Advertisment

ദ കേരള സ്റ്റോറി പ്രദർശിപ്പിക്കുന്നതിൽ വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ

author-image
Gaana
New Update

publive-image

Advertisment

ചെന്നൈ: വിവാദ ചിത്രം ദ കേരള സ്റ്റോറി തമിഴ്നാട്ടിൽ പ്രദർശിപ്പിക്കുന്നതിൽ വിലക്കേ‍ർപ്പെടുത്തിയിട്ടില്ലെന്ന് തമിഴ്നാട് സ‍ർക്കാർ സുപ്രീം കോടതിയിൽ. സിനിമ കാണാന്‍ ആളില്ലാത്തതിനാലാണ് സിനിമ തീയേറ്ററുകളിൽ നിന്ന് പിൻവലിച്ചതെന്നും തമിഴ്നാട് വ്യക്തമാക്കി. തമിഴ്‌നാട്ടിൽ ചിത്രത്തിന് വിലക്ക് ഉണ്ടെന്ന് ആരോപിച്ച് ചിത്രത്തിൻ്റെ അണിയറ പ്രവ‍ർത്തകർ നൽകിയ ഹ‍ർജിയിലാണ് തമിഴ്നാട് സർക്കാരിൻ്റെ മറുപടി.

പൊതുജനങ്ങളിൽ നിന്ന് ആവേശകരമായ പ്രതികരണം ലഭിക്കാത്തതിനാൽ മെയ് 7 മുതൽ ചിത്രത്തിൻ്റെ പ്രദർശനം നിർത്തിവയ്ക്കാൻ ഉടമകൾ തീരുമാനിക്കുകയായിരുന്നു.റിലീസിന് മുൻപ് തന്നെ തീയേറ്ററുകൾക്കും മൾട്ടിപ്ലക്‌സുകൾക്കും ആവശ്യമായ സുരക്ഷ സംസ്ഥാനം ഒരുക്കിയിരുന്നെന്നാണ് തമിഴ്നാട് കോടതിയിൽ നൽകിയ വിശദീകരണം.

പ്രതിഷേധങ്ങൾക്കിടെ മെയ് 5 ന് തമിഴ്‌നാട്ടിലെ 19 മൾട്ടിപ്ലക്സുകളിൽ ചിത്രം റിലീസ് ചെയ്തിരുന്നു. എന്നാൽ ആവേശകരമായ രീതിയിലുള്ള പ്രേക്ഷക പ്രതികരണം ഇല്ലാത്തതിനാലാണ് മെയ് 7 മുതൽ പ്രദർശനം നിർത്തിവയ്ക്കാൻ തീരുമാനിച്ചത്.

റിലീസ് ചെയ്തതിന് ശേഷം ചിത്രത്തിനെതിരെ സംസ്ഥാനത്തുടനീളം വ്യാപക വിമർശങ്ങൾ ഉയർന്നിരുന്നുവെന്ന് സർക്കാർ കോടതിയെ അറിയിച്ചു.ജനങ്ങൾക്കിടയിൽ മുസ്ലിങ്ങൾക്കെതിരെ വിദ്വേഷം പരത്തുക എന്ന ഉദ്ദേശത്തോടെയാണ് ചിത്രം നിർമിച്ചിട്ടുള്ളത് എന്നാരോപിച്ച് ചില മുസ്ലിം സംഘടനകളും രംഗത്ത് വന്നിരുന്നു. തമിഴ്‌നാട്ടിൽ സിനിമയ്ക്ക് നിരോധനം ഉണ്ടെന്ന് നിർമാതാക്കൾ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സംസ്ഥാനം ആരോപിച്ചു. കേരള സ്റ്റോറി നിരോധിച്ചതിൽ ബംഗാൾ സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു.

Advertisment