Advertisment

ലോകായുക്ത കേസില്‍ ഒരു മന്ത്രി കുറ്റക്കാരനെന്നു കണ്ടാല്‍ ഉടന്‍ തന്നെ രാജിവയ്ക്കണമെന്ന് ലോകായുക്ത നിയമം 14 -ാം വകുപ്പ് അനുശാസിക്കുന്നു; ഈ വകുപ്പു പ്രകാരമാണ് ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ.ടി ജലീല്‍ രാജി വെച്ചത്; വിധി എതിരായാല്‍ മുഖ്യമന്ത്രി രാജിവെയ്ക്കേണ്ട സാഹചര്യം ഉണ്ടാകുമായിരുന്നു ! ഒരു തീരുമാനമെടുക്കാനായില്ലെങ്കില്‍ ഇത്രകാലം കേസ് നടപടി നീട്ടിക്കൊണ്ടു പോയതെന്തിന് എന്നതാണ് ലോകായുക്തയ്ക്കു മുന്നില്‍ ഇപ്പോള്‍ ഉയരുന്ന വലിയ ചോദ്യം-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്‌

New Update

publive-image

Advertisment

ലോകായുക്താ വിധി വന്നാലുടന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കുമെന്നൊരു സംസാരം കേരളത്തിലൊട്ടാകെ പരന്നിരുന്നു. നാട്ടില്‍ പിണറായിയുടെ ശത്രുക്കളൊക്കെയും പ്രതീക്ഷയോടെ ലോകായുക്താ വിധിക്കു കാതോര്‍ത്തിരുന്നു. ഇടതുമുന്നണി പ്രവര്‍ത്തകരാകട്ടെ ആകാംഷയോടെയും.

വെള്ളിയാഴ്ച ലോകായുക്തയുടെ വിധി പ്രസ്താവിച്ചു. പക്ഷെ ഒന്നും സംഭവിച്ചില്ല. ഒരു മന്ത്രിസഭ ഐകകണ്ഠേന സ്വീകരിച്ച തീരുമാനത്തിന്മേല്‍ ലോകായുക്തയ്ക്കു വിധി പറയാന്‍ അധികാരമുണ്ടോ എന്നതു സംബന്ധിച്ച് ലോകായുക്തയും ഉപ ലോകായുക്തയും തമ്മില്‍ അഭിപ്രായ വ്യത്യാസമുള്ളതിനാല്‍ മൂന്ന് ലോകായുക്തമാരും ചേരുന്ന ബെഞ്ചിലേയ്ക്കു കേസ് വിട്ടിരിക്കുന്നുവെന്നതാണ് തീരുമാനം.

ലോകായുക്ത സിറിയക് ജോസഫ്, ഉപലോകായുക്ത ഹാറൂണ്‍ അല്‍ റഷീദ് എന്നിവരുടെ ബെഞ്ചാണ് ഈ കേസിന്മേല്‍ വിചാരണ നടത്തിയത്. 2022 ഫെബ്രുവരി അഞ്ചാം തീയതി തുടങ്ങിയ വിചാരണ അതേ വര്‍ഷം മാര്‍ച്ച് 18 -ാം തീയതി പൂര്‍ത്തിയായതാണ്. വിചാരണ പൂര്‍ത്തിയായിട്ടും വിധി പറഞ്ഞത് വെള്ളിയാഴ്ച. അതായത് വിചാരണ തീര്‍ന്ന് ഒരു വര്‍ഷവും 12 ദിവസവും കഴിഞ്ഞതിനു ശേഷം മാത്രം. അതും പരാതിക്കാരനായ ആര്‍.എസ് ശശികുമാര്‍ ലോകായുക്തയ്ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചതിനു ശേഷം മാത്രം.


മുന്‍ കേരള സര്‍വകലാശാലാ ഉദ്യോഗസ്ഥനും മുന്‍ സിന്‍ഡിക്കേറ്റംഗവുമായ ആര്‍.എസ് ശശികുമാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ ഫണ്ട് ദുര്‍വിനിയോഗത്തെപ്പറ്റി 2018 -ലാണ് ലോകായുക്ത മുമ്പാകെ പരാതി നല്‍കിയത്.


മന്ത്രിസഭാ തീരുമാനത്തെചൊല്ലിയുള്ള കേസ് ലോകായുക്തയ്ക്കു പരിഗണിക്കാനാകുമോ എന്ന ചോദ്യം സംബന്ധിച്ച് നീണ്ട വാദപ്രതിവാദം നടന്നുവെങ്കിലും അവസാനം അന്നത്തെ ലോകായുക്ത പയസ് കുര്യാക്കോസ് കേസ് ഫയലില്‍ സ്വീകരിക്കുകയായിരുന്നു.

