Advertisment

ഗജ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തേക്ക്; നാഗപട്ടണം ജില്ലയില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

author-image
admin
New Update

Advertisment

ചെന്നൈ: മണിക്കൂറില്‍ നൂറിലേറെ കിലോമീറ്റര്‍ വേഗതയില്‍ ഗജ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തോട് അടുക്കുന്നു. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ തീരദേശ ജില്ലകളില്‍ നിരവധിപേരെ മാറ്റിപ്പാര്‍പ്പിച്ചു. ഏകദേശം പതിനായിരത്തിലധികം പേരെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് സര്‍ക്കാര്‍ മാറ്റിയത്.

ചുഴലിക്കാറ്റിനൊപ്പം കനത്ത മഴയ്ക്കും സാധ്യതയുണ്ട്. വ്യാഴാഴ്ച അര്‍ധരാത്രിയോടെ ഗജ തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയില്‍ കാറ്റ് എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

നാഗപട്ടണത്തിന് പുറമേ കടലൂര്‍, തഞ്ചാവൂര്‍, തിരുവാരൂര്‍, തൂത്തുക്കുടി, പുതുച്ചേരി എന്നിവിടങ്ങളിലാണ് കനത്ത മഴയ്ക്ക് സാധ്യതയുള്ളതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു .

ചുഴലിക്കാറ്റിനെ നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വിവിധയിടങ്ങളിലായി ആറായിരത്തിലധികം ദുരിതാശ്വാസക്യാമ്പുകള്‍ സജ്ജമാക്കി. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തകരും തയ്യാറാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് വ്യാഴാഴ്ചയും സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു. അണ്ണാ സര്‍വകലാശാല വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു.

ഏത് അടിയന്തരസാഹചര്യവും നേരിടാന്‍ എല്ലാ സംവിധാനങ്ങളും പൂര്‍ണ സജ്ജമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Advertisment