Advertisment

142.86 കോടി ജനങ്ങളാണ് ഇന്ത്യയിലുള്ളത്, പത്തു മുതല്‍ 24 വയസ് വരെ പ്രായമുള്ളവരാണ് ഇതില്‍ 26 ശതമാനം പേരും; വിദ്യാര്‍ത്ഥികളോ, വിദ്യാഭ്യാസം കഴിഞ്ഞ് തൊഴില്‍ തേടാനിറങ്ങുന്നവരോ ആണിവര്‍; കേന്ദ്ര സര്‍ക്കാരിന്‍റെ പ്രധാന ശ്രദ്ധ ഇവരിലേക്കു തിരിയേണ്ടതുണ്ട്; പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്ല ഉന്നത പഠനം നല്‍കാനും അല്ലാത്തവര്‍ക്ക് മികച്ച നൈപുണ്യ വികസനം നല്‍കാനും സംസ്ഥാന സര്‍ക്കാരും ശ്രദ്ധിക്കണം ! ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ കടത്തിവെട്ടുമ്പോള്‍-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്‌

New Update

publive-image

Advertisment

ലോകത്തില്‍ ഏറ്റവുമധികം ജനങ്ങള്‍ അധിവസിക്കുന്ന രാജ്യമേത് എന്ന ചോദ്യത്തിന്‍റെ ഉത്തരം മാറുന്നു. ഇനി മുതല്‍ ആ ഉത്തരം ചൈന എന്നല്ല, ഇന്ത്യ എന്നാണ്. അതെ. ലോകത്തിലെ ഏറ്റവുമധികം ജനങ്ങള്‍ താമസിക്കുന്ന രാജ്യം ഇന്ത്യ തന്നെ. ഈ വര്‍ഷം പകുതിയാകുമ്പോഴേയ്ക്ക് ചൈനയുടേതിനേക്കാള്‍ 29 ലക്ഷം അധികമായിരിക്കും ഇന്ത്യയിലെ ജനസംഖ്യ.

വര്‍ഷങ്ങളായി ജനസംഖ്യയുടെ കാര്യത്തില്‍ ചൈന ലോകരാജ്യങ്ങളുടെ കൂട്ടത്തില്‍ ഒന്നാം സ്ഥാനത്തുതന്നെ നില്‍ക്കുകയാണ്. 1950 -ല്‍ ഇന്ത്യയുടെ ജനസംഖ്യ 35.3 കോടിയായിരുന്നപ്പോള്‍ ചൈനയിലെ ജനസംഖ്യ 53.9 കോടിയായിരുന്നു. ഇന്ന് ജനസംഖ്യയുടെ കാര്യത്തില്‍ ചൈനയെ കടത്തിവെട്ടിയിരിക്കുകയാണ് ഇന്ത്യ.

ജനസംഖ്യ നിയന്ത്രിക്കാന്‍ കുടുംബാസൂത്രണ പദ്ധതി ആരംഭിച്ച ആദ്യ രാജ്യം തന്നെ ഇന്ത്യയായിരുന്നു. 1952 -ല്‍. 1965 -ല്‍ കേന്ദ്ര സര്‍ക്കാര്‍ കുടുംബാസൂത്രണ പരിപാടിക്ക് വന്‍ പ്രാധാന്യം കൊടുത്തു. അതിലേയ്ക്ക് വന്‍ തുക ചെലവഴിച്ചു. ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ വികസിപ്പിച്ചു. കുട്ടികള്‍ രണ്ടു മതി എന്നത് ഒരു സിദ്ധാന്തമായി സര്‍ക്കാര്‍ തന്നെ അവതരിപ്പിച്ചു. അധികം കുഞ്ഞുങ്ങള്‍ ഒരു കുടുംബത്തിലുണ്ടായാല്‍ അവര്‍ക്കെല്ലാം നല്ല ഭക്ഷണവും മികച്ച വിദ്യാഭ്യാസവും നല്‍കാന്‍ പ്രയാസമാകുമെന്ന് ഇന്ത്യന്‍ ജനത സ്വയം മനസിലാക്കി.