കേരള സര്‍വകലാശാലയില്‍ കോണ്‍ഗ്രസ് ആഭിമുഖ്യ സംഘടനയുടെ നേതാവായിരുന്ന ശശികുമാര്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ നടക്കുന്ന ബന്ധുനിയമനങ്ങളെപ്പറ്റിയും മറ്റും ഗവര്‍ണര്‍ക്കു പരാതി നല്‍കിയ സേവ് യൂണിവേഴ്സിറ്റി കാംപെയിന്‍ കമ്മിറ്റി അദ്ധ്യക്ഷനുമാണ്.

ഒരു തീരുമാനമെടുക്കാനായില്ലെങ്കില്‍ ഇത്രകാലം കേസ് നടപടി നീട്ടിക്കൊണ്ടു പോയതെന്തിന് എന്നതാണ് ലോകായുക്തയ്ക്കു മുന്നില്‍ ഇപ്പോള്‍ ഉയരുന്ന വലിയ ചോദ്യം. ഇതു വിചിത്രമായൊരു വിധി തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആക്ഷേപിച്ചു. തെറ്റായ തീരുമാനവും തെറ്റായ രീതിയുമാണിതെന്നാണ് അദ്ദേഹം പറഞ്ഞത്.

തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളില്‍ നിന്നാണ് ഭൂരിപക്ഷമനുസരിച്ച് നിയമസഭയിലെ ഏറ്റവും വലിയ കക്ഷിയോ മുന്നണിയോ അധികാരത്തില്‍ വരുന്നത്. ഭൂരിപക്ഷമുള്ള വിഭാഗം മന്ത്രിസഭ രൂപീകരിക്കുകയും ചെയ്യും. ഭരണം നടത്തുന്നത് ഈ മന്ത്രിസഭയാണ്. ആഴ്ച തോറും മന്ത്രിസഭ യോഗം ചേര്‍ന്ന് വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. ഈ തീരുമാനം ഏകകണ്ഠമായിരിക്കുകയും ചെയ്തും.

എന്‍.സി.പി പ്രസിഡന്‍റ് ഉഴവൂര്‍ വിജയന്‍റെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ കുടുംബത്തിനു നല്‍കിയ 25 ലക്ഷം രൂപയുടെ സഹായം, മുന്‍ ചെങ്ങന്നൂര്‍ എം.എല്‍.എ കെ.കെ രാമചന്ദ്രന്‍ നായരുടെ കുടുംബത്തിനു നല്‍കിയ എട്ടര ലക്ഷം രൂപയുടെ സഹായം, മുന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍റെ ഗണ്‍മാന്‍ ഒരു വാഹനാപകടത്തില്‍ മരണമടഞ്ഞതിനേ തുടര്‍ന്നു നല്‍കിയ 20 ലക്ഷം രൂപയുടെ സഹായം എന്നിവയെയാണ് ആര്‍.എസ് ശശികുമാറിന്‍റെ പരാതിയില്‍ സ്വജന പക്ഷപാതമാണെന്നും അഴിമതിയെന്നും വിശേഷിപ്പിച്ചത്.

ലോകായുക്ത കേസില്‍ ഒരു മന്ത്രി കുറ്റക്കാരനെന്നു കണ്ടാല്‍ ഉടന്‍ തന്നെ രാജിവയ്ക്കണമെന്ന് ലോകായുക്ത നിയമം 14 -ാം വകുപ്പ് അനുശാസിക്കുന്നു. ഈ വകുപ്പു പ്രകാരമാണ് ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ.ടി ജലീല്‍ രാജി വെച്ചത്.


മന്ത്രിസഭയ്ക്കെതിരെ ശശികുമാര്‍ നല്‍കിയ കേസും ലോകായുക്ത പരിഗണനയിലുണ്ടായിരുന്നു അപ്പോള്‍. വിധി എതിരായാല്‍ മുഖ്യമന്ത്രി രാജിവെയ്ക്കേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്യുമായിരുന്നു.


ഈ സാഹചര്യത്തിലാണ് 14 -ാം വകുപ്പു റദ്ദാക്കിക്കൊണ്ട് സര്‍ക്കാര്‍ കഴിഞ്ഞ നിയമസഭാ യോഗത്തില്‍ ലോകായുക്താ നിയമ ഭേദഗതി ബില്‍ അവതരിപ്പിച്ചത്. പക്ഷേ അതില്‍ ഒപ്പു വയ്ക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ല. ബില്‍ ഇപ്പോഴും രാജ്ഭവനില്‍ത്തന്നെ.

എന്തായാലും കേരള രാഷ്ട്രീയത്തിലെ വലിയൊരു അനിശ്ചിതത്വം ഒഴിവായി. പക്ഷെ ലോകായുക്തയുടെ നിലപാടില്ലായ്മയ്ക്കു നേരെ ചോദ്യങ്ങള്‍ ഉയരുകയും ചെയ്യുന്നു.

Advertisment