ഹൈക്കോടതി തടയിട്ടു. കടകളും വീടുകളും തകര്‍ത്ത് നാട്ടുകാര്‍ക്കു ഭീഷണിയാകുന്ന അരിക്കൊമ്പനെ പിടികൂടാന്‍ തല്‍ക്കാലം ഹൈക്കോടതിയുടെ അനുമതിയില്ല. വേണമെങ്കില്‍ 301 കോളനിയിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചുകൊള്ളൂ എന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.

Advertisment

publive-image


പഴയ ആനത്താരിയോടു ചേര്‍ന്ന് രൂപംകൊണ്ട കോളനിയാണ് 301 കോളനി. കാട്ടില്‍ ആനകള്‍ സഞ്ചരിക്കുന്ന വഴിയെയാണ് ആനത്താരിയെന്നു വിളിക്കുന്നത്. സര്‍ക്കാര്‍ തന്നെ വര്‍ഷങ്ങള്‍ക്കു മുമ്പു പാര്‍പ്പിച്ച കുടുംബങ്ങളാണ് ഇവിടെയുള്ളത്. കാലാകാലങ്ങളായി കാടു വെട്ടിത്തെളിച്ചു ഭൂമി നിരപ്പാക്കി കൃഷിചെയ്തു ജീവിക്കുന്ന സാധാരണക്കാരാണിവിടെ താമസിക്കുന്നത്.


പ്രകൃതിക്ഷോഭത്തെയും വന്യമൃഗങ്ങളെയും നിരന്തരം എതിര്‍ത്തു തോല്‍പ്പിച്ചു തന്നെയാണ് ഇവരുടെ ആവാസം. മിക്കവാറും കാട്ടാനകള്‍ കോളനിയിലെത്തും. കൃഷിയിടങ്ങള്‍ നശിപ്പിക്കും. വീടുകള്‍ക്കു നേരെയും അക്രമണമുണ്ടാകും. അരിക്കൊമ്പനാണ് ഈ ആനകളില്‍ പ്രധാനി. അരി വില്‍ക്കുന്ന കടകളാണ് അവന്‍റെ ലക്ഷ്യം. അരി മോഷ്ടിച്ചു തിന്നുക എന്നതാണ് ഈ കൊമ്പന്‍റെ വിനോദം.

അരിക്കൊമ്പന്‍റെ ആക്രമണത്തില്‍ പലരും കൊല്ലപ്പെട്ടിട്ടുണ്ട്. അരിക്കൊമ്പന്‍ കൊലപ്പെടുത്തിയ ഗ്രാമവാസികളുടെ കൃത്യമായ എണ്ണം കോടതി മുമ്പാകെ സമര്‍പ്പിക്കാന്‍പോലും വനംവകുപ്പിനു കഴിഞ്ഞില്ലെന്നതാണ് ജനങ്ങളുടെ പരാതി. ഹൈക്കോടതി വിധി വന്നയുടനെ തന്നെ ജനക്കൂട്ടം സംഘടിച്ച് പ്രതിഷേധവുമായി തെരുവിലിറങ്ങുകയായിരുന്നു. അരിക്കൊമ്പനെ പിടികൂടാന്‍ എത്തിച്ച കുങ്കിയാനകളെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലത്തേയ്ക്കാണ് ജനങ്ങള്‍ പ്രകടനം നടത്തിയത്.

ഇടുക്കി ജില്ലയിലെ മൂന്നാര്‍, വട്ടവട എന്നിങ്ങനെ 13 പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനായി സര്‍വകക്ഷി യോഗവും ചേര്‍ന്നു കഴിഞ്ഞു. രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനങ്ങള്‍ ഒന്നിച്ചു തന്നെയാണ് സമരത്തിനിറങ്ങിയിരിക്കുന്നത്.

വേനല്‍ കടുത്തതോടെ വന്യമൃഗങ്ങള്‍ കൂടുതലായി ജനവാസ പ്രദേശങ്ങളിലേയ്ക്കിറങ്ങുന്നതും ഭീഷണിയായിട്ടുണ്ട്. അത്ര പെട്ടെന്നു പരിഹരിക്കാവുന്ന വിഷയമല്ല വന്യ മൃഗങ്ങളും മനുഷ്യനും തമ്മിലുള്ള ഏറ്റുമുട്ടല്‍. ഒരു അരിക്കൊമ്പനെ കൂട്ടിലാക്കി സ്ഥലത്തുനിന്നു മാറ്റിയാല്‍ വേറേ ആനകള്‍ അക്രമണവുമായി വരില്ലേ എന്നാണ് കോടതിയും ചോദിക്കുന്നത്.

പക്ഷേ 301 കോളനിയിലെ ജനങ്ങളെ മാറ്റുകയാണ് എളുപ്പമെന്ന ഹൈക്കോടതി വിര്‍ദേശം ഒട്ടും എളുപ്പമല്ല. പ്രായോഗികവുമല്ല. വനമേഖലയില്‍ അവര്‍ കഴിയാന്‍ തുടങ്ങിയിട്ട് ഏറെ വര്‍ഷങ്ങളായി. അവിടെത്തന്നെയാണ് അവര്‍ വളരെ ബുദ്ധിമുട്ടി ജീവിതം കരുപ്പിടിപ്പിച്ചത്. ഇനി ഞങ്ങളെങ്ങോട്ടു പോകാന്‍ എന്ന ചോദ്യം 301 കോളനിക്കാര്‍ ഉയര്‍ത്തുന്നത് സര്‍ക്കാരിനോടാണ്. അരിക്കൊമ്പനെ അവിടെ നിന്നു മാറ്റാതെ സമരം അവസാനിപ്പിക്കില്ലെന്ന വാശിയിലാണു ജനങ്ങള്‍.

publive-image


ജനങ്ങളോടൊപ്പം നില്‍ക്കാനേ ഒരു ജനകീയ സര്‍ക്കാരിനു കഴിയൂ. പക്ഷേ അതിനു സഹായകരമായ നിലപാടല്ല ഹൈക്കോടതി സ്വീകരിച്ചിരിക്കുന്നത്. തീര്‍ച്ചയായും ഇതൊരു പ്രതിസന്ധി തന്നെയാണ്. സര്‍ക്കാരിന് മേല്‍ക്കോടതിയില്‍ അപ്പീലുമായി പോകാമെന്ന വഴിയുണ്ട്. എങ്കില്‍പോലും പ്രധാന റോഡുകളില്‍ ഗതാഗതം തടഞ്ഞുകൊണ്ടു നടക്കാന്‍ പോകുന്ന ഹര്‍ത്താല്‍ ഒരു വലിയ പ്രശ്നം തന്നെയാണ്.


അതിനപ്പുറത്താണ് ഒരു ജനതയുടെ ആശങ്ക. സര്‍ക്കാരിന് ഈ ആശങ്ക കാണാതിരിക്കാനാവില്ല. അത് ഒരു ജനകീയ സര്‍ക്കാരിന്‍റെ പ്രാഥമിക കടമ മാത്രമാണ്. ആ കടമ പാലിച്ചേ മതിയാകൂ. 301 കോളനിയിലെ ജനങ്ങളും കേരള സമൂഹത്തിന്‍റെ ഭാഗമാണ്.

Advertisment