Advertisment

എ.കെ ആന്‍റണിയുടെ വലിയ പൈതൃകവും സമ്പത്തുമാണ് മകന്‍ അനില്‍ ആന്‍റണിയെ കൂടി കൂട്ടി സ്വന്തമാക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നത്; പക്ഷെ, സ്വന്തം പൈതൃകം ബി.ജെ.പിക്ക് മകനിലൂടെ വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് ആന്റണി തന്നെ വ്യക്തമാക്കി; മകനെ വെല്ലുവിളിക്കുന്ന തരത്തില്‍ത്തന്നെയാണ് ആന്‍റണി പ്രതികരിച്ചതെന്നതും ശ്രദ്ധേയം ! താനുണ്ടാക്കിയ പേരും പെരുമയും മകനിലൂടെ തട്ടിയെടുക്കാന്‍ നോക്കണ്ട എന്ന ശക്തമായ താക്കീതും അദ്ദേഹം നല്‍കി; അതിഗംഭീരമായൊരു രാഷ്ട്രീയ നിലപാടാണ് ആന്റണി പ്രഖ്യാപിച്ചത്‌-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്‌

New Update

publive-image

Advertisment

അനില്‍ കെ. ആന്‍റണി അവസാനം ഭാരതീയ ജനതാ പാര്‍ട്ടിയില്‍. 1958 -ലെ ഒരണാ സമരത്തിലൂടെ കെ.എസ്.യു നേതാവായി രാഷ്ട്രീയത്തിലിറങ്ങി ഇക്കഴിഞ്ഞ വര്‍ഷം വരെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉന്നത നേതാവായി കഴിഞ്ഞ ശേഷം വിരമിച്ച സാക്ഷാല്‍ എ.കെ ആന്‍റണിയുടെ മകനാണ് അനില്‍ കെ. ആന്‍റണി.

കുറെ നാളായി കോണ്‍ഗ്രസില്‍ നിന്ന് അകന്നു നില്‍ക്കുകയായിരുന്നു അനില്‍ ആന്‍റണി. അകല്‍ച്ച ശക്തമായത് ഗുജറാത്ത് വംശീയ കലാപത്തിന്‍റെ ഉള്ളറകളിലേയ്ക്കു വെളിച്ചം വീശുന്ന ബി.ബി.സി ഡോക്യുമെന്‍ററിയുടെ പശ്ചാത്തലത്തില്‍. ഈ വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് രാജ്യ താല്‍പര്യത്തിനുവേണ്ടിയായിരുന്നില്ലെന്ന നിലപാടാണ് അന്ന് അദ്ദേഹം സ്വീകരിച്ചത്.

അതേച്ചൊല്ലി കോണ്‍ഗ്രസ് സംഘടനയില്‍ വഹിച്ചിരുന്ന സ്ഥാനങ്ങളൊക്കെയും രാജിവെച്ച് അനില്‍ ആന്‍റണി പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്‍റെ സോഷ്യല്‍ മീഡിയാ കോര്‍ഡിനേറ്റര്‍ ആയിരുന്നു അദ്ദേഹം. കേരളത്തില്‍ കോണ്‍ഗ്രസിന്‍റെ ഡിജിറ്റല്‍ മീഡിയാ കോര്‍ഡിനേറ്ററും.

കുറേ നാളായി കേരളമാണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്ന് ബി.ജെ.പി നേതാക്കള്‍ പറയുന്നുണ്ടായിരുന്നു. ഈയിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇക്കാര്യം പറഞ്ഞു. കേരളം തന്നെയാണ് ഇനി തങ്ങളുടെ ലക്ഷ്യമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

ക്രിസ്ത്യന്‍ സമുദായവുമായി ബന്ധമുണ്ടാക്കാഞ്ഞതാണ് കേരളത്തില്‍ പാര്‍ട്ടിയുടെ ദൗര്‍ബല്യമായതെന്ന് അടുത്ത കാലത്ത് ഒരു ബിജെപി നേതാവു പറഞ്ഞിരുന്നു. കുറെ നാളായി ക്രിസ്ത്യന്‍ സമുദായത്തെ സ്വാധീനിക്കാന്‍ ബി.ജെ.പി കൊണ്ടുപിടിച്ച തന്ത്രങ്ങള്‍ നടത്തുന്നുമുണ്ട്.


ചില കത്തോലിക്കാ ബിഷപ്പുമാര്‍ ബി.ജെ.പിയുമായി സൗഹാര്‍ദം കൂടുകയും ചെയ്യുന്നു. എങ്കിലും കത്തോലിക്കാ സമുദായത്തിലോ വിവിധ ക്രിസ്ത്യന്‍ സമുദായങ്ങളിലോ ബി.ജെ.പിക്ക് അനുകൂലമായ ചലനമൊന്നും കാണാന്‍ തുടങ്ങിയിട്ടില്ലെന്നതാണു വസ്തുത.


