Advertisment

രാത്രിയും പകലും ഊണിലും ഉറക്കത്തിലുമെല്ലാം ജാഗ്രതയോടെ ഉണര്‍ന്നിരിക്കുന്നതാവണം പോലീസിന്‍റെ മനസ്;ലഹരിക്ക് അടിമപ്പെട്ട സന്ദീപിനെ വേണ്ടത്ര സുരക്ഷയോടെയല്ല പോലീസ് ആശുപത്രിയിലെത്തിച്ചതെന്ന കാര്യം വ്യക്തം ! പോലീസുകാര്‍ നോക്കിനില്‍ക്കുമ്പോള്‍ നടന്ന അരും കൊല എന്ന് ഡോ. വന്ദനയുടെ കൊലപാതകത്തെ വിശേഷിപ്പിക്കാം-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്‌

New Update

publive-image

Advertisment

ആശുപത്രി കാഷ്വല്‍റ്റി മുറിയില്‍ യുവതിയായ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവം കേരളക്കരയെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയിരിക്കുന്നു. വെറും 23 കാരിയായ ഡോ. വന്ദനാ ദാസിനെ പ്രതി കുത്തി താഴെയിട്ട് ശരീരത്തിനു മുകളില്‍ കയറിയിരുന്നു പലതവണ കുത്തുകയായിരുന്നു. ആരെയും നടക്കുന്ന ഭീകരമായ സംഭവം.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ കാഷ്വല്‍റ്റി മുറിയില്‍ പിടഞ്ഞു മരിച്ച ആ കുരുന്നു പെണ്‍കുട്ടി കേരളത്തിലെ മുഴുവന്‍ ഡോക്ടര്‍മാരെയും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നു. സംഭവമറിഞ്ഞപ്പോള്‍ത്തന്നെ ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി പെരുവഴിയിലേയ്ക്കിറങ്ങി. മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഹൗസ് സര്‍ജന്‍മാരും മുതിര്‍ന്ന ഡോക്ടര്‍മാരുമൊക്കെയും പണിമുടക്കി.

തിരുവനന്തപുരത്ത് വിവിധ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ത്ഥികളും ഹൗസ് സര്‍ജന്‍മാരും അദ്ധ്യാപകരും സെക്രട്ടേറിയറ്റിലേയ്ക്ക് മാര്‍ച്ച് നടത്തി. പ്രസംഗങ്ങളിലും മുദ്രാവാക്യങ്ങളിലുമെല്ലാം വേദനയും രോഷവും നിരാശയും പ്രതിഫലിക്കുന്നുണ്ടായിരുന്നു.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കാഷ്വല്‍റ്റി വിഭാഗത്തിനടുത്തു തന്നെ പോലീസ് ഔട്ട് പോസ്റ്റുമുണ്ട്. പുലര്‍ച്ചെ 4.30നാണ് സംഭവം നടന്നത്. മനോനില തെറ്റി സംഭ്രാന്തിയില്‍ പോലീസിന്‍റെ സഹായം തേടിയ സ്കൂള്‍ അദ്ധ്യാപകനായ സന്ദീപിനെ പോലീസ് തന്നെയാണ് വെളുപ്പിന് കൊട്ടാരക്കര താലൂക്കാശുപത്രിയിലെത്തിച്ചത്.

ലഹരിക്ക് അടിപ്പെട്ടുപോയ സന്ദീപിനെ വേണ്ടത്ര സുരക്ഷയോടെയല്ല പോലീസ് ആശുപത്രിയിലെത്തിച്ചതെന്ന കാര്യം വ്യക്തം. സംഭ്രാന്തിയില്‍ രാത്രി വീടുവിട്ടിറങ്ങി അയല്‍വാസിയുടെ മതില്‍ ചാടിക്കടക്കുന്നതിനിടെയുണ്ടായ മുറിവിനു ചികിത്സ തേടിയാണ് മൂന്നംഗ പോലീസ് സംഘം സന്ദീപിനെയും കൊണ്ട് ആശുപത്രിയിലെത്തിയത്.


പെട്ടെന്ന് അക്രമണകാരിയായി മാറിയ സന്ദീപിനെ കീഴ്‌പ്പെടുത്താൻ തൊട്ടടുത്തുണ്ടായ പോലീസിനു കഴിഞ്ഞില്ല. നഴ്‌സുമാരുള്‍പ്പെടെ ആശുപത്രി ജോലിക്കാര്‍ ഒരു മുറിയില്‍ കയറി കതകടച്ചിരുന്നു. ചികിത്സാ മുറിയില്‍ ഡോ. വന്ദന ഒറ്റപ്പെട്ടുപോയി. ഞെട്ടിത്തരിച്ചു നിന്നുപോയ വന്ദനയെ അക്രമി ചവിട്ടി വീഴ്ത്തി തുരുതുരെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.


അര്‍ദ്ധരാത്രി ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ കാഷ്വല്‍റ്റിയില്‍ ഉണ്ടായ ഒരു ഭീകര ദുരന്തത്തിന്‍റെ ലഘുവായ വിവരണം മാത്രമാണിത്. പോലീസിന്‍റെ ഭാഗത്ത് പ്രകടമായ വീഴ്ചയുണ്ടായെന്നു ഇതില്‍നിന്നുതന്നെ മനസിലാക്കാം. പോലീസിന്‍റെ കൈയില്‍ ലാത്തിപോലുമുണ്ടായിരുന്നില്ല. പാതിരായ്ക്ക് ഒരാളെ തെരഞ്ഞിറങ്ങുന്ന പോലീസ് സംഘം തീര്‍ച്ചയായും സായുധരായിരിക്കണം. സാധാരണ പോലീസുദ്യോഗസ്ഥര്‍ക്ക് സ്വരക്ഷയ്ക്കു വേണ്ടി റിവോള്‍വര്‍ കൊണ്ടുനടക്കുകയും ചെയ്യാം. മൂന്നു പേരടങ്ങുന്ന പോലീസ് സംഘത്തിന്‍റെ പക്കല്‍ റിവോള്‍വറോ ലാത്തിപോലുമോ ഉണ്ടായിരുന്നില്ല !

