Advertisment

ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികളുടെ ഐക്യപ്രഖ്യാപനം. ഞങ്ങള്‍ ഐക്യപ്പെട്ടെന്ന് ഉറച്ച ശബ്ദത്തിൽ മമത. വലിയ പ്രതീക്ഷകള്‍ നൽകി രാഹുൽ ​ഗാന്ധിയും. ഐക്യപ്പെട്ടെങ്കിലും എക സിവില്‍ കോഡിൽ പ്രതിപക്ഷ കക്ഷികള്‍ക്കെല്ലാം യോജിച്ചൊരു നിലപാടില്ല. ഈ വിഷയത്തില്‍ ശിവസേനക്കും ആം ആത്‌മി പാര്‍ട്ടിക്കും തീരെ യോജിക്കാനുമാവില്ല. ബിജെപിയെ തുരത്താൻ പ്രതിപക്ഷത്തിന് ഐക്യമല്ലാതെ വഴിയില്ല! - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

വസാനം ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യത്തിന് ഒരു വലിയ നീക്കം. ബീഹാറിന്‍റെ തലസ്ഥാനമായ പറ്റ്നയില്‍ സംസ്ഥാന മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ വസതിയില്‍ ചേര്‍ന്ന പതിനേഴോളം പ്രമുഖ പ്രതിപക്ഷ കക്ഷികളുടെ യോഗം ബിജെപിക്കെതിരെ എന്തുവന്നാലും ഒന്നിച്ചു നില്‍ക്കാനുള്ള ധാരണയിലെത്തി.

ഇതുവരെ പരസ്പരം കാണാനോ മിണ്ടാനോ കൂട്ടാക്കാതിരുന്ന നേതാക്കള്‍ ഒരു മേശയ്ക്കു ചുറ്റുമിരുന്ന് തുറന്ന മനസോടെ കാര്യങ്ങള്‍ പറഞ്ഞു. അടുത്ത യോഗം ജൂലൈ ആദ്യം തന്നെ ഷിംലയില്‍ ചേരാനും അതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നേതൃത്വം വഹിക്കാനും ധാരണയാകുകയും ചെയ്തു.

പ്രതിപക്ഷത്തെ തലമൂത്ത നേതാക്കളൊക്കെയും പറ്റ്നയിലെത്തി. മല്ലികാര്‍ജുന്‍ ഖാര്‍ഗെ മാത്രമല്ല കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും സമ്മേളനത്തിനെത്തി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരിവന്ദ് കെജ്റിവാള്‍, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ എന്നിവരും കാലേകൂട്ടി സമ്മേളനത്തിനെത്തി. ആതിഥേയനായ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ചര്‍ച്ചയ്ക്കു നേതൃത്വം നല്‍കുകയും ചെയ്തു.

Opposition meet in Patna on June 23; Rahul, Mamata, Kejriwal, Stalin agree  to attend- The New Indian Express

"തങ്ങള്‍ ഐക്യപ്പെട്ടു കഴിഞ്ഞു. ഈ ഐക്യം മുന്നോട്ടു കൊണ്ടുപോകുകതന്നെ ചെയ്യും", മമതാ ബാനര്‍ജി ഉറച്ച ശബ്ദത്തില്‍ത്തന്നെ പറഞ്ഞു. ചരിത്രം ഇവിടെയാണാരംഭിച്ചതെന്നും ആ ചരിത്രം തിരുത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും പറ്റ്ന നഗരത്തിന്‍റെ ചരിത്രത്തിലേയ്ക്കു വിരല്‍ ചൂണ്ടി മമതാ ബാനര്‍ജി ഓര്‍മിപ്പിച്ചു. രാഹുല്‍ ഗാന്ധിയും മാധ്യമ പ്രവര്‍ത്തകരുമായി വലിയ പ്രതീക്ഷകള്‍ പങ്കുവെച്ചു.

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന മുതിര്‍ന്ന പ്രതിപക്ഷ നേതാക്കളൊക്കെയും യോഗത്തില്‍ പങ്കെടുത്തു. എന്‍സിപി നേതാവ് ശരത് യാദവ്, ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ, നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവ് ഉമര്‍ അബ്ദുള്ള, സിപിഎം നേതാവ് സീതാറാം യെച്ചൂരി, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവരും യോഗത്തില്‍ പങ്കെടുത്ത പ്രമുഖരില്‍ ഉള്‍പ്പെടുന്നു.

ബിജെപി ഭരണത്തില്‍ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ തന്നെയാണ് നേതക്കള്‍ക്കിടയില്‍ ഇത്രകണ്ട് ഐക്യം ഉണ്ടാകാന്‍ കാരണം. ഇതില്‍ ഏറ്റവും പ്രധാനം ഗവര്‍ണര്‍മാരെയും കേന്ദ്ര അന്വേഷണ ഏജന്‍സികളെയും ഉപയോഗിച്ചുകൊണ്ടു കേന്ദ്രം നടത്തുന്ന സമ്മര്‍ദ്ദങ്ങളാണ് ദല്‍ഹി മുന്‍ വിദ്യാഭ്യാസ മന്ത്രിയും ആം ആത്‌മി പാര്‍ട്ടിയുടെ പ്രമുഖ നേതാവുമായ മനീഷ് സിസോദിയ ഇഡിയുടെ അറസ്റ്റിനേതുടര്‍ന്ന് ജയിലില്‍ കഴിയുകയാണ്.

തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകള്‍ കെ. കവിതയെ ഡല്‍ഹി സര്‍ക്കാരിന്‍റെ വിദേശമദ്യ ബിസിനസ് സംബന്ധിച്ച് അന്വേഷണം നടത്തിയ ഇഡി ദിവസങ്ങളോളം ചോദ്യം ചെയ്തിരുന്നു.

പ്രതിപക്ഷ നിരയിലെ പല കക്ഷികളും പരസ്പരം പോരടിക്കുന്നവയാണെന്നതും കാണണം. ഡല്‍ഹിയിലും പഞ്ചാബിലും ആം ആത്‌മി പാര്‍ട്ടിയുടെ പ്രധാന ശത്രു കോണ്‍ഗ്രസ് തന്നെ. രണ്ടിടത്തും കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയാണ് ആം ആത്‌മി പാര്‍ട്ടി അധികാരത്തിലെത്തിയത്.

ആ ശത്രുത ഇപ്പോഴും നിലനില്‍ക്കുന്നു. ഡല്‍ഹി സര്‍ക്കാരിന്‍റെ അധികാരങ്ങള്‍ വെട്ടിക്കുറച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെതിരെ ശബ്ദമുയര്‍ത്തുന്ന ആം ആത്‌മി പാര്‍ട്ടിക്കു പിന്തുണ കൊടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടുമില്ല.


ഈ പ്രതിപക്ഷ യോഗം സംഘടിപ്പിച്ചതുതന്നെ ഓര്‍ഡിനന്‍സ് ഉള്‍പ്പെടെയുള്ള കേന്ദ്ര നടപടികളില്‍ പ്രതിഷേധിക്കാനായിരുന്നു താനും. എന്തായാലും അടുത്ത ലോക്സഭാ സമ്മേളനത്തിനു മുമ്പ് കോണ്‍ഗ്രസ് ഇതില്‍ ഒരു നിലപാടു സ്വീകരിക്കുമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അരവിന്ദ് കെജ്റിവാളിന് ഉറപ്പു നല്‍കിയിരിക്കുകയാണ്.


എക സിവില്‍ കോഡ് പോലെയുള്ള പല നീറുന്ന വിഷയങ്ങളിലും പ്രതിപക്ഷ കക്ഷികള്‍ക്കെല്ലാം യോജിച്ചൊരു നിലപാടു സ്വീകരിക്കാന്‍ വയ്യാത്ത സ്ഥിതിയുമുണ്ട്. ഈ വിഷയത്തില്‍ ശിവസേനയ്ക്ക് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുമായി യോജിക്കാനാവില്ല. ആം ആത്‌മി പാര്‍ട്ടിക്കും ഇതേ നിലപാടുതന്നെ.

ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയെ യോഗത്തിനു ക്ഷണിച്ചിരുന്ന ചന്ദ്രശേഖര റാവുവും പങ്കെടുത്തില്ല. ഇതൊക്കെയാണെങ്കിലും ഇതുവരെ പരസ്പരം സംശയത്തോടെ നോക്കിക്കൊണ്ടിരുന്ന പ്രധാന പ്രതിപക്ഷ കക്ഷികളും തലമൂത്ത നേതാക്കളും ഒരു മുറിയില്‍ കൂടിയിരുന്നു സംസാരിക്കാന്‍ തയ്യാറായിരിക്കുന്നു.

ഇനി വേണ്ടത് ഒരു പൊതു മിനിമം പരിപാടി ഉണ്ടാക്കുകയാണ്. ഷിംലയില്‍ ചേരുന്ന സമ്മേളനത്തോടെ ഐക്യ നീക്കം ഒരു ചുവടുകൂടെ മുന്നോട്ടുപോകുമെന്ന കാര്യം ഉറപ്പാണ്.

തങ്ങളുടെ നിലനില്‍പ്പു തന്നെ പ്രശ്നത്തിലായിരിക്കുന്നുവെന്നു പ്രതിപക്ഷം മനസിലാക്കയിരിക്കുന്നു. ഒന്നിച്ചു നിന്നാല്‍ ബിജെിയെ 2024 -ല്‍ തോല്‍പ്പിക്കാമെന്ന് അവര്‍ കണക്കുകൂട്ടുന്നു. അല്ലെങ്കില്‍ ഫലം വിനാശകരമായിരിക്കുമെന്ന സത്യം അവരെ തുറിച്ചു നോക്കുകയും ചെയ്യുന്നു.

Advertisment