Advertisment

സുബിയുടെ ആരോഗ്യനില ഗുരുതരമാക്കിയത് മഞ്ഞപ്പിത്തം കരളിനെ ബാധിച്ചത്; കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയാകാനിരിക്കെ ആരോഗ്യനില വഷളായി; അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടി സിനിമാലോകം

author-image
ഫിലിം ഡസ്ക്
Updated On
New Update

മിനിസ്‌ക്രീനിലും സിനിമകളിലും കോമഡി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് അന്തരിച്ച സുബി സുരേഷ്. കഴിഞ്ഞ രണ്ട് ആഴ്ചയിലധികമായി സുബി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായി. ഇതേ തുടർന്ന് ഇന്ന് രാവിലെയോടെയായിരുന്നു മരണം സംഭവിച്ചത്.

Advertisment

publive-image

മഞ്ഞപ്പിത്തം കരളിനെ ബാധിച്ചതാണ് സുബിയുടെ ആരോഗ്യനില ഗുരുതരമാക്കിയത്. കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയാകാനിരിക്കെയായിരുന്നു അപ്രതീക്ഷിത വിയോഗം. സുബി കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്കുള്ള ശ്രമം നടത്തിയിരുന്നുവെങ്കിലും നിയമതടസ്സങ്ങള്‍ ഏറെയായിരുന്നു. നടപടി ക്രമങ്ങള്‍ ഒടുവില്‍ പൂര്‍ത്തിയാക്കിയിരുന്നുവെങ്കിലും കരള്‍ മാറ്റിവയക്കല്‍ നടന്നില്ല.

മിമിക്രി പരിപാടികളിലൂടെയായായിരുന്നു സുബി ശ്രദ്ധേയയാത്. പിന്നീട് സ്‌റ്റേജ് ഷോകളിൽ സജീവമായി. നിരവധി സിനിമകളിലും സുബി ശ്രദ്ധേയമായ വേഷങ്ങൾ കൈാകാര്യം ചെയ്തിട്ടുണ്ട്. തസ്‌കര ലഹള, ഡ്രാമ, ഗൃഹനാഥൻ, കനക സിംഹാസനം, ഹാപ്പി ഹസ്ബന്റ്സ് എന്നിവയാണ് സുബി അഭിനയിച്ച സിനിമകൾ.

അച്ഛന്‍ സുരേഷ്, അമ്മ അംബിക, സഹോദരന്‍ എബി സുരേഷ് എന്നിവരായിരുന്നു സുബിയുടെ കുടുംബം. സുബി ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ തൃപ്പൂണിത്തുറ പുതിയകാവ് എന്ന സ്ഥലത്ത് ഒരു വീട് വച്ചു. മൂന്നു കിടപ്പുമുറികളുള്ള ഒറ്റ നില വീട്. അമ്മയ്ക്ക് അത്യാവശ്യം പൂന്തോട്ടവും പച്ചക്കറി കൃഷിയും ഉണ്ടായിരുന്നു. മുറ്റത്ത് ഒരു മുന്തിരിവള്ളി പടര്‍ത്തിയിരുന്നു. സമാധാനമുള്ള ഒരു കൊച്ചുവീട്.. പക്ഷേ ആ സന്തോഷം ഏറെക്കാലം നീണ്ടില്ല. ബിസിനസില്‍ ചെറിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോള്‍ അച്ഛന് ആറ്റുനോറ്റുണ്ടാക്കിയ വീട് വില്‍ക്കേണ്ടി വന്നു. അങ്ങനെ വീണ്ടും വാടക വീടുകളിലേക്ക് മാറി. സ്വന്തമായി ഒരു വീട് അന്നുമുതല്‍ സുബിയുടെ തീവ്രമായ ആഗ്രഹമായി മാറി. അതിനുവേണ്ടി അധ്വാനിക്കാന്‍ തുടങ്ങി.

തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലും എറണാകുളം സെന്റ്. തെരേസാസിലുമായിരുന്നു സുബിയുടെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസം. അമ്മ അത്യാവശ്യം കലാനിപുണതയുള്ള ആളാണ്. ആയിടയ്ക്ക് അമ്മ മകളെ നൃത്തം പഠിപ്പിക്കാന്‍ ചേര്‍ത്തു. ഇഷ്ടമുള്ള ഇനം തിരഞ്ഞെടുക്കാം. സുബി തിരഞ്ഞെടുത്തത് ബ്രേക്ക് ഡാന്‍സാണ്! അതിലൂടെയാണ് വേദികളിലേക്കുള്ള അരങ്ങേറ്റം. പിന്നെ മിനി സ്‌ക്രീനില്‍ കോമഡി പരിപാടികള്‍ ചെയ്തു. സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു. ഇപ്പോഴും സ്റ്റേജ് ഷോകള്‍ തന്നെയാണ് പ്രധാന തട്ടകം.

വരുമാനം പതിയെ കൂടിത്തുടങ്ങിയപ്പോള്‍ കൂടുതല്‍ വാടകയുള്ള വീടുകളിലേക്ക് മാറി. വരാപ്പുഴയില്‍ അഞ്ചു സെന്റ് സ്ഥലവും വീടും വാങ്ങി. നഗരത്തില്‍ തന്നെ, എന്നാല്‍ അതിന്റെ ബഹളങ്ങള്‍ ഒന്നും എത്താത്ത ഇടത്താണ് വീട്. സ്‌നേഹമുള്ള, എന്നാല്‍ മറ്റുള്ളവരുടെ സ്വകാര്യതയെ ബഹുമാനിക്കുന്ന അയല്‍ക്കാര്‍.

വീട്ടില്‍ ഉള്ളപ്പോള്‍ എല്ലാവരും ഒരുമിച്ചാണ് പാചകം. വെടിവട്ടമൊക്കെ പറഞ്ഞ് നല്ല രസമാണ്. വീടിന്റെ പുറംഭംഗിയേക്കാള്‍ അതില്‍ താമസിക്കുന്നവരുടെ മനസ്സിന്റെ യോജിപ്പാണ് വീടിനെ സ്വര്‍ഗവും നരകവുമാക്കി മാറ്റുന്നതെന്ന് സുബി അന്ന് പറഞ്ഞിരുന്നു.

ജീവിതത്തില്‍ സമാധാനം വേണമെന്നുള്ളതുകൊണ്ടാണ് അവിവാഹിതയായി തുടരുന്നതെന്ന് സുബി പറഞ്ഞിരുന്നു. പ്രേമവിവാഹമാണ് താന്‍ ആഗ്രഹിക്കുന്നത്. ഒരാളെ പ്രണയിച്ചിരുന്നു. പക്ഷേ വീട്ടുകാരുമായുള്ള ബന്ധം നഷ്ടപ്പെടുമെന്നുള്ളതുകൊണ്ട് അത് പരസ്പര സമ്മതത്തോടെ അവസാനിപ്പിക്കുകയായിരുന്നു. പിന്നീടൊരിക്കലും ഇഷ്ടപ്പെട്ട ഒരാളെ കണ്ടെത്താനായില്ല. അതുകൊണ്ടാണ് വിവാഹം കഴിക്കാത്തതെന്നും സുബി സുരേഷ് പറഞ്ഞിരുന്നു.

''ജീവിതത്തില്‍ സമാധാനം വേണമെന്നുള്ളതുകൊണ്ടാണ് അവിവാഹിതയായി തുടരുന്നത്. വിവാഹം കഴിച്ചാല്‍ സമാധാനം പോകും എന്നല്ല. എനിക്ക് പ്രേമവിവാഹത്തോടാണ് താല്‍പര്യം. ഒരു പ്രണയം ഉണ്ടായിരുന്നു. വീട്ടുകാര്‍ക്കെല്ലാം അറിയാവുന്ന ആളാണ്. അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയില്ല എന്ന് തോന്നിയപ്പോള്‍ പരസ്പര ധാരണയില്‍ പിരിയുകയായിരുന്നു.