റബര്‍ വില കിലോഗ്രാമിന് 300 രൂപയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെങ്കില്‍ ക്രിസ്ത്യാനികള്‍ ബി.ജെ.പിക്കു വോട്ടു ചെയ്യുമെന്നും അടുത്ത ലേക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും ബി.ജെ.പിക്ക് സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കാനാകുമെന്നും കഴിഞ്ഞ മാസം തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പ്രസ്താവിച്ചത് വലിയ വിവാദമായിരുന്നു. കണ്ണൂര്‍ ജില്ലയിലെ ചില ബി.ജെ.പി നേതാക്കളുമായി സംസാരിച്ചതിനു ശേഷമായിരുന്നു മാര്‍ പാംപ്ലാനിയുടെ പ്രസ്താവന. പക്ഷെ റബര്‍ വില അങ്ങനെയങ്ങു കൂട്ടാന്‍ മോദി സര്‍ക്കാരിന് കഴിയില്ലെന്ന കാര്യം പിന്നീട് വ്യക്തമായി. പാംപ്ലാനിയുടെ പ്രസ്താവനയ്ക്ക് ജീവന്‍ വെച്ചതുമില്ല.

2024 ലോക്സഭാ തെരഞ്ഞെടുപ്പ് കേരളത്തില്‍ ബി.ജെ.പിക്കു വളരെ പ്രധാനം തന്നെയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്തുനിന്ന് ഒ. രാജഗോപാലിനെ നിയമസഭയിലെത്തിക്കുവാന്‍ കഴിഞ്ഞുവെന്നതിനപ്പുറം കേരളത്തില്‍ നിര്‍ണായകമായൊരു രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ബി.ജെ.പിക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇനി 2024 തന്നെയാണ് അടുത്ത വെല്ലുവിളി. പിന്നെ നിയമസഭാ തെരഞ്ഞെടുപ്പും.


കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ഐക്യ ജനാധിപത്യ മുന്നണിയും സി.പി.എമ്മിന്‍റെ നേതൃത്വത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും കേരള രാഷ്ട്രീയം പങ്കിട്ടെടുത്തിരിക്കുന്ന സാഹചര്യത്തില്‍ ബി.ജെ.പിയ്ക്ക് ഇവിടെയൊരു ഇടം കിട്ടുക അത്ര എളുപ്പമുള്ള കാര്യമല്ല തന്നെ. ഈ രണ്ടു ശക്തികളിലൊന്നു ക്ഷയിച്ചാല്‍ മാത്രമേ ഇവിടെ ഇടമുണ്ടാക്കാനാകൂ എന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനു നന്നായി അറിയാം.


 

 

സി.പി.എമ്മിനെ തകര്‍ക്കുക അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് ബി.ജെ.പി മനസിലാക്കുന്നുണ്ട്. പിന്നെയുള്ളത് കോണ്‍ഗ്രസാണ്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് വളരെ ക്ഷീണത്തിലാണ്. ഭാരത് ജോഡോ യാത്രയിലൂടെ ഒരു പുതിയ പരിവേഷം രാഹുല്‍ ഗാന്ധിക്കു കിട്ടിയിട്ടുണ്ടെങ്കിലും. ഏറ്റവുമൊടുവില്‍ തെരഞ്ഞെടുപ്പുകാലത്തെ പ്രസംഗത്തിന്‍റെ പേരില്‍ സൂറത്ത് കോടതി ശിക്ഷിച്ചതും അതിന്‍റെ പേരില്‍ ലോക്സഭാ സെക്രട്ടേറിയറ്റ് അയോഗ്യനാക്കിയതുമൊക്കെ രാഹുല്‍ ഗാന്ധിയുടെ മാറ്റു കൂട്ടിയിട്ടുണ്ടെന്നതും ശരി. പക്ഷെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ സംഘടനയ്ക്കു ശേഷി വേണം. മിക്ക സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് സംഘടന ശക്തമല്ല.

കേരളത്തില്‍ സംഘടനയുണ്ട്. നേതാക്കളും പ്രവര്‍ത്തകരുമുണ്ട്. എന്നാല്‍ എല്ലാ നേതാക്കളെയും ഒന്നിച്ചു കൂടെ കൊണ്ടുപോകാന്‍ കഴിയുന്ന നേതൃത്വം ഇവിടെയില്ല. അതുതന്നെയാണ് കേരളത്തിലെ കോണ്‍ഗ്രസിന്‍റെ ദൗര്‍ബല്യവും.

