Advertisment

പാര്‍ലമെന്‍റ് മന്ദിരം ജനങ്ങളുടേതാണ്; ചടങ്ങ് ഉടനീളം മോദിമയം, ക്യാമറ എപ്പോഴും മോദിയില്‍ കേന്ദ്രീകരിച്ചു തന്നെ നിന്നു; കേന്ദ്ര സര്‍ക്കാരിന്‍റെ ഇത്തരം ചടങ്ങുകളൊക്കെയും സാധാരണ നരേനദ്രമോദിയെ കേന്ദ്രീകരിച്ചുതന്നെയാണ് നടക്കാറുള്ളത്. പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉല്‍ഘാടന ചടങ്ങും അങ്ങനെതന്നെയായി. എപ്പോഴും എവിടെയും നരേന്ദ്ര മോദി, മോദി മാത്രം; മുഖ പ്രസംഗത്തില്‍ ജേക്കബ്ബ് ജോര്‍ജ്ജ്‌

New Update

പുതിയ പാര്‍ലമെന്‍റ്  മന്ദിരത്തിന്‍റെ ഉല്‍ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ഗംഭീര സംഭവമാക്കി. നാദസ്വരത്തിന്‍റെയും വേദമന്ത്രങ്ങളുടെയും പശ്ചാത്തലത്തില്‍ പുരോഹിതന്മാരുടെ കൈയില്‍ നിന്ന് ചെങ്കോല്‍ ഏറ്റുവാങ്ങി പ്രധാനമന്ത്രി മോദി പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലേയ്ക്കു നടന്നു നീങ്ങി. ശേഷം ലോക്സഭയില്‍ സ്പീക്കറുടെ ഇരിപ്പിടത്തിനു വലതു വശത്ത് ചെങ്കോല്‍ സ്ഥാപിച്ച് പുഷ്പാര്‍ച്ചന നടത്തി.

Advertisment

publive-image

ചടങ്ങ് ഉടനീളം മോദിമയം എന്നുതന്നെ പറയാം. ക്യാമറ എപ്പോഴും മോദിയില്‍ കേന്ദ്രീകരിച്ചു തന്നെ നിന്നു. ശ്രുംഗേരി മഠത്തിലെ പുരോഹിതരുടെ കാര്‍മ്മികത്വത്തില്‍ നടന്ന ഗണപതിഹോമത്തോടെയായിരുന്നു തുടക്കം.


തമിഴ്‌നാട്ടിലെ വിവിധ മഠങ്ങളില്‍ നിന്നുള്ള പുരോഹിതന്മാരാണ് ചെങ്കോല്‍ പ്രധാനമന്ത്രിക്കു കൈമാറിയത്. പ്രധാനമന്ത്രി ചെങ്കോലിനു മുന്നില്‍ സ്രാഷ്ടാംഗം വീണു നമസ്കരിച്ചു. രാഹുല്‍ ഗാന്ധി പറഞ്ഞതു ശ്രദ്ധേയമാണ്. "പാര്‍ലമെന്‍റ് ജനങ്ങളുടെ ശബ്ദമാണ്. പക്ഷെ ഉല്‍ഘാടനച്ചടങ്ങിനെ പ്രധാനമന്ത്രി കാണുന്നത് കിരീടധാരണം പോലെയാണ്", രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍.


കേന്ദ്ര സര്‍ക്കാരിന്‍റെ ഇത്തരം ചടങ്ങുകളൊക്കെയും സാധാരണ നരേനദ്രമോദിയെ കേന്ദ്രീകരിച്ചുതന്നെയാണ് നടക്കാറുള്ളത്. പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉല്‍ഘാടന ചടങ്ങും അങ്ങനെതന്നെയായി. എപ്പോഴും എവിടെയും നരേന്ദ്ര മോദി. മോദി മാത്രം.

ഇതാണ് മോദി രാഷ്ട്രീയത്തിന്‍റെ പുത്തന്‍ ശൈലി. ഈ ശൈലിയില്‍ രാഷ്ട്രീയം പറയുന്നതും പ്രസംഗിക്കുന്നതുമൊന്നുമല്ല പ്രധാനം. നേതാവിന്‍റെ ചലനങ്ങളും നിപ്പും ഇരിപ്പും നടപ്പും നോട്ടവുമെല്ലാം നിശ്ചയിക്കുന്നത് പ്രതിഛായാ നിര്‍മിതിയില്‍ പ്രഗത്ഭരായ പ്രൊഫഷണലുകളാണ്. നേതാവാണു രാഷ്ട്രീയം. നേതാവാണു പ്രധാനം.

ഇമേജ്, ഇമേജ് ബില്‍ഡിങ്ങ് എന്നൊക്കെയുള്ള വാക്കുകള്‍ ഇപ്പറഞ്ഞ പുതിയ രാഷ്ട്രീയ ശൈലിയുടെ ഭാഗമാണ്. പ്രതിഛായ, പ്രതിഛായാ നിര്‍മ്മിതി എന്നാല്‍ ഒരു നേതാവിനെപ്പറ്റിയുള്ള പൊതുജനാഭിപ്രായം രൂപപ്പെടുത്തി, പരുവപ്പെടുത്തി എടുക്കുന്ന ശാസ്ത്രം എന്നര്‍ത്ഥം. നരേന്ദ്ര മോദി ഇതു പരീക്ഷിച്ചു വിജയം വരിച്ച നേതാവാണ്. നേതാവിനെ സാധാരണയിലും വലിയ ആകാരമുള്ള ഒരു വ്യക്തിത്വമായി ചിത്രീകരിക്കുക തന്നെയാണ് ഈ പുതിയ ശാസ്ത്രത്തിന്‍റെ ലക്ഷ്യം.