അപകടങ്ങളായാലും അക്രമണങ്ങളായാലും പെട്ടെന്നായിരിക്കും സംഭവിക്കുക. തികച്ചും യാദൃശ്ചികമായി. പോലീസ് ആയാലും അതിര്‍ത്തി കാക്കുന്ന പട്ടാളമായാലും ഏത് അടിയന്തിര ഘട്ടത്തെയും നേരിടാന്‍ സദാ ജാഗരൂകരായിരിക്കണമെന്നത് പരിശീലനകാലത്തുതന്നെ നല്‍കുന്ന പാഠമാണ്.


രാത്രിയും പകലും ഊണിലും ഉറക്കത്തിലുമെല്ലാം ജാഗ്രതയോടെ ഉണര്‍ന്നിരിക്കുന്നതാവണം പോലീസിന്‍റെ മനസ്. ഇവിടെ സന്ദീപിനൊപ്പമെത്തിയ പോലീസിന് പൊതുവേ അയഞ്ഞ സമീപനമായിരുന്നു. കാഷ്വല്‍റ്റിക്കടുത്തുതന്നെയുള്ള ഔട്ട്പോസ്റ്റിലും പോലീസുകാരുണ്ടായിരുന്നു. അവരെക്കൊണ്ടും പ്രയോജനമൊന്നുമുണ്ടായില്ല.


പോലീസുകാര്‍ നോക്കിനില്‍ക്കുമ്പോള്‍ നടന്ന അരും കൊല എന്ന് ഡോ. വന്ദനയുടെ കൊലപാതകത്തെ വിശേഷിപ്പിക്കാം. അക്രമി ആദ്യം തിരിഞ്ഞത് സ്വന്തം ബന്ധുവിനു നേരെയാണ്. കീഴ്പെടുത്താനെത്തിയ എസ്ഐയെയും സന്ദീപ് കൈയിലിരുന്ന കത്രിക കൊണ്ട് കുത്തി. ഒഴിഞ്ഞുമാറിയ എസ്ഐ ഭാഗ്യംകൊണ്ടു രക്ഷപെട്ടു. മറ്റൊരു പോലീസുകാരന്‍ ലാത്തിയെടുക്കാന്‍ ജീപ്പിനടുത്തേക്കോടി.

ഇതിനിടയ്ക്ക് ഒറ്റപ്പെട്ടുപോയ ഡോ. വന്ദനയെ അക്രമിക്കാന്‍ പ്രതിക്ക് എളുപ്പമായിരുന്നു. ഡോ. മുഹമ്മദ് ഷിബിന്‍ എന്ന സഹപ്രവര്‍ത്തകനായ യുവ ഡോക്ടര്‍ മാത്രമാണ് വന്ദനയുടെ രക്ഷയ്ക്കെത്തിയത്. അക്രമിയെ തട്ടിമാറ്റി ഡോ. ഷിബിന്‍ വന്ദനയെ കോരിയെടുത്ത് തൊളത്തിട്ടപ്പോഴേയ്ക്ക് അക്രമി വീണ്ടും ശരീരത്തിന്‍റെ പിന്‍ഭാഗത്തു കുത്തുകയായിരുന്നു.

അശ്രദ്ധയുടെയും ജാഗ്രതക്കുറവിന്‍റെയും ഒരു പരമ്പരയാണ് ഇവിടെ കാണാന്‍ കഴിയുക. കേരളത്തിലെ ഏത് ആശുപത്രിയിലും ഏതു നേരത്തും ഇതുപോലെയുള്ള സംഭവങ്ങള്‍ ഉണ്ടാകാമെന്നതാണ് നിലവിലെ സ്ഥിതി. ഒരിടത്തും ഒന്നിനും ഒരു നിയന്ത്രണവുമില്ല. സുരക്ഷയ്ക്ക് പോലീസ് ഉണ്ടായിട്ടുപോലും കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സംഭവിച്ചത് കേരളം ഞെട്ടലോടെ കണ്ടു. അപ്പോള്‍പിന്നെ പോലീസോ സുരക്ഷാ ഉദ്യോഗസ്ഥരോ ഇല്ലാത്ത ആശുപത്രികളുടെ കാര്യമോ?

ആശുപത്രികളുടെ കാര്യത്തില്‍ മാത്രമല്ല റോഡപകടങ്ങളുടെയും ബോട്ടപകടങ്ങളുടെയുമൊക്കെ കാര്യം എടുത്തുനോക്കിയാല്‍ ഈ ജാഗ്രതക്കുറവു കാണാം. അതിനു നല്‍കുന്ന വിലയാകട്ടെ, ഏറെ വിലപ്പെട്ട മനുഷ്യജീവനും. ഡോ. വന്ദനാ ദാസിന്‍റേതുപോലെ.

എപ്പോഴും എവിടെയും സുരക്ഷ ഉറപ്പാക്കാന്‍ പോലീസാണു ശ്രദ്ധിക്കേണ്ടത്. പ്രത്യേകിച്ച് ആശുപത്രികളില്‍. എങ്കിലേ ഡോക്ടര്‍മാര്‍ക്ക് സ്വതന്ത്രമായി ചികിത്സ നടത്താന്‍ കഴിയൂ.

Advertisment