Advertisment

അഞ്ച് വര്‍ഷത്തിനുള്ളില്‍ 11 ലക്ഷം കോടിയിലധികം രൂപയുടെ ഉത്പാദനം ലക്ഷ്യം; കേന്ദ്രസര്‍ക്കാരിനെ സമീപിച്ച് പ്രമുഖ വിദേശ കമ്പനികള്‍; 12 ലക്ഷത്തിലധികം തൊഴിലസരങ്ങള്‍ രാജ്യത്തുണ്ടാകുമെന്ന് രവിശങ്കര്‍ പ്രസാദ്‌

New Update

ന്യൂഡല്‍ഹി: രാജ്യത്തെ ഇലക്ട്രോണിക് നിര്‍മ്മാണരംഗത്തിന്റെ പുരോഗതിക്കായി കേന്ദ്ര സര്‍ക്കാരിന്റെ പ്രൊഡക്ഷന്‍ ലിങ്ക് ഇന്‍സെന്റീവ്‌സ് (പിഎല്‍ഐ) പദ്ധതി പ്രകാരം 11 ലക്ഷം കോടിയിലധികം രൂപയുടെ മൊബൈല്‍ ഡിവൈസുകളും അനുബന്ധ ഉപകരണങ്ങളും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നിര്‍മ്മിക്കാന്‍ വിവിധ കമ്പനികള്‍ നിര്‍ദ്ദേശം മുന്നോട്ടുവച്ചതായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. പെഗട്രോണ്‍, സാംസങ്, ലാവ, ഡിക്‌സണ്‍ എന്നീ കമ്പനികളാണ് ഇതിനായി സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

Advertisment

publive-image

പിഎല്‍ഐ പദ്ധതി പ്രകാരം 22 കമ്പനികള്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതില്‍ അന്താരാഷ്ട്ര ബ്രാന്‍ഡുകളായ സാംസങ്, ഫോക്‌സ്‌കോണ്‍ ഹോണ്‍ ഹായ്, റൈസിങ് സ്റ്റാര്‍, വിസ്ട്രണ്‍, പെഗട്രോണ്‍ എന്നീ കമ്പനികള്‍ ഉള്‍പ്പെടുന്നു. ഇതില്‍ സാംസങ്ങും റൈസിംഗ് സ്റ്റാറും ഒഴികെയുള്ള കമ്പനികള്‍ ആപ്പിള്‍ ഐഫോണുകളുടെ കരാര്‍ നിര്‍മ്മാതാക്കളാണ്.

ആഗോള മൊബൈല്‍ ഫോണ്‍ വില്‍പ്പന വരുമാനത്തിന്റെ ഏകദേശം 60 ശതമാനവും നേടുന്നത് ആപ്പിളും (37 %) സാംസങ്ങും (22 %) ചേര്‍ന്നാണ്. പിഎല്‍ഐ പദ്ധതി പ്രകാരം ഇരുകമ്പനികളുടെയും രാജ്യത്തെ ഉത്പാദന അടിത്തറ ശക്തിപ്പെടുമെന്ന് കരുതുന്നതായും മന്ത്രി വ്യക്തമാക്കി.

കമ്പനികള്‍ മന്ത്രാലയത്തിന് സമര്‍പ്പിച്ച പദ്ധതി പ്രകാരം 12 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ രാജ്യത്തുണ്ടാകുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ഇതില്‍ മൂന്ന് ലക്ഷം തൊഴിലവസരങ്ങള്‍ നേരിട്ടുള്ളതും 9 ലക്ഷം തൊഴിലവസരങ്ങള്‍ അല്ലാതെയുമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.

ആഭ്യന്തര മൂല്യ വര്‍ധനവ് (domestic value addition) മൊബൈല്‍ ഫോണുകളുടെ കാര്യത്തില്‍ നിലവിലെ 15-20 ശതമാനത്തില്‍ നിന്ന് 35-40 ശതമാനമായും ഇലക്ട്രോണിക് രംഗത്ത് 45-50 ശതമാനമായും വളരുമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

Advertisment