ആദ്യം ഞാന്‍ തന്നെയാണ് അതു തിരിച്ചറിഞ്ഞത്. എന്റെ വീട്ടില്‍ കുറച്ചു സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. എന്റെ വരുമാനം കൊണ്ടാണ് ഞങ്ങള്‍ കഴിഞ്ഞിരുന്നത്. ആ സമയത്ത് ഞാന്‍ പ്രണയിക്കുന്ന ആള്‍ ചോദിച്ചത്, 'അമ്മ ചെറുപ്പമല്ലേ, അമ്മയ്ക്ക് എന്തെങ്കിലും ജോലിക്കു പൊയ്ക്കൂടേ, ഞാന്‍ വേണമെങ്കില്‍ ഒരു ജോലി ശരിയാക്കാം' എന്നാണ്. ഞാന്‍ ആലോചിച്ചപ്പോള്‍, എന്നെ വളരെ കഷ്ടപ്പെട്ടു വളര്‍ത്തിയതാണ് അമ്മ. ആ അമ്മ ഈ പ്രായത്തില്‍ ഒരു ജോലിക്കു പോയി അധ്വാനിച്ച് കൊണ്ടുവന്നിട്ട് എനിക്കു കഴിക്കേണ്ട ആവശ്യമില്ല. അന്നു തൊട്ട് ഞാന്‍ ആ ബന്ധത്തെക്കുറിച്ച് പുനരാലോചിക്കാന്‍ തുടങ്ങി.

അതൊരു ഡീപ് റിലേഷന്‍ ഒന്നും ആയിരുന്നില്ല. പുള്ളിക്കാരന്‍ പ്രൊപ്പോസ് ചെയ്തു, എനിക്ക് കൊള്ളാമെന്നു തോന്നി. നല്ല ഒരു ജോലിയും ഉണ്ടായിരുന്നു. വിവാഹം കഴിച്ചിരുന്നെങ്കില്‍ എന്നെ നന്നായി നോക്കിയേനെ. പക്ഷേ എന്റെ വീടുമായുള്ള ബന്ധം നഷ്ടപ്പെടുമായിരുന്നു. അടുത്താണെങ്കില്‍ ഇടയ്ക്ക് വന്നു കാണുകയെങ്കിലും ചെയ്യാം. എനിക്ക് അമ്മയെ വിട്ടിട്ടു നില്‍ക്കാന്‍ കഴിയില്ല. ആ ഒരു കാരണം കൊണ്ട് ഞങ്ങള്‍ പിരിയുകയായിരുന്നു. അന്ന് പ്രേമിക്കാന്‍ വീട്ടില്‍ ലൈസന്‍സൊന്നും തന്നിട്ടില്ലായിരുന്നു.

ഇപ്പോള്‍ വീട്ടുകാര്‍ പറയുന്നുണ്ട്, 'നിന്റെ വിവാഹം ഞങ്ങളുടെ സ്വപ്നമാണ്. നിനക്കിഷ്ടപ്പെട്ട ഒരാളെ തിരഞ്ഞെടുത്തോളൂ, ജാതിയും മതവും ഒന്നും പ്രശ്‌നമല്ല' എന്ന്. പക്ഷേ ലൈസന്‍സ് കിട്ടിയതില്‍ പിന്നെ എനിക്ക് പ്രേമം വരുന്നില്ല. എന്റെ പ്രേമത്തിന്റെ ക്ലച്ച് അടിച്ചുപോയെന്നു തോന്നുന്നു. പക്ഷേ വിധി എന്നൊന്നുണ്ട്, നാളെ ഒരാളെ കണ്ടെത്തിക്കൂടെന്നില്ല. ഒന്നുരണ്ടു പ്രൊപോസല്‍ വന്നിരുന്നു, പക്ഷേ എനിക്ക് ഒന്നും ഇഷ്പ്പെട്ടില്ല. കാരണം എനിക്ക് പ്രേമിച്ചു തന്നെ വിവാഹം കഴിക്കണം എന്നുണ്ട്.- സുബി പറഞ്ഞത് ഇങ്ങനെ.

Advertisment