ഇന്ത്യയില്‍ത്തന്നെ കുടുംബാസൂത്രണത്തില്‍ വളരെ വേഗം മുന്‍പന്തിയിലെത്തിയ സംസ്ഥാനം കേരളം തന്നെയാണ്. ശിശുജനന നിരക്കിന്‍റെ കാര്യത്തിലും ശിശുമരണ നിരക്കിന്‍റെ കാര്യത്തിലും ലോകത്തിലെ ഏറ്റവും വളര്‍ച്ച നേടിയ രാജ്യങ്ങളോടൊപ്പം നില്‍ക്കുന്ന സംസ്ഥാനമെന്ന നിലയ്ക്കാണ് കേരള വികസന മാതൃക എന്ന പ്രയോഗം തന്നെ നിലവില്‍ വന്നത്.


ഐക്യകേരളം രൂപംകൊണ്ടതു മുതല്‍ തന്നെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും വലിയ പ്രാധാന്യം കൊടുക്കാന്‍ തയ്യാറായ സംസ്ഥാന സര്‍ക്കാരുകളാണ് ഇക്കാര്യത്തില്‍ കേരളത്തിന്‍റെ വളര്‍ച്ച ഉറപ്പാക്കിയത്. ഉയര്‍ന്ന സാക്ഷരതയും മികച്ച ആരോഗ്യപരിപാലനവും കേരളത്തിന്‍റെ പ്രത്യേകത തന്നെയാണ്. ഈ വലിയ ജനസംഖ്യയെ രാജ്യത്തിനനുകൂലമായ ഘടകമാക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിനു മുമ്പിലുള്ള വെല്ലുവിളി.

142.86 കോടി ജനങ്ങളാണ് ഇപ്പോഴത്തെ കണക്കനുസരിച്ച് ഇന്ത്യയിലുള്ളത്. ഇതില്‍ 26 ശതമാനം പേരും പത്തു മുതല്‍ 24 വയസ് വരെ പ്രായമുള്ളവരാണ്. വിദ്യാര്‍ത്ഥികളോ, വിദ്യാഭ്യാസം കഴിഞ്ഞ് തൊഴില്‍ തേടാനിറങ്ങുന്നവരോ ആണിവര്‍. കേന്ദ്ര സര്‍ക്കാരിന്‍റെ പ്രധാന ശ്രദ്ധ ഇവരിലേക്കു തിരിയേണ്ടതുണ്ട്. ഇവരുടെ വിദ്യാഭ്യാസം, ആരോഗ്യം എന്നിങ്ങനെയുള്ള മേഖലകളിലേയ്ക്ക്. ഈ വിഭാഗമാണ് രാജ്യത്തിന്‍റെ ഭാവി നിര്‍ണയിക്കാന്‍ പോകുന്നത്.

ഇന്നും ദാരിദ്ര്യവും പട്ടിണിയും കൊടികുത്തി വാഴുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്തിന്‍റെ പുതിയ തലമുറയില്‍ ഒരു വിഭാഗം ഈ ദാരിദ്ര്യത്തിലേക്കും ഇല്ലായ്മയിലേക്കുമാണു പിറന്നു വീഴുന്നത്. സമൂഹത്തിന്‍റെ അടിത്തട്ടിലുള്ള കുട്ടികളെ വളര്‍ത്തിയെടുക്കേണ്ടതും രാജ്യത്തിന്‍റെ ആവശ്യമാണ്.

സാര്‍വത്രിക വിദ്യാഭ്യാസവും സൗജന്യ ഭക്ഷണവുമൊക്കെ കേരളം എത്രയോ കാലം മുമ്പേ പരീക്ഷിച്ചതാണ്. ഇന്നും ഇന്ത്യയിലെ 80 കോടിയോളം ജനങ്ങള്‍ സൗജന്യ റേഷന്‍ വിതരണ സംവിധാനത്തെ ആശ്രയിക്കുന്നു. ഭക്ഷ്യോല്‍പ്പാദനത്തിന്‍റെ കാര്യത്തില്‍ രാജ്യം ഏറെ മുന്നോട്ടു പോയിരിക്കുന്നു. അരി, ഗോതമ്പ്, പഞ്ചസാര എന്നിവയുടെ ഉല്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനും ഇന്ത്യക്കു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തിക പുരോഗതിയുടെ കാര്യത്തില്‍ ലോകത്തെ അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യ ഇന്ന് എന്ന കാര്യവും വളരെ പ്രധാനമാണ്.