ഒരുദാഹരണം - ഈയിടെ പ്രധാനമന്ത്രി കൊച്ചി സന്ദര്‍ശിച്ചപ്പോള്‍ കണ്ട ഒരു കാര്യം. നാവികസേനാ വിമാനത്താവളത്തിലിറങ്ങിയ മോദി കാറില്‍ കയറി സേക്രഡ് ഹാര്‍ട്ട് കോളജിലേയ്ക്കു പാര്‍ട്ടി പരിപാടിക്കു പോകാന്‍ തിരിക്കുകയാണ്. റോഡിന്‍റെ ഇരുവശവും തിങ്ങി നിറഞ്ഞ് ആളുകള്‍ അദ്ദേഹത്തെ വരവേല്‍ക്കുന്നു. മെല്ലെ നീങ്ങുന്ന വാഹന വ്യൂഹം. മോദി പതിയെ കാറില്‍ നിന്നിറങ്ങുന്നു. ജനങ്ങള്‍ രണ്ടു വശത്തുനിന്നും മഞ്ഞ നിറമുള്ള പൂക്കള്‍ വാരിയെറിഞ്ഞ് പ്രധാനമന്ത്രിയെ വരവേല്‍ക്കുന്നു.

എല്ലാവരുടെ കൈയിലുമുണ്ട് പൂക്കള്‍. അതും മഞ്ഞനിറമുള്ള പൂക്കള്‍. അതെ മഞ്ഞ പൂക്കള്‍ മാത്രം. ടെലിവിഷന്‍ സ്ക്രീനില്‍ വര്‍ണപ്പകിട്ടേറിയ ഒരു സംഭവമായി മാറുകയാണിത്. എല്ലാം ഭംഗിയായിത്തന്നെ നടക്കുന്നു. അതും പ്രതിഛായാ വിദഗ്ദ്ധര്‍ നേരത്തെ തയ്യാറാക്കിയ പരിപാടികളനുസരിച്ച്. മോദിയെ ജനങ്ങളുടെ പ്രിയപ്പെട്ട നേതാവായി ചിത്രീകരിക്കുകയാണിവിടെ.


മുമ്പ് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ആളുകള്‍ വഴിയോരത്തു തടിച്ചുകൂടുമായിരുന്നു. അധികവും സ്കൂള്‍-കോളജ് വിദ്യാര്‍ത്ഥികള്‍. കുട്ടികള്‍ക്ക് ചാച്ചാ നെഹ്റുവായിരുന്നു അദ്ദേഹം. ജാതി മത ഭേദമില്ലാതെ ആളുകള്‍ തിങ്ങിക്കൂടുകയായിരുന്നു പതിവ്. നെഹ്റു എവിടെ പോയാലും. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കാലത്തും ഇങ്ങനെതന്നെയായിരുന്നു. വികാരപരമായ വരവേല്‍പ്പുകളായിരുന്നു എല്ലാം.


പാര്‍ലമെന്‍റിന്‍റെ പുതിയ മന്ദിരോല്‍ഘാടനം ഒരു പ്രധാന ചരിത്ര സംഭവം തന്നെയാണ്. ജനപ്രതിനിധികളെയും രാഷ്ട്രീയ കക്ഷികളെയുമെല്ലാം ചേര്‍ത്തു നിര്‍ത്തി വേണമായിരുന്നു അതിന്‍റെ ഉല്‍ഘാടനം നിര്‍വഹിക്കുവാന്‍.

ചടങ്ങ് ഉല്‍ഘാടനം ചെയ്യുന്നതു പ്രധാനമന്ത്രിയാണെന്നും ഇന്ത്യന്‍ രാഷ്ട്രപതിക്കുപോലും അവിടേയ്ക്കു ക്ഷണമില്ലെന്നുമറിഞ്ഞപ്പോള്‍ത്തന്നെ പ്രതിപക്ഷ കക്ഷികള്‍ ബഹിഷ്കരണം പ്രഖ്യാപിച്ചു. 22 പ്രതിപക്ഷ കക്ഷികളാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെയും ജനാധിപത്യത്തിന്‍റെയും ഏറ്റവും പ്രധാനപ്പെട്ട ഈ മുഹൂര്‍ത്തത്തിനു സാക്ഷ്യം വഹിക്കാതെ വിട്ടുനിന്നത്.

എല്ലാവരെയും ഉള്‍ക്കൊണ്ടു മുന്നോട്ടുപോവുക എന്നതു തന്നെയാണ് ജനാധിപത്യത്തിന്‍റെ ആത്യന്തികമായ തത്വം. കാരണം ജനങ്ങളുടേതാണ് പാര്‍ലമെന്‍റ്. ജനങ്ങളാണ് തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നത്. അധികാരം ജനങ്ങളുടേതാണ്. ജനങ്ങളുടേതു മാത്രം. ഏതെങ്കിലും നേതാവിന്‍റെയോ ഏതെങ്കിലും മതത്തിന്‍റെയോ വിശ്വാസാചാരങ്ങളുടേതോ അല്ല.

Advertisment