ഇക്കാര്യം ശരിക്കു മനസിലാക്കിത്തന്നെയാണ് ബി.ജെ.പി അനില്‍ ആന്‍റണിയെ സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ അര നൂറ്റാണ്ടിലേറെ കാലമായി കേരളത്തിലെ കോണ്‍ഗ്രസിന്‍റെ കരുത്തനായ നേതാവാണ് എ.കെ ആന്‍റണി. കെ. കരുണാകരനോട് നിരന്തരം പടപൊരുതി, അതേസമയം ഒപ്പം നിന്ന് സി.പി.എമ്മിനെ എതിര്‍ത്ത്, കോണ്‍ഗ്രസിന്‍റെ പ്രസക്തി എപ്പോഴും ഊട്ടിയുറപ്പിച്ച നേതാവാണ് എ.കെ ആന്‍റണി.

ദേശീയ തലത്തിലും ആന്‍റണി എന്നും തല ഉയര്‍ത്തിത്തന്നെ നിന്നു. രണ്ടു തവണ പ്രതിരോധ മന്ത്രിയായി പ്രവര്‍ത്തിച്ച ആന്‍റണിക്കെതിരെ പ്രതിപക്ഷത്തിനുപോലും ഒരു ഘട്ടത്തിലും വിരല്‍ ചൂണ്ടാന്‍ കഴിഞ്ഞിട്ടില്ല. തന്‍റെ ജീവിതവും രാഷ്ട്രീയ പ്രവര്‍ത്തനവുമെല്ലാം കോണ്‍ഗ്രസിനു വേണ്ടി ഉഴിഞ്ഞു വയ്ക്കുകയായിരുന്നു ആന്‍റണി.

എ.കെ ആന്‍റണിയുടെ ആ വലിയ പൈതൃകവും സമ്പത്തുമാണ് മകന്‍ അനില്‍ ആന്‍റണിയെ കൂടി കൂട്ടി സ്വന്തമാക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നത്. പക്ഷെ, സ്വന്തം പൈതൃകം ബി.ജെ.പിക്ക് മകനിലൂടെ വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് വൈകിട്ട് ആന്‍റണി തിരുവനന്തപുരത്ത് ഇന്ദിരാ ഭവനില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വെളിവാക്കി.


സംശുദ്ധ രാഷ്ട്രീയത്തിന്‍റെ ഒരു ഉത്തമ പ്രതീകമെന്ന നിലയ്ക്കാണ് ആന്‍റണി എക്കാലവും അറിയപ്പിട്ടിരുന്നത്. അങ്ങനെയുള്ള ആന്‍റണിയുടെ മകനെ പാര്‍ട്ടിയില്‍ ചേര്‍ത്താല്‍ പിതാവിന്‍റെ പൈതൃകം മുഴുവന്‍ തങ്ങള്‍ക്കു കിട്ടുമെന്നാകും ബി.ജെ.പിയുടെ കണക്കുകൂട്ടല്‍.


അത് അപ്പാടേ നിരാകരിച്ചുകൊണ്ടുതന്നെയാണ് ആന്‍റണി സംസാരിച്ചത്. രാഹുല്‍ ഗാന്ധിയെയും കുടുംബത്തെയും അധിക്ഷേപിച്ചുകൊണ്ടുള്ള മകന്‍റെ പ്രസ്താവനയെയും ആന്‍റണി എതിര്‍ത്തു. ഇന്ദിരാ ഗാന്ധിയോടും ആ കുടുംബത്തോടും തനിക്കുണ്ടായിരുന്ന അടുപ്പം മരണം വരെ തുടരുമെന്നും അദ്ദേഹം വികാരഭരിതനായി പറഞ്ഞു.

മകന്‍ അനില്‍ ആന്‍റണിയെ വെല്ലുവിളിക്കുന്ന തരത്തില്‍ത്തന്നെയാണ് ആന്‍റണി പ്രതികരിച്ചതെന്നതു ശ്രദ്ധേയമാണ്. താനുണ്ടാക്കിയ പേരും പെരുമയും മകനിലൂടെ തട്ടിയെടുക്കാന്‍ നോക്കണ്ട എന്ന ശക്തമായ താക്കീത് അദ്ദേഹം ബി.ജെ.പിക്കു നല്‍കുകയും ചെയ്തിരിക്കുന്നു. അതി ഗംഭിരമായൊരു രാഷ്ട്രീയ നിലപാടു പ്രഖ്യാപിക്കുകയായിരുന്നു എ.കെ ആന്‍റണി. കോണ്‍ഗ്രസുകാരെ മാത്രമല്ല, കേരളത്തിലെ ജനങ്ങളെയൊക്കെയും ആവേശഭരിതരാക്കുന്നു എ.കെ ആന്‍റണി.

Advertisment