ഒരു രാജ്യത്തിന്‍റെ ഏറ്റവും വലിയ സമ്പത്ത് അവിടുത്തെ യുവജനങ്ങള്‍ തന്നെയാണ്. 'ഹ്യൂമന്‍ റിസോഴ്സസ് ' എന്ന പ്രയോഗത്തിന് വലിയ അര്‍ത്ഥതലങ്ങളുണ്ട്. 'മനുഷ്യ വിഭവ ശേഷി' എന്നു തര്‍ജിമ. നല്ല മനുഷ്യ സമ്പത്ത് വളര്‍ത്തിയെടുക്കുക എന്നതായിരിക്കണം രാജ്യം ഭരിക്കുന്ന നേതാക്കന്മാരുടെ ലക്ഷ്യം.


വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു വളരെ മുമ്പിലാണ്. പക്ഷെ അവിടെനിന്ന് കേരളം ഇനിയും വളരെയധികം മുമ്പില്‍ പോകാനുണ്ട്. നൈപുണ്യ വികസനം ലക്ഷ്യമാക്കി വിദ്യാഭ്യാസ രംഗത്ത് പുതിയ വളര്‍ച്ച ഉറപ്പാക്കണം.

ഇപ്പോള്‍ത്തന്നെ കേരളത്തിലെ തൊഴില്‍ രംഗത്ത് വലിയ മാറ്റങ്ങള്‍ കാണാനാകും. ഹോട്ടലുകളിലെയും റസ്റ്ററന്‍റുകളിലെയും ജോലികള്‍ മിക്കവാറും പൂര്‍ണമായിത്തന്നെ അന്യ സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന യുവാക്കളുടേതായിക്കഴിഞ്ഞിരിക്കുന്നു. ബാര്‍ബര്‍ ഷാപ്പില്‍ തലമുടി വെട്ടുന്ന ജോലി വരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കായിരിക്കുന്നു.

ഇത്തരം ജോലികള്‍ക്കൊന്നും മലയാളി യുവാക്കളെ കിട്ടാതായിരിക്കുന്നുവെന്നര്‍ത്ഥം. കാര്‍ഷിക രംഗം, നിര്‍മ്മാണ പ്രവര്‍ത്തന മേഖല എന്നിങ്ങനെ വിവിധ ഇടങ്ങളിലെ തൊഴിലുകള്‍ മലയാളിക്കു വേണ്ടാതായിട്ട് കാലം കുറെ ആയിരിക്കുന്നു.

പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്ല ഉന്നത പഠനം നല്‍കാനും അല്ലാത്തവര്‍ക്ക് മികച്ച നൈപുണ്യ വികസനം നല്‍കാനുമാകണം സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടത്. ഐടി പോലെയുള്ള മേഖലകളില്‍ സംരംഭകരാകുവാന്‍ അവരെ സഹായിക്കണം. ഇന്ത്യയില്‍ ഇപ്പോള്‍ 80,000 സ്റ്റാര്‍ട്ടപ്പ് കമ്പനികളുണ്ട്. കേരളത്തിലും ധാരാളം സ്റ്റാര്‍ട്ടപ്പ് സ്ഥാപനങ്ങളുണ്ട്. ഐടി രംഗത്ത് കേരളം വളരെ വളര്‍ന്നിരിക്കുന്നു. പുതിയ വിദ്യാഭ്യാസ രീതികളിലൂടെയും നൈപുണ്യ വികസന പരിശീലന പദ്ധതികളിലൂടെയും യുവാക്കളെ പുതിയ ഉയരങ്ങളിലേയ്ക്കു കടത്തിവിടാന്‍ സര്‍ക്കാരിനു കഴിയണം.

Advertisment